News18 MalayalamNews18 Malayalam
|
news18-malayalam
Updated: March 3, 2021, 7:32 PM IST
mubashira
റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം തിരൂരങ്ങാടി സ്വദേശി എം.വി റാഷിദിന്റെ ഭാര്യ മുബഷിറയെ (24) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജിദ്ദ ശറഫിയ ബാഗ്ദാദിയ സിറ്റി മാക്സിന് പിന്നിലെ ഫ്ലാറ്റിനുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ മുബഷിറയുടെ മൃതദേഹം കണ്ടെത്തിയത്.
ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന യുവതിയെയാണ് ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മുബഷിറയുടെ മൃതദേഹം കണ്ടെത്തുന്നത്. ഭർത്താവും മക്കളും ഫ്ലാറ്റിലെ മറ്റൊരു മുറിയിൽ ഉള്ളപ്പോഴാണ് സംഭവം നടന്നത്. മുറിയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം വിളിച്ചെങ്കിലും വാതിൽ തുറക്കാതായതോടെ സംശയം തോന്നിയ റാഷിദ്, പൂട്ടു തകർത്തു നോക്കിയപ്പോഴാണ് മുബഷിറയുടെ മൃതദേഹം കണ്ടെത്തിയത്.
വിസിറ്റ് വിസയിലാണ് യുവതിയും, അഞ്ചും മൂന്നരയും വയസുള്ള രണ്ട് മക്കളും അടുത്തിടെ സൗദിയിലെത്തിയത്. ജിദ്ദയിലെ ഒരു ബേക്കറിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു മുബഷിറയുടെ ഭർത്താവ് റാഷിദ്. ഇവർക്ക് അഞ്ചു വയസ് പ്രായമുള്ള ഒരു പെൺകുട്ടിയും (ഇസ്ല) നാലു മാസം പ്രായമുള്ള ഒരു ആൺകുട്ടിയും ഉണ്ട്. ഹംസ അരീക്കൻ ആണ് മുബഷീറയുടെ പിതാവ്. എ. ടി ഷംഷാദാണ് മാതാവ്.
സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ ഭർത്താവിൽനിന്ന് പ്രാഥമിക മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉൾപ്പടെ ലഭിക്കുന്നതോടെ കൂടുതൽ അന്വേഷണത്തിലേക്ക് പൊലീസ് കടക്കും. മുബഷീറയുടെ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
You May Also Like-
ഭാര്യ അതിർത്തി കടന്നു; ഭർത്താവിന് 3 ലക്ഷം രൂപയോളം പിഴ; മലയാളി ദമ്പതികളെ ചതിച്ചത് സിം കാർഡ്
മുബഷീറയുടെ മൃതദേഹം ജിദ്ദയിലെ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം നാട്ടിലേക്കു കൊണ്ടു വരുന്ന കാര്യം തീരുമാനിക്കുകയുള്ളു. മലയാളികളായ പ്രവാസി സംഘടനാ ഭാരവാഹികൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. നടപടി ക്രമങ്ങൾ വേഗത്തിലാക്കാനുള്ള ഇടപെടലുകൾ നടത്തി വരുന്നതായി അവർ അറിയിച്ചു.
കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ റിയാദ് - ജിദ്ദ പാതയില്‍ ത്വായിഫിന് സമീപം ഉണ്ടായ വാഹന അപകടത്തില്‍ രണ്ടു മലയാളി നഴ്സുമാര്‍ മരിച്ചു. ഇവരെ കൂടാതെ ഒരാൾ കൂടി അപകടത്തിൽ മരിച്ചു. കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള നഴ്സുമാരാണ് അപകടത്തിൽ മരിച്ചത്. കൊല്ലം, ആയൂര്‍ സ്വദേശി സുബി (33) കോട്ടയം, വൈക്കം, വഞ്ചിയൂര്‍ സ്വദേശി അഖില (29) എന്നിവരാണ് മരിച്ച മലയാളി നഴ്സുമാര്‍. അപകടത്തിൽ അഞ്ചു പേർക്കു പരിക്കേറ്റു.
ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടു പേര് അടങ്ങുന്ന സംഘത്തില്‍ പെട്ടവർ സഞ്ചരിച്ച വാൻ ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ മലയാളി നഴ്സുമാരെ കൂടാതെ പശ്ചിമ ബംഗാൾ സ്വദേശിയായ ഡ്രൈവര്‍ ആണ് മരണപ്പെട്ട മൂന്നാമത്തെയാള്‍. മലയാളികളായ മറ്റു രണ്ടു നഴ്സുമാരെയും തമിഴ്നാട്ടുകാരായ മൂന്ന് നഴ്സുമാരെയും പരിക്കുകളോടെ ആശുപതിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. ഇവരെ ത്വായിഫിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചു വരുകയാണെന്നും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:
Anuraj GR
First published:
March 3, 2021, 7:32 PM IST