• HOME
  • »
  • NEWS
  • »
  • gulf
  • »
  • 'ബെക്സ് കൃഷ്ണനെ രക്ഷിച്ചത് ശ്രദ്ധ നേടാനല്ല'; ജോലി വാഗ്ദാനം ചെയ്ത് യൂസഫലി

'ബെക്സ് കൃഷ്ണനെ രക്ഷിച്ചത് ശ്രദ്ധ നേടാനല്ല'; ജോലി വാഗ്ദാനം ചെയ്ത് യൂസഫലി

ഹെലികോപ്ടർ അപകടത്തിനുശേഷം ശ്രദ്ധ കിട്ടാൻ വേണ്ടി ചെയ്തതാണെന്ന് പലരും കരുതുന്നുണ്ട്. എന്നാൽ അങ്ങനയല്ല. ബെക്സ് കൃഷ്ണന്‍റെ മോചനത്തിനായി ഏറെക്കാലമായി താൻ ഉൾപ്പടെയുള്ളവർ ശ്രമിക്കുന്നുണ്ടെന്നും എം എ യൂസഫലി

Yousufali_Krishnan

Yousufali_Krishnan

  • Share this:
അബുദാബി: യുഎഇയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബെക്സ് കൃഷ്ണനെ രക്ഷിച്ചത് ശ്രദ്ധ നേടാനല്ലെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി. ബെക്സ് കൃഷ്ണന് ഗൾഫ് രാജ്യങ്ങളിൽ എവിടെയെങ്കിലും ജോലി നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്ടർ അപകടത്തിനുശേഷം ശ്രദ്ധ കിട്ടാൻ വേണ്ടി ചെയ്തതാണെന്ന് പലരും കരുതുന്നുണ്ട്. എന്നാൽ അങ്ങനയല്ല. ബെക്സ് കൃഷ്ണന്‍റെ മോചനത്തിനായി ഏറെക്കാലമായി താൻ ഉൾപ്പടെയുള്ളവർ ശ്രമിക്കുന്നുണ്ടെന്നും എം എ യൂസഫലി പറഞ്ഞു.

ഇക്കാര്യത്തിൽ നിരന്തര ചർച്ചകൾ നടന്നു വരികയായിരുന്നുവെന്ന് എം എ യൂസഫലി ചൂണ്ടിക്കാട്ടി. 'കഴിഞ്ഞ ജനുവരിയിലാണ് പണം കെട്ടിവച്ചത്. മനുഷ്യജീവന് പണമല്ല വലുത്. പണം കൊടുത്താലും രക്ഷപ്പെടാന്‍ സാധിക്കാത്ത എത്രയോ സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുന്നുണ്ട്. മനുഷ്യനാണ് മനുഷ്യനെ രക്ഷപ്പെടുത്തേണ്ടതെന്നാണ് ഞാന്‍ കരുതുന്നത്. ബെക്‌സ് കൃഷ്ണന്റെ കാര്യത്തില്‍ എംബസിയുടെ ഭാഗത്ത് നിന്ന് നല്ല സഹകരണം ഉണ്ടായി' -എം എ യൂസഫലി പറഞ്ഞു.

ബെക്സ് കൃഷ്ണൻ ജോലി ശരിയാക്കി കൊടുക്കുമെന്നും യൂസഫലി പറഞ്ഞു. ഇപ്പോൾ ജയിലിൽനിന്ന് വന്നതല്ലേയുള്ളു. ആറു മാസം കുടുംബത്തിനൊപ്പം കഴിയട്ടെ. അതിനുശേഷം ഗൾഫിൽ എവിടെയെങ്കിലും ജോലി ശരിയാക്കി കൊടുക്കാം. മരിച്ച സുഡാനി കുട്ടിയുടെ കുടുംബം ദിയ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. പണം വാങ്ങിയാല്‍ മകനെ തിരിച്ച്‌ കിട്ടുമോയെന്നായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍ ചോദിച്ചത്. അതുകൊണ്ട് അവരോട് ദീര്‍ഘമായി സംസാരിക്കേണ്ടി വന്നു. ബെക്‌സ് കൃഷ്ണന്റെ കുടുംബത്തെ കുറിച്ചൊക്കെ അവരോട് പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു. ദിയ അവരുടെ അവകാശമാണ്. നിരന്തരം ചര്‍ച്ച ചെയ്താണ് അവരുടെ തീരുമാനം മാറ്റിയത്,' എന്നും യൂസഫലി അറിയിച്ചു.

Also Read- എഞ്ചിൻ നിലച്ചിട്ടും മനോധൈര്യം കൈവിടാതെ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടറിന്‍റെ പൈലറ്റുമാർ

അതിനിടെ വ്യവസായി എം എ യൂസഫലിയുടെ ഇടപെടലിലൂടെ അബുദാബി ജയിലിൽ നിന്നും മോചിതനായ തൃശൂർ സ്വദേശി ബെക്സ് കൃഷ്ണൻ നാട്ടിലെത്തി. പുലർച്ചെ രണ്ട് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ബെക്സിനെ സ്വീകരിക്കാൻ കുടുംബം വിമാനത്താവളത്തിലെത്തിയിരുന്നു. വർഷങ്ങൾ നീണ്ട കരാഗൃഹവാസം, മരണത്തിൻ്റെ കാലൊച്ച കേട്ട ദിനരാത്രങ്ങൾ, ജീവിതത്തിൻ്റെ മുഴുവൻ കയ്പ്പുനീരും കുടിച്ച ബെക്സിന് അപ്രതീക്ഷിതമായിരുന്നു ജീവിതത്തിലേക്കുള്ള മടക്ക ടിക്കറ്റ്. ഭാര്യ വീണയും മകൻ അദ്വൈതും ബന്ധുക്കളും വിമാനത്താവളത്തിൽ കാത്തു നിന്നു.

സുഡാനി ബാലൻ അപകടത്തിൽപ്പെട്ട ശേഷം ഭയം മൂലം വാഹനം നിർത്താതെ പോയതാണ് വിനയായതെന്ന് ബെക്സ് കൃഷ്ണൻ.വധശിക്ഷയ്ക്ക് പര്യാപ്തമായ കുറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പായിരുന്നു. എം.എ.യൂസഫലിയോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും ഉടൻ നേരിൽ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബെക് സ് ന്യൂസ് 18 നോട് പറഞ്ഞു. വധശിക്ഷക്ക് വിധിക്കപ്പെട്ട് അബൂദാബി ജയിലിലായിരുന്ന തൃശൂർ നടവരമ്പ് സ്വദേശി ബെക്സ് കൃഷ്ണന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ഇടപെടലാണ് തുണയായത്.

Also Read-5 കിലോമീറ്റർ ദൂരത്തിന് ഹെലികോപ്ടർ; സ്വന്തമായുള്ളത് 2 വിമാനങ്ങളും ഹെലികോപ്ടറുകളും ആഡംബരക്കാറുകളും; തലനാരിഴയ്ക്ക് അപകടം ഒഴിവായ ആശ്വാസത്തിൽ എം.എ യൂസഫലി

9 വർഷം മുമ്പ് അബുദാബി മുസഫയില്‍ വെച്ചുണ്ടായ അപകടമാണ് ബെക്സിന്റെ ജീവിതം വഴി മാറ്റിയത്. ബെക്സ് ഓടിച്ച വാഹനമിടിച്ച് സുഡാന്‍ ബാലന്‍ മരിച്ചു. പിന്നെ അഴിക്കുള്ളിലായ ബെക്സിന് മരണക്കുരുക്കും വിധിക്കപ്പെട്ടു. ബെക്സിന്റെ മോചനത്തിനായി കുടുംബം പല ശ്രമങ്ങളും നടത്തി. ഇതിനിടെയാണ് ഇദ്ദേഹത്തിന്റെ ദുരിതമറിഞ്ഞ എം എ യൂസുഫലി വിഷയത്തിൽ ഇടപെടുന്നത്. അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളും ഒരു കോടി രൂപ ദയാധനം നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്തത്.
Published by:Anuraj GR
First published: