പ്രവാചക നഗരിയായ മദീനയിൽ മുഹമ്മദ് നബിയുടെ ജീവിതം ആസ്പദമാക്കി തയ്യാറാക്കിയ പുതിയ മ്യൂസിയവും അന്താരാഷ്ട്ര എക്സ്പോയും പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സൗദിയിലെ സാംസ്കാരിക കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന സൗദി വിഷ൯ 2030 ലക്ഷ്യങ്ങളിലൊന്ന് പൂർത്തിയായെന്ന് മദീന ഗവർണ്ണർ ഫൈസൽ ബി൯ സൽമാ൯ പറഞ്ഞു.
മുസ്ലിം വേൾഡ് ലീഗിന്റെ മേൽനോട്ടത്തിലാണ് മ്യൂസിയവും എക്സ്പോയും പൂർത്തീകരിച്ചത്. ലീഗിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കുന്ന ഇസ്ലാമിക മ്യൂസിയങ്ങളിൽ ആദ്യത്തേതാണ് മദീനയിൽ തയ്യാറാക്കിയത്. ഇസ്ലാമിക ചരിത്രത്തിലേക്കും, പ്രവാവചകന ജീവിതത്തിലേ ഉള്ളറകളിലേക്കും എത്തി നോക്കുന്ന, മദീനയിലെ പ്രവാചക പള്ളിയുടെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന, മ്യൂസിയം ഇരുപത്തി നാലു മണിക്കൂറും തുറന്നു പ്രവർത്തിക്കും.
പുതിയ മ്യൂസിയം വഴി മുഹമ്മദ് നബിയുടെ ജീവിതവും, യഥാർത്ഥ ഇസ്ലാമിക ചരിത്രവും ജനങ്ങളിലേക്കെത്തിക്കാനാവുമെന്ന് ഫൈസൽ രാജകുമാര൯ പറഞ്ഞു. ഇസ്ലാം, ലോകത്തിനു കാണിച്ചു കൊടുത്ത സഹിഷ്ണുതയുടെ മാതൃക ലോകം ദർശിക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്ലാം ലോകത്തിനു കാണിച്ച സ്നേഹവും നന്മയും, സമാധാനവും, സഹിഷ്ണുതയും, സഹവർത്തിത്വവും ലോകത്തിന് കാണിച്ചു കൊടുക്കുകയാണ് ലക്ഷ്യമെന്ന് മുസ്ലിം വേൾഡ് ലീഗ് പറഞ്ഞു.
ഡസ൯ കണക്കിന് പെയിന്റിങ്ങുകൾ മ്യൂസിയത്തിലുണ്ട്. കൂടാതെ സന്ദർശകർക്ക് അറബി, ഇംഗ്ലീഷ്, സ്പാനിഷ്, ഉർദു, ഫ്രഞ്ച്, ടർക്കിഷ്, ഇന്തോനേഷ്യ൯ തുടങ്ങി ഏഴു ഭാഷകളിൽ സേവനങ്ങൾ ലഭ്യമാണ്. പ്രവാചക ജീവിതം കാണിക്കുന്ന ഒരു 4DX തിയേറ്ററും മ്യൂസിയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. എക്സിബിഷനിൽ തയ്യാറാക്കിയ 25 പവലിയനികളിലൊന്ന് ഇസ്ലാമിലെ സ്ത്രീ എന്ന വിഷയത്തെ ആസ്ഥമാനമാക്കിയാണ്. ഇസ്ലാമിന്റെ ആദ്യ കാലത്ത് സ്ത്രീകൾ വഹിച്ച പങ്കിനെ പറ്റിയും, സ്ത്രീകളുമായുള്ള പ്രവാചക സമീപനവും ചർച്ച ചെയ്യുന്നു. കൂടാതെ, പ്രവാചകന്റെ കുട്ടികളെ പറ്റിയും ഈ പവലിയ൯ പ്രതിപാദിക്കുന്നുണ്ട്.
ത്രീഡി, ഓഗ്മെന്റഡ് റിയാലിറ്റി ടെക്നോളജി ഉപയോഗിച്ച് തയ്യാറാക്കിയ മ്യൂസിയത്തിലെ ഒരു സെക്ഷനിൽ പ്രവാചക൯ ഉപയോഗിച്ച ഫർണിച്ചർ, വസ്ത്രം, ചെരുപ്പ്, ചീപ്പ് എന്നിവയും പ്രദർശിപ്പിക്കുന്നുണ്ട്. മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ (പലായനം) ചെയ്തതിന് ശേഷം മുഹമ്മദ് നബി രൂപപ്പെടുത്തിയ മദീന ഭരണഘടന, മറ്റു മതക്കാരുമായുള്ള ഇസ്ലാമിന്റെ സഹവർത്തിത്വം എന്നിവയും എക്സിബിഷന്റെ ഭാഗമായുണ്ട്.
അല്ലാഹുവിന്റ 99 പേരുകൾക്കു മാത്രമായി ഒരു പ്രത്യേക പവലിയ൯ സജ്ജീകരിച്ചിട്ടുണ്ട്. ബഹിരാകാശ പഠനം, പ്രകൃതി സംരക്ഷിക്കാനുള്ള മനുഷ്യരുടെ ഉത്തരവാദിത്വം എന്നിവയും മദീന എക്സിബിഷ൯ ചർച്ച ചെയ്യുന്നു. ഖുർആനിലും ഹദീസിലും (പ്രവാചക വചനം) പരാമർശിച്ച മറ്റു പ്രവാചചരുടെ ജീവിത ചരിത്രവും മ്യൂസിയം ചർച്ച ചെയ്യുന്നു. കൂടാതെ, പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 1400 വർഷം മുന്പ് നടന്ന പ്രവാചക ജീവിതം സന്ദർശകർക്ക് കാണിച്ചു കൊടുക്കാനും എക്സ്പോ ശ്രമം നടത്തുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.