news18
Updated: July 9, 2019, 7:04 PM IST
news18
- News18
- Last Updated:
July 9, 2019, 7:04 PM IST
ജിദ്ദ: സംസം വെള്ളം കൊണ്ട് പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു. ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള എ ഐ966 വിമാനത്തിലും ജിദ്ദയിൽനിന്നും കൊച്ചിയിലേക്കുള്ള എ ഐ964 വിമാനത്തിലും ഹജ്ജ് തീർത്ഥാടകർ സംസം വെള്ളം കൊണ്ടുപോകുന്നതിന് ഏർപ്പെടുത്തിയ വിലക്കാണ് എയർ ഇന്ത്യ നീക്കിയത്. സൗജന്യമായി കൊണ്ടുപോകാൻ അനുമതിയുള്ള ബാഗേജ് പരിധിയിൽ വരുന്നരീതിയിൽ സംസം വെള്ളം കൊണ്ടുപോകാൻ അനുമതി നൽകാൻ തീരുമാനിച്ചതായി എയർ ഇന്ത്യ വ്യക്തമാക്കി. തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും എയർ ഇന്ത്യ അറിയിച്ചു.
ഇക്കണോമിക്സ് ക്ലാസുകളിൽ 40 കിലോ ബാഗേജിനൊപ്പവും ബിസിനസ് ക്ലാസിൽ 45 കിലോ ബാഗേജിനൊപ്പവും അഞ്ച് ലിറ്റർ സംസം വെള്ളം കൊണ്ടുപോകാൻ സാധിക്കും. ജിദ്ദയില്‍ നിന്നും കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യാ വിമാനത്തില്‍ ഇനി അഞ്ച് ലിറ്റര്‍ സംസം വെള്ളം കൊണ്ടുപോകാം.
ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്ന എഐ 964 വിമാനത്തിലും ഹൈദരാബാദിലേക്കുള്ള എഐ 966 വിമാനത്തിലും സെപ്റ്റംബര്‍ പതിനഞ്ചു വരെ സംസം വെള്ളം കൊണ്ടുപോകാനാകില്ലെന്നായിരുന്നു നേരത്തെ എയര്‍ഇന്ത്യ അറിയിച്ചിരുന്നത്. ഈ സെക്ടറുകളില്‍ സര്‍വീസ് നടത്തിയിരുന്ന വലിയ വിമാനങ്ങള്‍ ഹജ്ജ് സര്‍വീസുകള്‍ക്കായി പിന്‍വലിച്ചിരുന്നു. പകരം ചെറിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് മൂലം ഉണ്ടായ സ്ഥലപരിമിതിയാണ് സംസം വെള്ളം കൊണ്ട് പോകാതിരിക്കാന്‍ കാരണമായി പറഞ്ഞിരുന്നത്. സെപ്തംബർ 15 വരെയാണ് വിലക്ക് ഏർപ്പെടുത്തുന്നതെന്നും യാത്രയുടെ അവസാനത്തെ നിമിഷത്തെ ബുദ്ധിമുട്ട് ഒഴിവാക്കാൻ വിവരം ഹജ്ജ് യാത്രക്കാരെ അറിയിക്കണമെന്നായിരുന്നു എയർ ഇന്ത്യയുടെ അറിയിപ്പ്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് എയർ ഇന്ത്യ വിലക്ക് നീക്കിയത്.
First published:
July 9, 2019, 7:04 PM IST