Hajj 2020| ഹജ്ജ് കർമത്തിന് 160 രാജ്യക്കാർ; തീർത്ഥാടകരെ തെരഞ്ഞെടുത്തത് ഓൺലൈനിലൂടെ
Hajj 2020| ഹജ്ജ് കർമത്തിന് 160 രാജ്യക്കാർ; തീർത്ഥാടകരെ തെരഞ്ഞെടുത്തത് ഓൺലൈനിലൂടെ
തെരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകർ ഹജ്ജിനുമുമ്പായി ക്വറന്റീൻ പൂർത്തിയാക്കുന്നതിന് നിർദേശിച്ചിട്ടണ്ട്. ദുൽഹജ്ജ് മാസം നാലുമുതൽ എട്ടുവരെയുള്ള ദിവസങ്ങളിൽ മക്കയിലെ അവരുടെ മുറികളിൽ ക്വറന്റീനിൽ കഴിയുന്നതിനാണ് നിർദേശം.
ഈ വർഷത്തെ ഹജ്ജ് കർമത്തിന് 160 രാജ്യങ്ങളിൽനിന്നുള്ളവരെ തെരഞ്ഞെടുത്തു. സൗദിയിലെ ഹജ്ജ് ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മിഷാത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. തീർത്ഥാടകരെ തെരഞ്ഞെടുക്കുന്നതിൽ ആർക്കും ഒരു മുൻഗണനയും നൽകിയിട്ടില്ലെന്നും എല്ലാം മന്ത്രാലയം ഓൺലൈനിലൂടെയാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സൗദി ആരോഗ്യ മന്ത്രാലയം സ്വീകരിച്ച ആരോഗ്യമാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരുന്നു തെരഞ്ഞെടുപ്പ്.
ഹാജിമാർക്ക് പൂർണ സുരക്ഷിതത്വത്തോടെ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള എല്ലാ നടപടികളും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകർ ഹജ്ജിനുമുമ്പായി ഹോം ക്വറന്റീൻ പൂർത്തിയാക്കുന്നതിന് ഇലക്‌ട്രോണിക് ബാൻഡുകൾ ധരിക്കാൻ നിർദേശിച്ചിട്ടണ്ട്. ദുൽഹജ്ജ് മാസം നാലുമുതൽ എട്ടുവരെയുള്ള ദിവസങ്ങളിൽ മക്കയിലെ അവരുടെ മുറികളിൽ ക്വറന്റീനിൽ കഴിയുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹജ്ജ് കർമത്തിനുള്ള തെരഞ്ഞെടുപ്പിൽ യാതൊരു കൃത്രിമവും ഉണ്ടായിട്ടില്ലെന്നും എല്ലാം സുതാര്യമാണെന്നും തിരഞ്ഞെടുക്കപ്പെട്ട ഹജ്ജ് തീർഥാടകാരിൽ 70 ശതമാനവും സൗദിയിൽ താമസിക്കുന്ന വിദേശികളാണെന്നും ഹജ്ജ് ഉംറ വിഭാഗം മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബെൻതിനും വ്യക്തമാക്കി. ഈ വർഷത്തെ ഹജ്ജ് കർമത്തിൽ റോയൽ കോർട്ടിൽനിന്നോ സർക്കാർ വിഭാഗങ്ങളിൽനിന്നോ ഒരു ഉദ്യോഗസ്ഥനും ഉണ്ടാവില്ല. മൊത്തം തീർഥാടകാരിൽ 30 ശതമാനം മാത്രമേ സ്വദേശികൾ ഉള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
ഓരോ വർഷവും ശരാശരി 30 ലക്ഷം തീർത്ഥാടകർ ഹജ്ജ് കർമം പൂർത്തിയാക്കുന്ന സ്ഥാനത്ത് ഈ വർഷം പതിനായിരം തീർത്ഥാടകർ മാത്രമാണെത്തുന്നത്. ഹജ്ജിന്റെ മുന്നോടിയായി അറഫ, മിന, മുസ്ദലിഫ, മസ്ജിദുൽ ഹറാം, കല്ലേറ് കർമം നടത്തപ്പെടുന്ന ജമറാത്ത്, ഹാജിമാരുടെ ടെന്റുകൾ എന്നിവ പൂർണമായും അണുമുക്തമാക്കുന്ന ജോലികൾ പൂർത്തിയാക്കി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.