റിയാദ്: ഇഖാമ ഉൾപ്പടെയുള്ള ഔദ്യോഗിക രേഖകള്‍ നഷ്ടപ്പെട്ടതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുവാവ് റിയാദിൽ മരിച്ചു. നാട്ടില്‍ പോകാന്‍ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഔട്ട് പാസ് നേടി നില്‍ക്കുന്നതിനിടയിലാണ് തിരുവനന്തപുരം തുണ്ടത്തില്‍ സ്വദേശി പള്ളിച്ചവിള വീട്ടില്‍ ഷാഫി (41) മരിച്ചത്.
ശാരീരിക വിഷമതകള്‍ കാരണം മന്‍ഫുഅയിലെ അല്‍ഈമാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഷാഫി നാട്ടിൽ പോയിട്ട് നാലു വർഷത്തോളമായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ നാട്ടിലേക്കു മടങ്ങാൻ ശ്രമിച്ചെങ്കിലും കോവിഡ് മൂലമുള്ള ലോക്ക്ഡൌൺ കാരണം നടന്നില്ല.
ഇതിനിടെ ഇഖാമ ഉള്‍പ്പെടെ ഔദ്യോഗിക രേഖകള്‍ നഷ്ടമായതോടെ ഷാഫി നിയമപ്രശ്നത്തിൽ അകപ്പെട്ടിരുന്നു. ഒടുവിൽ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഔട്ട്പാസ് വാങ്ങി തര്‍ഹീലില്‍ നിന്ന് എക്സിറ്റ് നേടി നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെയാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അല്‍ഈമാന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. അവിടെവെച്ചാണ് മരണം സംഭവിച്ചത്.
അഹമ്മദ് കുഞ്ഞു പിതാവും കുല്‍സം ബീവി മാതാവുമാണ്. ഭാര്യ: സുമി. മൃതദേഹം റിയാദില്‍ ഖബറടക്കാന്‍ നടപടിക്രമങ്ങൾ റിയാദിലെ പ്രവാസി സംഘടനയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.