നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • WhatsApp | വാട്സ്ആപ്പ് വഴി ജനന സർട്ടിഫിക്കറ്റ്: പുതിയ പദ്ധതിയുമായി യുഎഇ ആരോഗ്യമന്ത്രാലയം

  WhatsApp | വാട്സ്ആപ്പ് വഴി ജനന സർട്ടിഫിക്കറ്റ്: പുതിയ പദ്ധതിയുമായി യുഎഇ ആരോഗ്യമന്ത്രാലയം

  വാട്സ്ആപ്പ് വഴി ജനന സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്ന പദ്ധതി യുഎഇ ആരോഗ്യ മന്ത്രാലയം ആവിഷ്കരിച്ചു

  • Share this:
   യുഎഇയിൽ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും ജനന സർട്ടിഫിക്കറ്റുകൾ ഇനി എളുപ്പത്തിൽ നേടാം. വാട്സ്ആപ്പ് വഴി ജനന സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്ന പദ്ധതി യുഎഇ ആരോഗ്യ മന്ത്രാലയം ആവിഷ്കരിച്ചു. ആരോഗ്യ, പ്രതിരോധ മന്ത്രാലയം (MoAHP) ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഒക്ടോബർ 17ന് ആരംഭിച്ച ഗിറ്റെക്സ് ഗ്ലോബൽ 2021 സങ്കേതിക വാരത്തിൽ നിരവധി സ്മാർട്ട് സേവനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.

   യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ സേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് ജിറ്റെക്‌സ് സാങ്കേതിക വാരത്തിൽ പുതിയ വാട്ട്‌സ്ആപ്പ് സേവനത്തിന് തുടക്കം കുറിച്ചതെന്ന് ആരോഗ്യമന്ത്രാലയ അധികൃതർ പറഞ്ഞു.

   "നൂതന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സുഗമവും ലളിതവുമായ രീതി ഉപയോഗിച്ച് ഉപഭോക്തൃ അനുഭവം എളുപ്പമാക്കാനും പൊതുജനങ്ങളുമായി ആശയവിനിമയം മെച്ചപ്പെടുത്താനുമാണ് പുതിയ സേവനം ലക്ഷ്യമിടുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ സേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായി കൂടിയാണ് ഇങ്ങനെ ഒരു പദ്ധതി അവതരിപ്പിച്ചത്” ആരോഗ്യ മന്ത്രാലയം മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

   വാട്ട്‌സ്ആപ്പ് വഴി ജനന സർട്ടിഫിക്കറ്റുകൾ നൽകുന്ന സേവനം ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനും അവരുടെ ആവശ്യങ്ങൾ ഫലപ്രദമായും വേഗത്തിലും നിറവേറ്റുന്നതിനും സഹായിച്ചിട്ടുണ്ടെന്ന് ഐടി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ സമീർ അൽ ഖൗറി പറഞ്ഞു. വാട്സ്ആപ്പ് വഴിയുള്ള ചാറ്റ് സേവനത്തിലൂടെ ഉപഭോക്താക്കൾക്ക് മറ്റ് സേവനങ്ങളെക്കുറിച്ച് അന്വേഷിക്കാനും കഴിയുമെന്ന് അൽ ഖൗറി വ്യക്തമാക്കി.

   വെർച്വൽ അസിസ്റ്റന്റ് വഴിയാണ് അന്വേഷണങ്ങളോട് പ്രതികരിക്കുന്നത്. കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വെർച്വൽ അസിസ്റ്റന്റ് അന്വേഷണണങ്ങൾക്ക് മറുപടി നൽകും. അന്വേഷണങ്ങളെ അടിസ്ഥാനമാക്കി ആവശ്യങ്ങൾ മനസ്സിലാക്കാനും നിലവിലെ ഡാറ്റബേസിൽ പരിശോധന നടത്താനും സാധിക്കും.

   "ലഭ്യമായ ഡാറ്റ അനുസരിച്ച് ഉപഭോക്തൃ ആവശ്യങ്ങൾ വിശകലനം ചെയ്യാനും വിലയിരുത്താനും വെർച്വൽ അസിസ്റ്റന്റിന് കഴിയും, തുടർന്ന് അവരുടെ അന്വേഷണങ്ങൾക്ക് കൃത്യമായി ഉത്തരം നൽകാനും പ്രതികരിക്കാനും ആവശ്യമായ ഇടപാടുകൾ സൗകര്യപൂർവ്വം പൂർത്തിയാക്കാനും കഴിയും," സമീർ അൽ ഖൗറി പറഞ്ഞു. തുടർന്നും ഉപഭോക്താക്കൾക്ക് സേവനങ്ങൾ ഡിജിറ്റൽ ആക്കുന്നതിൻ്റെ ഭാഗമായി മന്ത്രാലയം നിരവധി ഓൺലൈൻ സേവനങ്ങളും സ്മാർട്ട് ആപ്ലിക്കേഷനുകളും രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നും അൽ ഖൗറി പറഞ്ഞു.

   വിവിധ മേഖലകളിൽ സമഗ്രവികസനം ലക്ഷ്യമിട്ട് 50 പദ്ധതികൾക്കാണ് ഞായറാഴ്ച തുടക്കമിട്ടത്. ഇതിൻ്റെ ഭാഗമായി ലോകത്ത് പുതിയൊരു വികസനയുഗത്തിന് തുടക്കമാകുകയാണെന്നും രാജ്യാന്തര നിക്ഷേപകർക്കും സാങ്കേതിക വിദഗ്ധർക്കും അതത് മേഖലകളിൽ മികവു പുലർത്തുന്നവർക്കും സുവർണാവസരങ്ങളൊരുക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചിരിന്നു.

   പൗരന്മാർക്കും താമസക്കാർക്കും മികച്ച ജീവിത സാഹചര്യങ്ങൾ ഉറപ്പുവരുത്തുമെന്നും സ്വന്തം വികസനഭാവിക്കു രൂപം നൽകി മുന്നേറുന്ന രാജ്യമാണ് യുഎഇയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റം അതിവേഗത്തിലാക്കുക, ഓരോ മേഖലയുടെയും വളർച്ച ഉറപ്പാക്കുകയും നടപടികൾ ഏകോപിപ്പിക്കുക, നിക്ഷേപകർ, മികച്ച ആശയങ്ങളുള്ളവർ, വിദ്യാഭ്യാസ-സാങ്കേതിക വിദഗ്ധർ തുടങ്ങിയവർക്ക് അവസരമൊരുക്കുക, നേരിട്ടുള്ള വിദേശ നിക്ഷേപം ഇരട്ടിയാക്കുക, യുഎഇയെ അവസരങ്ങളുടെ രാജ്യാന്തര ആസ്ഥാനമാക്കുക, ഡിജിറ്റൈസേഷൻ വിപുലമാക്കി കൂടുതൽ കർമപരിപാടികൾക്കു രൂപം നൽകുക, സാമൂഹിക വികസനപദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകുക, എന്നിങ്ങനെ വിവിധ തലങ്ങളിലായാണ് കർമ്മ പരിപാടികൾ സംഘടിപ്പിക്കുന്നത്.
   Published by:Karthika M
   First published:
   )}