റിയാദ്: മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കോട്ടയം സ്വദേശിനിയായ നഴ്സ് നാട്ടിലേക്ക് മടങ്ങി. തൊഴിലുടമയുമായുള്ള തർക്കം കോടതി കയറിയതിനെ തുടർന്നാണ് മലയാളി നഴ്സ് ആയ ടിന്റു സ്റ്റീഫൺ(28) സൗദിയിൽ കുടുങ്ങിയത്. അഫായിലെ ലേബർ കോടതി വിധിയെത്തുടർന്നാണ് ടിന്റുവിന് നവജാതശിശുവിനെയും കൂട്ടി കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങാനായത്.
പ്രസവാവധിയെടുത്ത് നാട്ടിലേക്ക് പോകാൻ ഒരുങ്ങിയ യുവതിക്കെതിരെ തൊഴിലുടമ രംഗത്തെത്തുകയായിരുന്നു. വൻ തുക ഗ്യാരണ്ടി ആവശ്യപ്പെട്ടതോടെ യുവതി കോടതിയെ സമീപിച്ചു. പ്രസവസമയത്ത് നാട്ടിൽ എത്താൻ ഉദ്ദേശിച്ചിരുന്നെങ്കിലും കേസ് നീണ്ടുപോയതോടെ ടിന്റു സൗദിയിൽവെച്ച് പ്രസവിച്ചു.
ടിന്റുവിന്റെ ഹർജിക്കെതിരെ തൊഴിലുടമ മേൽകോടതിയിൽ അപ്പീൽ നൽകിയതോടെയാണ് കേസ് നീണ്ടുപോയത്. എന്നാൽ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ലേബർ കോടതിയിൽ പാസ്പോർട്ട് അതോറിറ്റി ടിന്റുവിനെ നാട്ടിലേക്ക് അയയ്ക്കാൻ അനുവദിക്കുകയായിരുന്നു. സൗദി മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതോടെയാണ് ടിന്റുവിന് അനുകൂലമായ വിധി വേഗം ലഭിച്ചത്. ഗ്യാരണ്ടിയായി പണം നൽകണമെന്ന തൊഴിലുടമയുടെ ആവശ്യവും കോടതി തള്ളിക്കളഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.