നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • കുവൈറ്റിൽ കവർച്ചയ്ക്ക് ഇരയായി പരാതി നൽകാൻ പോയ മലയാളി മരിച്ച നിലയിൽ

  കുവൈറ്റിൽ കവർച്ചയ്ക്ക് ഇരയായി പരാതി നൽകാൻ പോയ മലയാളി മരിച്ച നിലയിൽ

  വാഹനത്തില്‍ സാധനങ്ങള്‍ കയറ്റി കച്ചവടം നടത്തുന്ന റസാഖിനെ കഴിഞ്ഞ ദിവസം പകൽ സമയത്ത് ഹസാവി പ്രദേശത്തുവെച്ച് ഒരു സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു

  Rasaq_Kuwait

  Rasaq_Kuwait

  • Share this:
   കുവൈത്ത് സിറ്റി: കുവൈത്തില്‍ കവര്‍ച്ചയ്ക്കിരയായി പരാതി നല്‍കാന്‍ വീട്ടില്‍ നിന്നു പോലീസ് സ്റ്റേഷനിലേക്ക് പോയ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കുവൈറ്റിലെ അബ്ബാസിയയിലാണ് തൃശൂര്‍ ചാവക്കാട് സ്വദേശി ആരാച്ചാം വീട്ടില്‍ മുഹമ്മദ് റസാഖിനെ(60) മരിച്ച നിലയിൽ കണ്ടെത്തിയത്.

   വാഹനത്തില്‍ സാധനങ്ങള്‍ കയറ്റി കച്ചവടം നടത്തുന്ന റസാഖിനെ കഴിഞ്ഞ ദിവസം പകൽ സമയത്ത് ഹസാവി പ്രദേശത്തുവെച്ച് ഒരു സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു. റസാഖിന്‍റെ കൈവശം ഉണ്ടായിരുന്ന 2000 ദിനാര്‍ പിടിച്ചുപറിക്കുകയും ചെയ്തിരുന്നു. വിവരം സ്‌പോണ്‍സറെയും സഹ താമസക്കാരനെയും അറിയിച്ച ശേഷം പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയ റസാഖിനെകുറിച്ച് പിന്നെ ഒരു വിവരവും ഇല്ലായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതോടെയാണ് ഒപ്പം താമസിച്ചിരുന്നവർ അന്വേഷിക്കാൻ തുടങ്ങിയത്.

   റസാഖിന്‍റെ മൊബൈലിലേക്ക് ഒപ്പം താമസിക്കുന്നവർ നിരന്തരം വിളിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതേത്തുടര്‍ന്ന് കൂടെ താമസക്കുന്നവര്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് റസാഖ് മരണപ്പെട്ടതായി വിവരം ലഭിച്ചത്. മൃതദേഹം ഫര്‍വ്വാനിയ ദജീജ് മോര്‍ച്ചറിയിലുണ്ടെന്ന് വിവരം ലഭിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അബ്ബാസിയ ടെലി കമ്മ്യൂണിക്കേഷന്‍ കെട്ടിടത്തിനു പിന്നില്‍ നിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയ വിവരം പോലിസ് സ്‌പോണ്‍സറെ അറിയിച്ചത്.

   എന്നാല്‍ റസാഖിന്‍റെ വാഹനവും അതിലുണ്ടായിരുന്ന 17000 ദിനാറിന്റെ കച്ചവട സാധനങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല. ജിലീബ് കുറ്റാന്വേഷണ വിഭാഗം കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഷീജയാണു റസാക്കിന്റെ ഭാര്യ. മൂന്നു മക്കളുണ്ട്.

   ഇക്കഴിഞ്ഞ ഏപ്രിലിൽ വൻ കവർച്ചാശ്രമം തടഞ്ഞ മലയാളി യുവാവ് യുഎഇയിൽ താരമായി മാറിയിരുന്നു. 80 ലക്ഷത്തോളം രൂപ തട്ടിയെടുത്തു ഓടിയ മോഷ്ടാവിനെ കാൽ വെച്ച് വീഴ്ത്തിയ വടകര സ്വദേശി ജാഫറാണ് ഒറ്റ ദിവസം കൊണ്ട് ഹീറോയായി മാറിയത്. വടകര വളളിയോട് പാറപ്പുറത്ത് ജാഫറിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് ദുബായിൽ 30കാരനായ യുവാവിന് വലിയൊരു നഷ്ടം ഇല്ലാതാക്കിയത്.

   ദുബായ് ബനിയാ സ്‌ക്വയര്‍ ലാന്‍ഡ് മാര്‍ക് ഹോട്ടലിന് സമീപമുളള ഗിഫ്റ്റ് ഷോപ്പിന് സമീപത്ത് കഴിഞ്ഞദിവസമാണ് സംഭവം. ജോലി തേടി വിസിറ്റിംഗ് വിസയില്‍ ഗള്‍ഫിലെത്തിയതായിരുന്നു ജാഫര്‍. ജോലി അന്വേഷണം തുടരുന്നതിനിടെ ബന്ധുവിന്റെ ജ്യൂസ് കടയില്‍ സഹായിയായി നിൽക്കുകയായിരുന്നു അദ്ദേഹം. അതിനിടെയാണ് തൊട്ടടുത്തുണ്ടായിരുന്ന ബന്ധു നജീബ് തൊടുവയില്‍ 'കളളന്‍… കളളന്‍ പിടിച്ചോ' എന്ന് അലറി വിളിച്ചത്. കടയ്ക്ക് അകത്തായിരുന്ന ജഫര്‍, നജീബിന്‍റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഉടന്‍ പുറത്തേക്ക് ചാടിയിറങ്ങി. ഈ സമയം കടയുടെ ഇടതു വശത്തു നിന്ന് നല്ല വേഗത്തിൽ ഓടി വരുന്ന ഒരാളെയാണ് ജാഫർ കണ്ടത്. അപ്പോഴും നജീബ് കള്ളൻ കള്ളൻ എന്നു അലറി വിളിക്കുന്നുണ്ടായിരുന്നു. ഇതു കേട്ട ജാഫർ മറ്റൊന്നും നോക്കാതെ ഓടി വരുകയായിരുന്ന ആളെ കാൽ കുറുകെ വെച്ച് വീഴ്ത്തുകയായിരുന്നു.

   ജാഫറിന്‍റെ ചടുലഗതിയിലുള്ള നീക്കം കള്ളം ഒട്ടും പ്രതീക്ഷിച്ചില്ല. ചാടി എഴുന്നേറ്റ് വീണ്ടും ഓടാൻ ശ്രമിച്ച കള്ളനെ ജാഫർ വട്ടം പിടിച്ചു. ഇതിനിടെ പിന്നാലെ ഓടിയെത്തിയവർ ചേർന്ന് കള്ളനെ പിടികൂടുകയായിരുന്നു. പിടികൂടിയ മോഷ്ടാവിനെ പിന്നീട് ദുബായ് പൊലീസിന് കൈമാറി. ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേ,ണം ആരംഭിച്ചു. ജാഫറിന്‍‌റെ ഉൾപ്പടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

   You May Also Like- ഇലക്ട്രിക് കാർ സമ്മാനം; പൊലീസ് വാഹനത്തിൽ റൈഡ്; രോഗബാധിതനായ 4 വയസുകാരന്‍റെ ആഗ്രഹം സാധിച്ച് അബുദാബി പൊലീസ്

   ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ ഇന്ത്യക്കാരനായ യുവാവിന്‍റെ പണമാണ് മോഷ്ടാവ് തട്ടിയെടുത്ത് ഓടാൻ ശ്രമിച്ചത്. കവർച്ച ജാഫറിന്‍റെ ബന്ധു കൂടിയായ നജീബ് കണ്ടതാണ് വഴിത്തിരിവായത്. ഇതിനിടെ ജാഫറിന്‍റെ അവസരോചിത ഇടപെടൽ മോഷണ ശ്രമം തടയുകയും ചെയ്തു. ഇപ്പോൾ ഗൾഫ് മലയാളികൾക്കിടയിൽ ഹീറോ ആയിരിക്കുകയാണ് ജാഫർ. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ജാഫർ താരമായി കഴിഞ്ഞു. ചില മലയാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ ജാഫറിന് സ്വീകരണം നൽകാനുള്ള തയ്യാറെടുപ്പുകളും തുടങ്ങി കഴിഞ്ഞു.
   Published by:Anuraj GR
   First published: