ഷാര്‍ജ: ഒരു കൊതുകുകടി തകർത്തത് ഷാർ ഇന്ത്യൻ സ്കൂളിലെ മലയാളി വിദ്യാർഥിനിയുടെ ജീവിതമാണ്. 12ാം ക്ലാസ് വിദ്യാർഥിനിക്കാണ് കൊതുകുകടിയേറ്റതിനെത്തുടര്ന്ന് അപൂര്‍വ വൃക്കരോഗം ബാധിച്ചത്.
അവധി ആഘോഷത്തിന് നാട്ടിലെത്തിയപ്പോഴാണ് പത്തനംതിട്ട അടൂര്‍ സ്വദേശി ജെയ്സണ്‍ തോമസിന്റെ മകള്‍ സാന്ദ്ര ആന്‍ ജെയ്സന്റെ ജീവിതംതന്നെ മാറിമറിഞ്ഞത്. സാന്ദ്രയുടെ ജീവന് നിലനിര്‍ത്തണമെങ്കില്‍ വൃക്ക മാറ്റിവെക്കണം. കൊതുകുകടിമൂലം ലക്ഷത്തില്‍ ഒരാള്‍ക്കുമാത്രം വരുന്ന 'ഹെനോക് സ്കോളിന് പര്‍പുറ' എന്ന അപൂര്‍വരോഗമാണ് സാന്ദ്രയെ ബാധിച്ചതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ആദ്യം ത്വക്കിനെയും പിന്നീട് വൃക്കകളുടെ പ്രവർത്തനത്തെയും ബാധിക്കുകയുമായിരുന്നു.
Also Read- അച്ഛൻ ഇല്ലാത്ത അഞ്ജുവിന്റെ വിവാഹം നടത്തുന്നത് പള്ളി കമ്മിറ്റി
സാന്ദ്രക്ക് ദിവസവും ഡയാലിസിസ് നടത്തിവരികയാണിപ്പോള്‍. 2014ലാണ് സാന്ദ്രയ്ക്ക് കൊതുകുകടിയേറ്റത്. ആദ്യം ചിക്കന്‍പോക്സിന്റെ രൂപത്തിലാണ് രോഗം വന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഭേദമാകാതെയായതോടെ നടത്തിയ പരിശാധനകളിലാണ് രോഗം കണ്ടെത്തിയത്. തുടര്‍ചികിത്സയില്‍ രോഗം ഭേദമായപ്പോള്‍ യു.എ.ഇ.യിലേക്ക് മടങ്ങിയ സാന്ദ്ര സ്കൂളില്‍ പോവാന്‍ തുടങ്ങി.
ദിവസങ്ങള്‍ക്കകം പാടുകള്‍ കൂടിവരികയും ശരീരം തടിച്ചുവീര്‍ക്കുകയും ചെയ്തു. കണ്ണുകളുടെ കാഴ്ചകൂടി നഷ്ടമായതോടെ വീണ്ടും ചികിത്സ തേടി. രോഗംകുറഞ്ഞ് സാന്ദ്ര വീണ്ടും സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്തി. എന്നാല്‍ 2019ല്‍ നടത്തിയ ബയോപ്സിയില്‍ വൃക്കകള്‍ 70 ശതമാനം പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തി.
നിത്യേന 11 മണിക്കൂര്‍ നീളുന്നതാണ് ഡയാലിസിസ്. വൈകാതെ വൃക്ക മാറ്റിവെച്ചാല്‍ മാത്രമേ ജീവന് രക്ഷിക്കാനാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സ. കുട്ടിയുടെ മാതാവിന്റെ വൃക്ക അനുയോജ്യമാണെങ്കിലും കടുത്ത രക്തസമ്മര്‍ദമുള്ളതിനാല്‍ മാറ്റിവെക്കല്‍ സാധ്യമല്ല.
വൃക്കദാതാവിന്റെ ചെലവടക്കം വലിയൊരു തുകവേണം ശസ്ത്രക്രിയക്ക്. ദുബായിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജെയ്സന്റെ വരുമാനം ഇതിന് തികയില്ല. ഇതുവരെയുള്ള സമ്പാദ്യം മുഴുവന്‍ മകളുടെ ചികിത്സയ്ക്കായി ഇതിനകം ചെലവഴിച്ചുകഴിഞ്ഞു. ജീവന് നിലനിര്‍ത്താന്‍ പ്രവാസികളുള്‍പ്പെടെയുള്ളവരുടെ സഹായം തേടുകയാണ് കുടുംബം. ഒ പോസിറ്റീവ് ആണ് സാന്ദ്രയുടെ രക്തഗ്രൂപ്പ്. ഫോണ്‍: 0097150 211 2847
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.