HOME » NEWS » Gulf » HAJJ 2021 SAUDI ARABIA WITH STRICT CONTROL OVER PILGRIMS AMIDST OF COVID PANDEMIC GH

ഹജ്ജ് തീർത്ഥാടനത്തിന് തുടക്കമാകുന്നു; കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കർശന നിയന്ത്രണവുമായി സൗദി

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഈ വർഷം സൗദി അറേബ്യയിൽ നിന്നുള്ള 60,000 തീർത്ഥാടകർക്ക് മാത്രമായി ഹജ്ജ് തീർത്ഥാടനം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

News18 Malayalam | news18-malayalam
Updated: July 17, 2021, 3:02 PM IST
ഹജ്ജ് തീർത്ഥാടനത്തിന് തുടക്കമാകുന്നു; കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കർശന നിയന്ത്രണവുമായി സൗദി
hajj 2021
  • Share this:
ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയിൽ നിന്നുള്ള മുസ്ലിം മതവിശ്വാസികൾ ജിദ്ദയിലേക്ക് യാത്ര ചെയ്യാൻ ആരംഭിച്ചു. കോവിഡ് മഹാമാരിയ്ക്ക് മുമ്പ് സാധാരണ ഗതിയിൽ ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് മതവിശ്വാസികളാണ് വർഷാവർഷം ഹജ്ജ് തീർത്ഥാടനത്തിനായി മക്കയിലേക്ക് എത്തിയിരുന്നത്. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഈ വർഷം സൗദി അറേബ്യയിൽ നിന്നുള്ള 60,000 തീർത്ഥാടകർക്ക് മാത്രമായി ഹജ്ജ് തീർത്ഥാടനം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

കോവിഡ് 19-നെതിരായ വാക്സിൻ സ്വീകരിച്ചവരും മാരകരോഗങ്ങളൊന്നും ഇല്ലാത്തവരും ആദ്യമായി ഹജ്ജ് തീർത്ഥാടനത്തിനെത്തുന്നവരുമായ, 18 വയസിനും 65 വയസിനും മദ്ധ്യേ പ്രായമുള്ളവർക്ക് മാത്രമാണ് ഇത്തവണ ഹജ്ജ് യാത്രയ്ക്ക് അനുമതി നൽകിയിട്ടുള്ളത്. കഴിഞ്ഞ വർഷം സൗദി അറേബ്യൻ പൗരന്മാരും ആ രാജ്യത്ത് താമസിക്കുന്നവരുമായ 10,000 പേർക്ക് മാത്രമായി ഹജ്ജ് തീർത്ഥാടനം പരിമിതപ്പെടുത്തിയിരുന്നു.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഈ വർഷവും അനുമതി നൽകിയിട്ടില്ല. തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും കഴിഞ്ഞ മാസം തീർത്ഥാടകർക്കുള്ള അപേക്ഷ ക്ഷണിച്ച് 24 മണിക്കൂറിനുള്ളിൽ 4,50,000 പേരാണ് ഹജ്ജ് തീർത്ഥാടനത്തിനുള്ള അനുമതിയ്ക്കായി അപേക്ഷ നൽകിയതെന്ന് സൗദി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഹജ്ജ് തീർത്ഥാടനത്തിന് എത്താത്തവരും ഇതുവരെ ഹജ്ജ് യാത്ര നടത്തിയിട്ടില്ലാത്ത 50 വയസിന് മുകളിൽ പ്രായമുള്ള വിശ്വാസികൾക്കുമാണ് മുൻഗണന നൽകിയതെന്നും മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഹജ്ജ് തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാസം ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നു. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം കോവിഡ് വ്യാപനത്തിന്റെ ഹോട്സ്പോട്ട് ആയി മാറുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഹജ്ജ് തീർത്ഥാടനത്തിനെത്തുന്ന വലിയ ജനക്കൂട്ടത്തെ ക്രമീകരിക്കുന്ന കാര്യത്തിൽ കഴിഞ്ഞ വർഷങ്ങളിൽ സൗദി അറേബ്യ മികച്ച പ്രവർത്തനമാണ് കാഴ്ച വെച്ചത്. തീർത്ഥാടന കാലത്ത് ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷങ്ങളിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. 2015-ൽ ഹജ്ജ് തീത്ഥാടനത്തിനെത്തിയ ആൾക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് 2,400 പേരാണ് മരണമടഞ്ഞത്. അതിന് മുമ്പ് 2006-ൽ മിനയിൽ സമാനമായി തിക്കിലും തിരക്കിലും പെട്ട് 330 ആളുകൾ മരിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ട്. എന്നാൽ, 2015നു ശേഷം അത്തരം അനിഷ്ടസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഈ വർഷം ജനക്കൂട്ടം വലിയ പ്രതിസന്ധി സൃഷ്ടിക്കില്ലെങ്കിലും ഹജ്ജ് തീർത്ഥാടനകാലത്ത് കോവിഡ് വ്യാപന നിരക്ക് നിയന്ത്രിച്ചു നിർത്താനുള്ള ശ്രമത്തിലാണ് സൗദി അധികൃതർ. അതിനാൽ ഫൈസർ, ആസ്‌ട്രാസെനെക്ക, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകളിൽ ഏതെങ്കിലുമൊന്ന് സ്വീകരിച്ചവർക്ക് മാത്രമാണ് ഇത്തവണ പ്രവേശനം അനുവദിച്ചിട്ടുള്ളത്. പുണ്യനഗരമായ മെക്കയിൽ എത്തുന്നതിന് മുമ്പ് തീർത്ഥാടകർ നിർബന്ധമായും കോവിഡ് പരിശോധനയ്ക്കും വിധേയമാകണം.
Published by: Sarath Mohanan
First published: July 17, 2021, 3:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories