HOME » NEWS » Gulf »

ഹണിമൂൺ ആഘോഷിക്കാൻ ഖത്തറിലെത്തിയ ഇന്ത്യൻ ദമ്പതികൾ ജയിലിലായി; വിനയായത് ബന്ധുവിന്‍റെ വിവാഹ സമ്മാനം

2019 ജൂലൈ ആറിനാണ് യുവതിയും ഭർത്താവും ഖത്തറിലേക്ക് പറന്നത്. വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെതന്നെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു...

News18 Malayalam | news18-malayalam
Updated: October 25, 2020, 5:34 PM IST
ഹണിമൂൺ ആഘോഷിക്കാൻ ഖത്തറിലെത്തിയ ഇന്ത്യൻ ദമ്പതികൾ ജയിലിലായി; വിനയായത് ബന്ധുവിന്‍റെ വിവാഹ സമ്മാനം
indian couple jailed in qatar
  • Share this:
വൈകി ലഭിച്ച വിവാഹം സമ്മാനം ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലെത്തിക്കുമെന്ന് ആ ദമ്പതികൾ അറിഞ്ഞില്ല. ഹണമൂണിനായി ഖത്തർ ടൂർ പാക്കേജ് സമ്മാനിച്ച ബന്ധുവാണ് ദമ്പതികളെ കുടുക്കിലാക്കിയത്. മുംബൈ സ്വദേശിനിയായ ഒനിബയും ഭർത്താവുമാണ് ഖത്തറിലെ ജയിലിലായത്. ടൂർ പാക്കേജായി ടിക്കറ്റ് സമ്മാനിച്ച ബന്ധു, ഖത്തറിലെ സുഹൃത്തിന് സമ്മാനിക്കാൻ നൽകിയ പൊതിയിൽ മയക്കുമരുന്ന് ആയിരുന്നു. നാലു കിലോഗ്രാം ഹാഷിഷ് ആയിരുന്നു ആ ലഗേജിൽ ഉണ്ടായിരുന്നത്. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ദമ്പതികൾ അറസ്റ്റിലായി.

2019 ജൂലൈ ആറിനാണ് മുംബൈയിൽനിന്ന് ഒനിബയും ഭർത്താവും ഖത്തറിലേക്ക് പറന്നത്. വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ലഗേജിൽ ഹാഷിഷ് ഉണ്ടെന്ന വിവരം നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു. മയക്കുമരുന്ന് കടത്തിന് ഒനിബയെയും ഭർത്താവ് ഷരീഖിനെയും ഖത്തറിലെ കോടതി ശിക്ഷിച്ചു. 10 വർഷം തടവും ഒരു കോടി രൂപ പിഴയുമായിരുന്നു ശിക്ഷ.

വിവാഹം കഴിഞ്ഞു ഗർഭിണിയായിരിക്കെയാണ് ഒനിബയ്ക്ക് ഉറ്റ ബന്ധു വിവാഹ സമ്മാനമായി ഖത്തറിലേക്കു പോകുന്നതിനുള്ള വിമാനടിക്കറ്റ് സമ്മാനിച്ചത്. മനസില്ലാ മനസോടെയുള്ള യാത്ര ഇങ്ങനെയൊരു കുരുക്കാകുമെന്ന് അവർ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. ഇവർ ജയിലിലായിട്ട് ഇപ്പോൾ ഒരു വർഷം പിന്നിടുന്നു. യുവ ദമ്പതികൾ ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തിയെന്ന കേസിൽ മുംബൈയിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ അന്വേഷണം ഒനിബയ്ക്കും ഭർത്താവിനും ജയിൽമോചിതരാകാമെന്ന പ്രതീക്ഷ നൽകുന്നുണ്ട്.

അന്വേഷണത്തിൽ യുവദമ്പതികൾ കുറ്റക്കാരല്ലെന്നും, ഉറ്റബന്ധുവായ തബസ്ലം എന്നയാൾ ഇവരെ ചതിച്ചതാണെന്നും നാർക്കോട്ടിക്സ് ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്. തബസ്ലം നേരത്തെയും മയക്കുമരുന്ന് കടത്തിയതിന് അറസ്റ്റിലായിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ തബസ്ലവും നിസാം കാരയും മയക്കുമരുന്ന് കേസിൽ അറസ്റ്റിലായത് കേസിൽ ഏറെ നിർണായകമായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് ഒനിബയുടെ കൈവശം മയക്കുമരുന്ന് നൽകിയ വിവരം പുറത്തായത്.

ഗർഭിണിയായിരുന്ന ഒനിബ ഖത്തർ ജയിലിൽവെച്ച് 2020 മാർച്ചിൽ ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഇതിനിടെ ഇവരുടെ ബന്ധുക്കൾ ഇടപെട്ട് ദമ്പതികളെ മോചിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒനിബയുടെ മാതാപിതാക്കൾ ഖത്തറിലെ ഇന്ത്യൻ എംബസിയെ നിരവധി തവണ സമീപിച്ചെങ്കിലും ജയിൽമോചനം സാധ്യമായില്ല. എന്നാൽ സംഭവത്തിൽ യുവദമ്പതികൾ നിരപരാധികളാണെന്ന വിവരം നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ എംബസി മുഖേന ഖത്തറിലെ ഭരണകൂടത്തെ അറിയിക്കാൻ ഒരുങ്ങുകയാണ്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അന്വേഷണ റിപ്പോർട്ട് ദമ്പതികളുടെ മോചനത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ഇവരുടെ ബന്ധുക്കൾ.
Published by: Anuraj GR
First published: October 25, 2020, 5:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories