• HOME
 • »
 • NEWS
 • »
 • gulf
 • »
 • Mohanlal in UAE| വാക്ക് പാലിച്ച് മോഹൻലാൽ; അബുദാബിയിലെ നഴ്സുമാരുമായി കൂടിക്കാഴ്ച നടത്തി

Mohanlal in UAE| വാക്ക് പാലിച്ച് മോഹൻലാൽ; അബുദാബിയിലെ നഴ്സുമാരുമായി കൂടിക്കാഴ്ച നടത്തി

"40 വർഷങ്ങൾക്ക് മുൻപാണ് ഞാൻ ആദ്യമായി യുഎഇ സന്ദർശിച്ചത്, ഇടയ്ക്കിടെ ദുബായിലേക്ക് വരാറുണ്ട്‌. നിങ്ങൾ എല്ലാവരും നിർബന്ധിക്കുകയാണെങ്കിൽ, ഞാൻ ഇവിടെത്തന്നെ താമസിക്കാം."

യുഎഇയിലെ മുന്നണിപ്പോരാളികൾക്ക് ആദരവർപ്പിക്കാൻ അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിലെത്തിയ ചലച്ചിത്രതാരം മോഹൻലാൽ അവരുമായി സംസാരിക്കുന്നു.

യുഎഇയിലെ മുന്നണിപ്പോരാളികൾക്ക് ആദരവർപ്പിക്കാൻ അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിലെത്തിയ ചലച്ചിത്രതാരം മോഹൻലാൽ അവരുമായി സംസാരിക്കുന്നു.

 • Last Updated :
 • Share this:
  അബുദാബി: കഴിഞ്ഞ വർഷം അന്താരാഷ്‌ട്ര നഴ്‌സസ് ദിനത്തിൽ യുഎഇയിലെ കോവിഡ് മുന്നണിപ്പോരാളികൾക്ക് നൽകിയ വാക്ക് സൂപ്പർതാരം മോഹൻലാൽ മറന്നില്ല. 'ലാലേട്ടാ, യുഎഇയിലെത്തുമ്പോൾ ഞങ്ങളെയൊക്കെ ഒന്ന് കാണാൻ വരാമോ', എന്ന ആഗ്രഹം അന്ന് പങ്കുവച്ച രജിസ്‌ട്രേഡ് നഴ്സ് സോണിയ ചാക്കോയ്ക്കും സഹപ്രവർത്തകർക്കും വൻ സർപ്രൈസൊരുക്കി മോഹൻലാൽ അവരെ നേരിൽ കാണാനെത്തി. മോഹൻലാൽ വരുമോ ഇല്ലയോ എന്ന ചോദ്യം അപ്രസക്തമാക്കിയായിരുന്നു ആരോഗ്യപ്രവർത്തകരെ നേരിൽ കാണാനുള്ള അബുദാബിയിലേക്കുള്ള മോഹൻലാലിന്റെ മാസ് എൻട്രി. താരപരിവേഷമില്ലാതെ മുന്നണിപ്പോരാളികളുടെ വിശേഷങ്ങളും അനുഭവങ്ങളും കേട്ടും അവർക്ക് പ്രചോദനമാകുന്ന വാക്കുകൾ പറഞ്ഞും മോഹൻലാൽ അവർക്കൊപ്പം സമയം ചെലവഴിച്ചു.

  യുഎഇയിലെ മുന്നണിപ്പോരാളികൾക്ക് ഹൃദയസ്പർശിയായ ആദരവൊരുക്കാൻ അബുദാബിയിലെ വിപിഎസ്-ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് മലയാളത്തിന്റെ സൂപ്പർസ്റ്റാർ എത്തിയത്. മെഡിക്കൽ സിറ്റിയിലെ മുന്നണിപ്പോരാളികളെ സന്ദർശിച്ച താരം കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ ആരോഗ്യപ്രവർത്തകരുടെ നിരന്തരമായ സേവനത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

  "എത്രയും വേഗം മഹാമാരി മാറട്ടെയെന്ന് പ്രതീക്ഷിക്കാം. ആരോഗ്യപ്രവർത്തകർ അനുഭവിക്കുന്ന വെല്ലുവിളികൾ നേരിട്ടറിയാവുന്ന ആളാണ് ഞാൻ. അവർക്ക് പ്രേരണ നൽകാനായി കഴിഞ്ഞ വർഷം സംസാരിക്കാൻ ആയതിൽ സന്തോഷമുണ്ട്. വരാമെന്ന് അവർക്ക് നൽകിയ ഉറപ്പ് സാധിച്ചു തന്നതിന് ദൈവത്തിന് നന്ദി. ആരോഗ്യപ്രവർത്തകരുടെ ധൈര്യത്തെയും ത്യാഗങ്ങളെയും അഭിനന്ദിക്കുന്നു, എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നിങ്ങൾക്ക് നന്ദി. ഇതുപോലൊരു ചടങ്ങിൽ പങ്കെടുക്കാനായത് ഭാഗ്യമായി കരുതുന്നു,” മുന്നണിപ്പോരാളികളോട് മോഹൻലാൽ പറഞ്ഞു.

  മോഹൻലാലുമായി നഴ്‌സസ് ഡേയിൽ ഫോണിലൂടെ സംസാരിച്ച വിവിധ എമിറേറ്റുകളിലെ നഴ്‌സുമാർ അദ്ദേഹത്തെ കാണാനുള്ള ക്ഷണം സ്വീകരിച്ച് ബുർജീൽ മെഡിക്കൽ സിറ്റിയിൽ എത്തിയിരുന്നു. മറ്റുള്ളവർ ഓൺലൈനായും പങ്കെടുത്തു. ആരോഗ്യപ്രവർത്തകരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയതിന് വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലിന് മോഹൻലാൽ നന്ദി പറഞ്ഞു.

  ക്ഷണം സ്വീകരിച്ച് സൂപ്പർ താരം എത്തിയതിന്റെ സന്തോഷത്തിൽ പത്തനംതിട്ട സ്വദേശിനി സോണിയാ ചാക്കോ

  നടക്കുമെന്ന് യാതൊരു ഉറപ്പുമില്ലാഞ്ഞിട്ടും ആരോഗ്യപ്രവർത്തകരെ കാണാൻ വരണമെന്ന അഭ്യർത്ഥന കഴിഞ്ഞവർഷം മോഹൻലാലിന് മുന്നിൽവച്ച അൽ-ഐൻ മെഡിയോർ ആശുപത്രിയിലെ രജിസ്‌ട്രേഡ് നഴ്സ് സോണിയ ചാക്കോ ആവേശം മറച്ചു വച്ചില്ല. "നഴ്‌സസ് ദിനത്തിൽ ലാലേട്ടന്റെ വിളി വരുമെന്ന് ആശുപത്രിയിൽ നിന്ന് അറിയിപ്പൊന്നും ഉണ്ടായിരുന്നില്ല. അന്ന് സംസാരിക്കാനായത് ജീവിതത്തിലെ വലിയ ഭാഗ്യം. ഞങ്ങളുടെ എളിയ അഭ്യർത്ഥന മാനിച്ച് കാണാനും സംസാരിക്കാനും എത്തിയ ലാലേട്ടന് നന്ദി. ഇതൊരു അവിസ്മരണീയ അവസരമാണ്.ഈയൊരു കാലത്ത് ഇത്തരം അവസരങ്ങൾ നമ്മെ പ്രചോദിപ്പിക്കുന്നതാണ്", കോവിഡ് രോഗികളെ പരിചരിക്കുന്നതിൽ മുന്നണിയിലുള്ള സോണിയ പറഞ്ഞു. തന്റെ സ്വന്തം നാട്ടുകാരിയായ സോണിയയുടെ ആവശ്യപ്രകാരം ഇവിടെ എത്താനായതിൽ ഏറെ സന്തോഷമുണ്ടെന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം.  "നിങ്ങൾ എല്ലാവരും പറഞ്ഞാൽ യുഎഇയിൽ താമസമാക്കാം..."

  ഗോൾഡൻ വിസ ലഭിച്ചതിനാൽ കൂടുതൽ കാലം യുഎഇയിൽ തുടരുന്ന കാര്യം പരിഗണിക്കുമോ എന്ന് അബുദാബി ബുർജീൽ ആശുപത്രിയിൽ നഴ്‌സായ പ്രിൻസി ജോർജ് ചോദിച്ചു. വേണമെങ്കിൽ പരിഗണിക്കാമെന്ന് ചിരിയോടെ താരത്തിന്റെ മറുപടി.

  "40 വർഷങ്ങൾക്ക് മുൻപാണ് ഞാൻ ആദ്യമായി യുഎഇ സന്ദർശിച്ചത്, ഇടയ്ക്കിടെ ദുബായിലേക്ക് വരാറുണ്ട്‌. നിങ്ങൾ എല്ലാവരും നിർബന്ധിക്കുകയാണെങ്കിൽ, ഞാൻ ഇവിടെത്തന്നെ താമസിക്കാം."

  ലാലേട്ടാ എന്ന് നേരിട്ട് വിളിക്കാൻ ആയത് തന്ന നഴ്സായത് കൊണ്ടാണെന്നതിൽ അഭിമാനമുണ്ടെന്ന് ആൽഐൻ ബുർജീൽ റോയൽ ഹോസ്പിറ്റലിൽ നഴ്സായ സിനു പറഞ്ഞു. ലാലേട്ടൻ എങ്ങനെ ജോലി സമ്മർദ്ദം കൈകാര്യം ചെയ്യുന്നുവെന്ന സിനുവിന്റെ ചോദ്യത്തിന് മറുപടി ഇങ്ങനെ:

  "സിനിമയിൽ ഇതെന്റെ നാല്പത്തി നാലാമത്തെ വർഷമാണ്. ജോലിയോടുള്ള പ്രതിബദ്ധത, നന്ദി, വിജയിക്കാനുള്ള ഊർജം, സത്യം , സ്നേഹം, ഇതിലെല്ലാമുപരി ദൈവത്തിന്റെ കൃപയുമുണ്ടെങ്കിൽ നിങ്ങൾക്ക് അത്തരം സമ്മർദ്ദങ്ങളെയെല്ലാം മറികടക്കാൻ കഴിയും. നിങ്ങളെല്ലാവർക്കും ഈ ഗുണങ്ങളുണ്ട്, അതിനാൽ അനുഗ്രഹിക്കപ്പെടട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു. ”

  "ആശുപത്രിയും ആരോഗ്യപ്രവർത്തകരുടെ ജീവിതവും പ്രമേയമാക്കി സിനിമ പരിഗണിക്കാം"

  ബുർജീൽ മെഡിക്കൽ സിറ്റിയിലെ രജിസ്ട്രേഡ്‌ നഴ്‌സ് മരിയ ഡു പ്ലൂയി സഹപ്രവർത്തകരിൽ നിന്ന് കേട്ടറിഞ്ഞ താരത്തെ നേരിൽ കാണാനായ സന്തോഷത്തിലായിരുന്നു.

  “ഇന്ത്യയിൽ നിന്നുള്ള ഒരു പ്രിയപ്പെട്ട സിനിമാ താരത്തെ കാണാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. അബുദാബിയിൽ വച്ച് ആശുപത്രിയും ആരോഗ്യപ്രവർത്തകരും പ്രമേയമായി ഒരു സിനിമ ചെയ്യുമോയെന്നായിരുന്നു മരിയയുടെ ചോദ്യം.

  "ഇത്തരത്തിൽ ചില സിനിമകൾ ചെയ്തിട്ടുണ്ട്. എങ്കിലും, തീർച്ചയായും ഒരു വെല്ലുവിളിയായി ഇത് ഏറ്റെടുക്കാം," മോഹൻലാൽ പറഞ്ഞു.

  പൂക്കളത്തിലും ലാലേട്ടൻ, ആരോഗ്യപ്രവർത്തകരുടെ കൂറ്റൻ പൂക്കളത്തിന് കയ്യടിച്ചു മോഹൻലാൽ

  ബുർജീൽ മെഡിക്കൽ സിറ്റിയിൽ ആരോഗ്യപ്രവർത്തകർ ഓണത്തിന് ഒരുക്കിയ കൂറ്റൻ പൂക്കളത്തെ മോഹൻലാൽ അഭിനന്ദിച്ചു. 300കിലോ പൂക്കൾ കൊണ്ട് 300 ചതുരശ്രമീറ്ററിൽ ഒരുക്കിയ പൂക്കളമാണ് അദ്ദേഹത്തെ ആകർഷിച്ചത്. മോഹൻലാലിന് സർപ്രൈസ് ഒരുക്കാൻ പൂക്കളത്തിന്റെ വിവിധ കോണുകളിൽ അദ്ദേഹത്തിന്റെ മുഖവും ആരോഗ്യപ്രവർത്തകർ ഉൾപ്പെടുത്തി.

  "ഓണം ഈ രീതിയിൽ ആഘോഷിച്ചിരുന്ന നമ്മൾ നിലവിൽ കോവിഡ് സാഹചര്യം കാരണം ആഘോഷം പരിമിതപ്പെടുത്തിയിരിക്കുകയാണ്.
  സാഹചര്യം ഉടൻ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അടുത്ത വർഷത്തെ ഓണം സാധാരണ രീതിയിൽ ആഘോഷിക്കാമെന്ന് പ്രാർഥിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബുർജീൽ ആശുപത്രികളുടെ റീജ്യണൽ സിഇഒ ജോണ് സുനിൽ മോഹൻലാലിന് സ്വാഗതവും മീഡിയോർ-എൽഎൽഎച്ച് ആശുപത്രികളുടെ സിഇഒ സഫീർ അഹമ്മദ് നന്ദിയും പറഞ്ഞു.
  Published by:Rajesh V
  First published: