ദുബായ്: ന്യൂസിലൻഡും ഓസ്‌ട്രേലിയയും (Newzealand Vs Australia) തമ്മിലുള്ള ടി20 ലോകകപ്പിന്റെ (T20 World cup) ഫൈനലിന് മുന്നോടിയായി ദുബായിൽ (Dubai) ഭൂകമ്പം (Earthquake) അനുഭവപ്പെട്ടതായി റിപ്പോർട്ട്. ടി20 ലോകകപ്പിന്റെ കലാശപ്പോര് ഞായറാഴ്ച ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്നതിന് തൊട്ടുമ്പാണ് ഭൂചലനം അനുഭവപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം ദക്ഷിണ ഇറാനിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ഇതിന്‍റെ പ്രകമ്പനം ദുബായിൽ അനുഭവപ്പെട്ടിരിക്കാമെന്നാണ് സൂചന.
വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച്: “ഞായറാഴ്ച തെക്കൻ ഇറാൻ മേഖലയിലെ ബന്ദർ അബ്ബാസ് നഗരത്തിൽ നിന്ന് 47 കിലോമീറ്റർ (29 മൈൽ) അകലെ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) അറിയിച്ചു.
"ആദ്യം 6.1 എന്ന പ്രാഥമിക തീവ്രതയിൽ നിന്നും 10 കിലോമീറ്റർ (6.21 മൈൽ) മാറിയാണ് 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്," EMSC പറഞ്ഞു.
പ്രകൃതിക്ഷോഭത്തിന്റെ പ്രകമ്പനം അയൽരാജ്യങ്ങളിലും അനുഭവപ്പെട്ടു. ജുമൈറ ലേക്ക് ടവേഴ്‌സ്, നഹ്ദ, ദെയ്‌റ, ബർഷ, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, ഡിസ്‌കവറി ഗാർഡൻസ് തുടങ്ങിയ സ്ഥലങ്ങളിൽ ദുബായ് നിവാസികൾക്ക് ഏതാനും മിനിറ്റുകൾ അതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. അതേസമയം ദുബായ്ക്ക് പുറമെ ഷാർജ, അബുദാബി എന്നിവിടങ്ങളിലും ആളുകൾക്ക് ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്.
എന്നാൽ, ഞായറാഴ്ച ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്ന് ബ്രോഡ്കാസ്റ്റർമാർ അവരുടെ പ്രീ-മാച്ച് സംപ്രേക്ഷണം തുടരുമ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഈ വിഷയത്തിൽ ഒരു പ്രസ്താവനയും പുറത്തുവിട്ടില്ല.
അതേസമയം, യുഎഇയിലെയും ഒമാനിലെയും നാല് വേദികളിലായി 44 മത്സരങ്ങൾക്ക് ശേഷം, ഐസിസി പുരുഷ ടി20 ലോകകപ്പ് അതിന്റെ കലാശപ്പോരിലേക്ക് എത്തിയിരിക്കുകയാണ്. ഞായറാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ലോകകിരീടത്തിനായി മത്സരിക്കുന്നത് അയൽക്കാരായ ഓസ്‌ട്രേലിയയും ന്യൂസിലൻഡുമാണ്.
ആദ്യം T20 ലോകകപ്പ് കിരീടാണ് ഓസ്ട്രേലിയയും ന്യൂസിലാൻഡും ഇന്നത്തെ കലാശപ്പോരിൽ ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയ 2010ൽ രണ്ടാം സ്ഥാനം നേടിയിരുന്നു. അന്ന് ഇംഗ്ലണ്ടിനോടാണ് അവർ തോറ്റത്. 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന്റെ റീമാച്ച് പോലെ വീണ്ടുമൊരു ഓസീസ്-കീവീസ് പോരാട്ടമാണ് ക്രിക്കറ്റ് പ്രേമികൾക്ക് വിരുന്നായി എത്തുന്നത്. ന്യൂസിലാൻഡ് ഇതാദ്യമായാണ് ടി20 ലോകകപ്പ് ഫൈനലിൽ എത്തുന്നത്. നിലവിൽ ഏകദിന ലോകകപ്പിൽ റണ്ണേഴ്സ് അപ്പാണ് ന്യൂസിലാൻഡ് ടീം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.