ദുബായ്: വിദേശരാജ്യങ്ങളിൽനിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന നടപടികളുടെ ഭാഗമായി ഗൾഫിൽനിന്നുള്ള ആദ്യ രണ്ട് വിമാനങ്ങൾ കേരളത്തിലേക്ക് ആയിരിക്കും. ദുബായിലെ കോൺസുലേറ്റ് ജനറൽ പത്രകുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. വ്യാഴാഴ്ച ആണ് യുഎഇയിൽനിന്ന് രണ്ട് പ്രത്യേക വിമാനങ്ങൾ കേരളത്തിലേക്ക് തിരിക്കുക. അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട് എന്നിങ്ങനെയിരിക്കും ആദ്യ വിമാനങ്ങളുടെ റൂട്ട്.
യാത്രക്കാരെ അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും ചേർന്നാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രജിസ്റ്റർ ചെയ്തവരിൽനിന്നാണ് യാത്രക്കാരെ തെരഞ്ഞെടുക്കുന്നത്. വിവരം എംബസിയോ കോൺസുലേറ്റ് ജനറൽ ഓഫീസോ ഫോൺ മുഖാന്തരം യാത്രക്കാരെ അറിയിക്കും.
വിമാന ടിക്കറ്റ് നിരക്ക്, മറ്റ് യാത്രാവിവരങ്ങൾ, ഇന്ത്യയിലെത്തിയശേഷമുള്ള ക്വാറന്റൈൻ, വിമാനത്തിനുള്ളിൽവെച്ചുള്ള ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ യാത്രക്കാരെ അറിയിക്കും. ഇക്കാര്യങ്ങൾ അംഗീകരിക്കുന്നവരെ മാത്രമാണ് യാത്ര ചെയ്യാൻ അനുവദിക്കുന്നത്.
ആദ്യ വിമാനത്തിൽ മടങ്ങുന്നവരുടെ പട്ടിക യുഎഇയിലെ ഇന്ത്യൻ എംബസി തയ്യാറാക്കിയിട്ടുണ്ട്. എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് ആരോഗ്യപ്രശ്നങ്ങളുള്ളവർ, ഗർഭിണികൾ, പ്രായമായവർ, ടൂറിസ്റ്റ് വിസയിൽ എത്തി കുടുങ്ങിയവർ, ജോലി നഷ്ടപ്പെട്ടവർ, അടുത്ത ബന്ധുക്കൾ മരിച്ചവർ, ലേബർ ക്യാംപുകളിൽ കഴിയുന്നവർ എന്നിവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
മറ്റ് വിമാനങ്ങളുടെ സർവീസ്, റൂട്ട് എന്നിവ സംബന്ധിച്ച കാര്യങ്ങൾ വരുംദിവസങ്ങളിൽ അറിയിക്കുമെന്ന് എംബസിയും കോൺസുലേറ്റ് ജനറൽ ഓഫീസും അറിയിച്ചു. ഇതൊരു വലിയ ഉദ്യമമാണെന്നും എല്ലാവരും ക്ഷമ കാണിക്കണമെന്നും പത്രകുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്. ഇതുവരെ രണ്ടുലക്ഷം പേർ മടങ്ങിവരവിനായി എംബസിയിലും കോൺസുലേറ്റിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രവാസികളെയും വഹിച്ചുള്ള ആദ്യ വിമാനം ഏറ്റവുമധികം ഇന്ത്യക്കാരുള്ള യു.എ.ഇയിൽ നിന്നാണെന്ന സൂചന കഴിഞ്ഞദിവസം സർക്കാർ വൃത്തങ്ങൾ നൽകിയിരുന്നു. ഈയാഴ്ച തന്നെ സൗദി അറേബ്യ, ഖത്തർ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നും വിമാനങ്ങൾ ഇന്ത്യയിലേക്കെത്തും. അതിനു പിന്നാലെ യൂറോപ്പ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അകപ്പെട്ട ഇന്ത്യൻ പൗരൻമാരെയും നാട്ടിലെത്തിക്കും. ചാർട്ടേഡ് വിമാനങ്ങൾക്കു പുറമെ ഇന്ത്യൻ നാവിക സേനയുടെ കപ്പലുകളും പ്രവാസികളെ രാജ്യത്ത് മടക്കിയെത്തിക്കാൻ ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കപ്പലുകൾ യുഎഇയിലേക്കും മാലിയിലേക്കും തിരിച്ചു.
TRENDING:തൃശ്ശൂരിൽ രോഗിയെ കൊണ്ടുവരാൻ പോയ ആംബുലന്സ് അപകടത്തിൽപ്പെട്ടു: നഴ്സ് മരിച്ചു [NEWS]COVID 19 | യുഎഇയിൽ 24 മണിക്കൂറിനിടെ 11 മരണം; രോഗബാധിതർ 15000ത്തിലേക്ക് [PHOTO]പാകിസ്ഥാൻ എയർഫോഴ്സിലെ ആദ്യ ഹിന്ദു പൈലറ്റ്; ചരിത്രം കുറിച്ച് രാഹുൽ ദേവ് [NEWS]
ഗൾഫ് യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ എയർ ലിഫ്റ്റിംഗിനാണ് കേന്ദ്ര സർക്കാർ തയാറെടുക്കുന്നത്. സൗജന്യമായല്ല പ്രവാസികളെ നാട്ടിലെത്തിക്കാൻ ഉദ്ദേശിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് രോഗബാധിതരെ യാത്രക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തില്ല. ഇതിനായി യാത്രയ്ക്ക് മുൻപ് കോവിഡ് പരിശോധന നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ, ഏവിയേഷൻ മന്ത്രാലയങ്ങൾ നിഷ്ക്കർഷിച്ചിട്ടുള്ള മെഡിക്കൽ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമെ പ്രവാസികളെ നാട്ടിലെത്തിക്കൂ. നാട്ടിലെത്തുന്നവർ അതത് സംസ്ഥാനങ്ങളുടെ മേൽനോട്ടത്തിലുള്ള ക്വറന്റീൻ കേന്ദ്രങ്ങളിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.