പാക്കിസ്ഥാൻ പൗരന്മാർക്ക് മേൽ ഏർപ്പെടുത്തിയ വിസ നിരോധനം കുവൈറ്റ് പിൻവലിക്കും. കുവൈറ്റ് വിദേശകാര്യ മന്ത്രി ഇസ്ലാമാബാദിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിന് മുന്നോടിയായാണ് ആഭ്യന്തര മന്ത്രി ഷെയ്ക്ക്റാഷിദ് അഹമ്മദ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
2011-ലാണ് പാകിസ്ഥാനെതിരെ ജോലി സംബന്ധമായ വിസ നിരോധിക്കാൻ കുവൈറ്റ് തീരുമാനിച്ചത്. കഴിഞ്ഞ കാല സർക്കാരുകൾ പല തവണ ശ്രമിച്ചെങ്കിലും ഈ നിയന്ത്രണങ്ങൾ പിൻവലിക്കാൻ കഴിഞ്ഞിരുന്നില്ല. 2017 മാർച്ചിൽ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് കുവൈത്ത് സന്ദർശിച്ച വേളയിൽ ഈ വിസ നിരോധനം പിൻവലിക്കുന്നതായി പ്രഖ്യാപനം ഉണ്ടായെങ്കിലും അത് നടപ്പിൽ വരുത്തിയില്ല. കോവിഡ് 19 സംബന്ധിച്ച നിയന്ത്രണങ്ങൾ പിൻവലിക്കുന്ന മുറയ്ക്ക് പാകിസ്ഥാൻ പൗരന്മാർക്ക് ജോലിയ്ക്കുള്ള വിസ അനുവദിച്ചു തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മാർച്ച് 18-19 തീയതികളിലായി കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ക്ക് ഡോ അഹമ്മദ്നാസർ അൽ മുഹമ്മദ് അൽ സബാഹ് പാക്കിസ്ഥാനിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന വേളയിലാവും ഈ തീരുമാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമെന്നാണ് സൂചന. വിദേശകാര്യ, ആരോഗ്യ, ആഭ്യന്തര, വ്യാപാര, വ്യവസായ മന്ത്രാലയങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും പാക് സന്ദർശനത്തിൽ അദ്ദേഹത്തെ അനുഗമിക്കും.
2020 നവംബറിൽ നൈജറിലെ നിയാമിയിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ ഒ ഐ സി കൗൺസിലിന്റെ 47-ാമത് സെഷന്റെ ഭാഗമായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഖുറേഷിയുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് കുവൈറ്റ് വിദേശകാര്യമന്ത്രിയുടെ പാകിസ്ഥാൻ സന്ദർശനം എന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമായി സഹകരിച്ച് പ്രവർത്തിക്കാൻ രണ്ട് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും തമ്മിൽ ധാരണയായി.
ഈ പരസ്പര ധാരണയുടെ തുടർച്ചയെന്നോണം കുവൈറ്റിലെ വിദേശകാര്യ സഹമന്ത്രി 2021 ജനുവരിയിൽ പാകിസ്ഥാൻ സന്ദർശിക്കുകയും വിദേശകാര്യ, ആഭ്യന്തര, മാനവ വിഭവശേഷി വികസന, സാമ്പത്തിക കാര്യ വകുപ്പുകളുമായി കൂടിയാലോചന നടത്തുകയും ചെയ്തിരുന്നു. ഒപ്പം ബോർഡ് ഓഫ് ഇൻവെസ്റ്റ്മെന്റുമായും ചർച്ച നടത്തി.
പാകിസ്ഥാൻ സന്ദർശനത്തിന്റെ ഭാഗമായി കുവൈറ്റ് വിദേശകാര്യമന്ത്രി ഖുറേഷിയുമായും മറ്റ് വിശിഷ്ട വ്യക്തികളുമായും ചർച്ച നടത്തും.
"കുവൈറ്റുമായുള്ള സഹോദര്യബന്ധത്തിന് പാക്കിസ്ഥാൻ വലിയ പ്രാധാന്യം നൽകുന്നു. വിവിധ മേഖലകളിൽ വളർന്നുകൊണ്ടിരിക്കുന്ന സഹകരണവും ഉന്നത തലത്തിലുള്ള സന്ദർശനങ്ങളും ഈ ഉഭയകക്ഷി ബന്ധത്തിന്റെ സൂചനയാണ്. മഹാമാരിയുടെ സമയത്ത് ഇരു രാജ്യങ്ങളും ആറീജിയ മേഖലയിലും ഭക്ഷ്യ സുരക്ഷാ മേഖലയിലും പരസ്പരം സഹകരിച്ചു പ്രവർത്തിച്ചു", വിദേശകര്യവക്താവായ ഷാഹിദ് ഹഫീസ് ചൌധരി ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാകാനും പരസ്പര സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുമൊക്കെ കുവൈറ്റ്വിദേശകാര്യ മന്ത്രിയുടെ സന്ദർശനം വഴി തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: Kuwait, Pakistan, Visa Ban, Foreign Ministry
കുവൈറ്റ്, പാകിസ്ഥാൻ, വിസ നിരോധനം, വിദേശകാര്യ മന്ത്രാലയം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.