ഒമാനിലെ അന്തരിച്ച ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിന്‍ സഈദിന് ഇന്ത്യയുമായുള്ള ബന്ധമെന്ത്?
ഒമാനിലെ അന്തരിച്ച ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിന്‍ സഈദിന് ഇന്ത്യയുമായുള്ള ബന്ധമെന്ത്?
മുൻ രാഷ്ട്രപതി ശങ്കർ ദയാൽ ശർമയുടെ വിദ്യാർഥിയായിരുന്നു സുൽത്താൻ ഖാബൂസ് ബിൻ സഈദ്. ഇന്ത്യയുമായി എല്ലാക്കാലത്തും ഊഷ്മളമായ ബന്ധം നിലനിർത്താൻ അതീവ ശ്രദ്ധ പുലർത്തി.
മസ്കറ്റ്: ഒമാന്‍ ഭരണാധികാരി അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് ഇന്ത്യയുമായി ഉള്ളത് അഭേദ്യമായ ബന്ധം. അദ്ദേഹത്തിന്റെ പിതാവ് സുൽത്താൻ സഈദ് ബിൻ തൈമൂർ അജ്മറിലെ മയോ കോളജിലെ പൂർവ വിദ്യാർഥിയായിരുന്നു. പിന്നീട് മകനെയും അദ്ദേഹം പൂനെയിൽ അയച്ച് പഠിപ്പിച്ചു. അവിടെ ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശങ്കർ ദയാൽ ശർമയുടെ വിദ്യാർഥിയായിരുന്നു സുൽത്താൻ ഖാബൂസ് ബിൻ സയിദ്. പൂനെയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സുൽത്താൻ ഖാബൂസ് പഠനം പൂർത്തിയാക്കിയത്.
എല്ലാക്കാലത്തും ഇന്ത്യയുമായും ഇന്ത്യൻ ഭരണാധികാരികളുമായും ഊഷ്മളമായ ബന്ധം നിലനിർത്തുന്നതിന് സുൽത്താൻ ഖാബൂസ് ശ്രദ്ധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സുൽത്താൻ ഖാബൂസിനും ഇടയിലും മികച്ച ബന്ധമാണ് നിലനിന്നത്. യോജിക്കാവുന്ന പുതിയ മേഖലകളെ സംബന്ധിച്ച് ഇരു നേതാക്കളും അവരുടെ വിശാലമായ കാഴ്ചപ്പാടുകൾ പരസ്പരം പങ്കുവെച്ചു. തന്റെ ഇന്ത്യയിലെ പഠനകാലത്തെ എക്കാലവും മനസ്സിൽ താലോലിച്ച ഭരണാധികാരിയാണ് സുൽത്താൻ ഖാബൂസ്. അതുകൊണ്ടുതന്നെ ഇന്ത്യക്കാരോടും ഇന്ത്യൻ സമൂഹത്തോടും എല്ലാക്കാലത്തും തുറന്നമനസ്സോടെയും പ്രത്യേക സ്നേഹത്തോടെയും ആണ് അദ്ദേഹം ഇടപെട്ടത്. സഹായം തേടുന്ന ഇന്ത്യക്കാർക്ക് ഉടനടി അത് എത്തിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സുൽത്താൻ ഖാബൂസ് അന്തരിച്ചതെന്നാണ് റിപ്പോർട്ടുകൾ. അർബുദ രോഗബാധിതനായി ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്. സുല്‍ത്താൻ ഖാബൂസിന്റെ വിയോഗത്തെ തുടര്‍ന്ന് ഒമാനില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 40 ദിവസത്തേക്ക് ദേശീയ പതാക താഴ്ത്തി കെട്ടും.
ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അധികാരമേറ്റത്. ഒമാനെ മാറ്റത്തിന്റെ പാതയിലേക്ക് നയിച്ച ഭരണാധികാരിയായിട്ടാകും ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തുക.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.