ദുബായ്: മലയാളി യുവാവിനെ യു എ ഇയിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യു എ ഇ ഷാര്‍ജ അബു ഷഗാരയിലാണ് ഇടുക്കി നെടുങ്കണ്ടം കൂട്ടാര്‍ സ്വദേശി വിഷ്ണു വിജയനെ (25) ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബാര്‍ബര്‍ ഷോപ്പ് തൊഴിലാളിയാണ് മരിച്ച വിഷ്ണു വിജയന്. ശരീരമാസകലം മുറിവേറ്റ പാടുകളുണ്ട്. കവർച്ചയ്ക്കിടെയാണ് കൊലപാതകമെന്നാണ് സംശയം.
സംഭവത്തിന് പിന്നിൽ ആഫ്രിക്കന്‍ വംശജരാണെന്നാണ് സംശയം. ഷാര്‍ജ പോലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തിൽ ഊർജിതമായ അന്വേഷണം നടക്കുകയാണ്. പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെന്ന് സംശയിക്കുന്ന നാലു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഹൃദയസ്പർശിയായ മറ്റൊരു സംഭവത്തിൽ കോവിഡ് ബാധിച്ചു മരിച്ച അമ്മയുടെ ചിതാഭസ്മവുമായി ദുബായിൽനിന്ന് എത്തിയത് 11 മാസം പ്രായമുള്ള കുഞ്ഞ്. തിരുച്ചിറപ്പള്ളി രാജ്യാന്തര വിമാനത്താവളത്തിലാണ് അമ്മയുടെ ചിതാഭസ്മവുമായി മറ്റൊരു യാത്രക്കാരനൊപ്പം കുഞ്ഞിനെ അയച്ചത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്ക് സമീപത്തുള്ള കല്ലക്കുറിച്ച് സ്വദേശിയായ കുഞ്ഞിന്റെ അച്ഛൻ വേലവൻ, പ്രിയതമയെയും മകനെയും ഏറ്റുവാങ്ങുകയായിരുന്നു. നേരത്തെ ദുബായിലുണ്ടായിരുന്ന വേലവന്റെ സുഹൃത്തുക്കളാണ് ഇയാളുടെ ഭാര്യയുടെ ചിതാഭസ്മവും കുഞ്ഞിനെയും നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള ഒരുക്കങ്ങൾ ചെയ്തത്.
lso Read-
'ബെക്സ് കൃഷ്ണനെ രക്ഷിച്ചത് ശ്രദ്ധ നേടാനല്ല'; ജോലി വാഗ്ദാനം ചെയ്ത് യൂസഫലി
വേലവനും ഭാര്യ ഭാരതിയും നേരത്തെ യുഎഇയിൽ ഉണ്ടായിരുന്നു. ഇവർക്ക് മൂന്നു മക്കളായിരുന്നു. എന്നാൽ മൂത്ത മകൻ വൃക്ക രോഗത്തെ തുടർന്ന് മരിച്ചു. അസുഖബാധിതനായിരുന്ന കുട്ടിയുടെ ചികിത്സാച്ചെലവുകൾ ഈ കുടുംബത്തെ കടക്കെണിയിലാക്കി. ഇടയ്ക്ക് ജോലി നഷ്ടമായതോടെ ഇവർ നാട്ടിലേക്ക് മടങ്ങിയെത്തി. എന്നാൽ ഭാരതിക്ക് ദുബായിൽ ഒരു ജോലി ശരിയായതോടെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുമായി രണ്ടു മാസം മുമ്പ് ഇവർ ദുബായിലേക്ക് പോയി.
ദുബായിലെത്തി ജോലിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് കോവിഡ് ബാധിതയായി ഭാരതി ആശുപത്രിയിലാണ്. രോഗം മൂർച്ഛിച്ചതോടെ മെയ് 29ന് ഭാരതി മരിച്ചു. കോവിഡ് ബാധിച്ചു മരിച്ചതിനാൽ മൃതദേഹം നാട്ടിലെത്തിക്കാനായില്ല. തുടർന്ന് ദുബായിൽ തന്നെ ഭാരതിയുടെ സംസ്ക്കാരം നടത്തി. 11 വയസ് മാത്രം പ്രായമുള്ള ദേവേഷ് എന്ന കുഞ്ഞിന്റെ സംരക്ഷണം ദുബായിലുണ്ടായിരുന്ന, വേലവന്റെ സുഹൃത്തുക്കൾ ഏറ്റെടുത്തു. ഭാരതിയുടെ ചിതാഭസ്മവും കുഞ്ഞിനെയും നാട്ടിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് കാരണം അത് വൈകുകയായിരുന്നു.
ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി, കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ കുഞ്ഞിനെയും ചിതാഭസ്മവും കൊടുത്തുവിടുകയായിരുന്നു. തിരിച്ചിറപ്പിള്ളിയിലേക്കു പോയ സതീഷ് കുമാർ എന്ന യാത്രക്കാരന്റെയൊപ്പമാണ് കുഞ്ഞിനെ അയച്ചത്. പ്രിയതമയുടെ ചിതാഭസ്മവും പൊന്നോമനയെയും ഏറ്റുവാങ്ങാനായി വേലവൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെയോടെ എത്തിയ സതീഷ് കുമാർ ചിതാഭസ്മവും കുഞ്ഞിനെയും വേലവന് കൈമാറി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.