ദുബായ്: വാട്സാപ്പ് വഴി തുർക്കി സ്വദേശിയായ പൈലറ്റിനെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച നൈജീരിയൻ സംഘത്തിനെതിരെ ദുബായിൽ കേസ്. അമേരിക്കൻ യുവതിയാണെന്ന വ്യാജേന ഫോട്ടോകൾ അയച്ചുനൽകി പൈലറ്റിനെ വശീകരിച്ചശേഷമാണ് തട്ടിപ്പ് നടത്തിയത്. പരിചയം പ്രണയത്തിലേക്കു മാറിയതോടെ ഹോട്ടൽ മുറിയിലേക്കു വരുത്തിയശേഷമാണ് പൈലറ്റിനെ ആക്രമിച്ചത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പൈലറ്റിനെ നഗ്നനാക്കി മർദ്ദിച്ചു. അതിനുശേഷം ക്രെഡിറ്റ് കാർഡിലുണ്ടായിരുന്ന രണ്ടുലക്ഷത്തോളം രൂപ പിൻവലിക്കുകയും ചെയ്തു. ജൂൺ നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം.
പിന്നീട് ബുർ ദുബായ് പൊലീസ് സ്റ്റേഷനിലെത്തി പൈലറ്റായ 47കാരൻ നൽകിയ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. നൈജീരിയൻ സ്വദേശിയുടെ നേതൃത്വത്തിലുള്ള അക്രമി സംഘമാണ് പൈലറ്റിനെ തട്ടിപ്പിന് ഇരയാക്കിയത്.
അമേരിക്കൻ യുവതിയെന്ന് പരിചയപ്പെടുത്തി തന്നെ ഹോട്ടൽ മുറിയിലേക്കു ഡിന്നറിന് ക്ഷണിച്ചതുപ്രകാരമാണ് അവിടെ പോയതെന്ന് പൈലറ്റ് കോടതിയിൽ മൊഴി നൽകി. യുവതി ആവശ്യപ്പെട്ട പ്രകാരം താൻ ഹോട്ടലിലെത്തിയപ്പോൾ ഒരു സ്ത്രീയാണ് വാതിൽ തുറന്നത്. എന്നാൽ ഫോട്ടോയിൽ കണ്ട ആളല്ലായിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോൾ അവർ അകത്തുണ്ടെന്നാണ് വാതിൽ തുറന്ന സ്ത്രീ പറഞ്ഞത്. താൻ അകത്തു കടന്നയുടൻ വാതിൽ അടച്ചു. അതിനുശേഷം നാലു പുരുഷൻമാരും നാലു സ്ത്രീകളും ചേർന്ന് തന്നെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. അതിനുശേഷം തന്നെ നഗ്നനാക്കിയും മർദ്ദിച്ചു. ഇതിനിടെ തന്‍റെ കൈയിലുണ്ടായിരുന്ന ഫോണും ക്രെഡിറ്റ് കാർഡും അവർ പിടിച്ചുവാങ്ങിയതായും പൈലറ്റ് പറയുന്നു.
അതിനുശേഷം ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡ് കാട്ടി കാർഡിന്‍റെ പിൻ നമ്പർ ചോദിച്ച ഒരു സ്ത്രീ, തന്‍റെ അക്കൌണ്ടിൽനിന്ന് രണ്ടു ലക്ഷത്തോളം രൂപ പിൻവലിച്ചതായും പരാതിക്കാരൻ പറയുന്നു. അതിനുശേഷം തന്നെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടശേഷം അവർ പുറത്തേക്കുപോയി. ഈ സമയം അവിടെനിന്ന് രക്ഷപെട്ടു
ബുർ ദുബായ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
പ്രതികളെ നവംബർ 30 വരെ ദുബായ് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് കസ്റ്റഡിയിൽ വിട്ടു. ഇവർക്കെതിരായ കുറ്റം തെളിഞ്ഞാൽ, മൂന്നു വർഷം വരെ തടവും പിഴയും നാടുകടത്തലും ശിക്ഷയായി ലഭിക്കുമെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.