കുഞ്ഞ് ജനിച്ച സന്തോഷത്തിൽ പടക്കം പൊട്ടിച്ച് ആഘോഷം നടത്തിയ യുവാവ് അറസ്റ്റിൽ. ദുബായ് സ്വദേശിയായ യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. ആഘോഷത്തിൽ ഒപ്പമുണ്ടായിരുന്ന ഇയാളുടെ രണ്ട് സുഹൃത്തുക്കളും അറസ്റ്റിലായിട്ടുണ്ട്. പടക്കങ്ങൾ ഒളിപ്പിച്ചു വച്ചു എന്നാരോപിച്ചാണ് ഇവരുടെ അറസ്റ്റ്.
ദുബായ് ഊദ് അൽ മുത്തീനയിലാണ് സംഭവം. അച്ഛനായതിന്‍റെ സന്തോഷം പടക്കം പൊട്ടിച്ചും കരിമരുന്ന് പ്രയോഗം നടത്തിയുമാണ് യുവാവ് ആഘോഷിച്ചത്. ഇതിനിടെ തീ പടരുകയും അയൽപക്കത്തെ അഞ്ച് വീടുകളുടെ പൂമുഖവും അവിടെ നിർത്തിയിട്ടിരുന്ന വാഹനങ്ങളും അഗ്നിക്കിരയാവുകയുമായിരുന്നു. പിന്നാലെയാണ് യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്.
'ഊദ് അൾ മുത്തീന മേഖലയിൽ സ്ഫോടനമുണ്ടായി എന്ന റിപ്പോർട്ട് ഫയൽ ചെയ്യപ്പെട്ടിരുന്നു. പൊലീസും സിവിൽ ഡിഫൻസ് ടീമും ആംബുലൻസ് സേവനങ്ങളും ഉടൻ തന്നെ സ്ഥലത്തെത്തി' എന്നാണ് അൽ ഖ്വാസൈസ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അബ്ദുൾ ഹാലിം അൽ ഹഷ്മി അറിയിച്ചത്. തീ ഉടൻ തന്നെ അണയ്ക്കുകയും യുവാവിനെയും പടക്കങ്ങള്‍ ഒളിപ്പിക്കാൻ കൂട്ടുനിന്ന സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നു അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Also Read-
കണ്ണൂരിൽ സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ പരിക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകൻ മരിച്ചുവിവരം അറിഞ്ഞയുടൻ തന്നെ ദ്രുതഗതിയിൽ ഇടപെടൽ നടത്തിയ പൊലീസ് സംഘത്തെ പ്രശംസിച്ച ബ്രിഗേഡിയർ അവർ സാഹചര്യം വളരെ മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്തതാണ് അധികം അപകടം ഉണ്ടാകാതെയിരിക്കാൻ കാരണമായതെന്നാണ് വ്യക്തമാക്കിയത്.
സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ പടക്കം ഉപയോഗത്തിനെതിരെ ദുബായ് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഘോഷങ്ങൾക്കായി പടക്കങ്ങൾ ഉപയോഗിക്കരുതെന്നും അങ്ങനെ ഉപയോഗിച്ചാൽ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന് ഓർമ്മ വേണമെന്നുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പടക്കങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരെ കൂടി അപകടത്തിലാക്കുന്നവരെക്കുറിച്ച് വിവരം ലഭിച്ചാൽ, സമൂഹത്തെ സംരക്ഷിക്കാനും മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനും ഇക്കാര്യം എത്രയും വേഗം റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
സമാനമായ മറ്റൊരു സംഭവത്തിൽ ഇക്കഴിഞ്ഞ ഡിസംബറിലും ദുബായിൽ ഒരാൾ അറസ്റ്റിലായിരുന്നു. കുഞ്ഞിന്‍റെ ജനനം ആഘോഷിക്കുന്നതിനായി അപകടരമായി പടക്കം പൊട്ടിച്ചതിനാണ് ദുബായ് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തത്. റെസിഡൻഷ്യൽ ഏരിയയിൽ വച്ച് നടന്ന ആഘോഷത്തിൽ സമീപത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും ചെറിയ തോതിൽ കേടുപാടുകൾ വന്നതായി പരാതി ഉയർന്നിരുന്നു. ആഘോഷങ്ങളുടെ വീഡിയോയും വൈറലായതോടെയാണ് അറസ്റ്റ് ഉണ്ടായത്.
അപകടം ഉണ്ടാക്കുന്ന തരത്തിൽ പടക്കം ഉപയോഗിച്ചു എന്ന കുറ്റത്തിനാണ് നടപടിയെന്നായിരുന്നു പൊലീസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചത്. അറസ്റ്റിന്‍റെ പശ്ചാത്തലത്തിൽ ഇത്തരത്തിൽ പടക്കം ഉപയോഗത്തിനെതിരെ കർശന താക്കീതും പൊലീസ് നൽകിയിരുന്നു. 'അശ്രദ്ധമായ രീതിയിൽ പടക്കം ഉപയോഗിക്കുന്നത് അപകടസാധ്യതയുയർത്തുന്നതാണ്. ഇത് പൊള്ളലിനും ചിലപ്പോള്‍ വൈകല്യങ്ങൾക്കും ഇടയാക്കിയേക്കും. ചിലപ്പോൾ വൻ തീപിടിത്തത്തിന് തന്നെ കാരണമായേക്കും' എന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.