ദുബായ്: എണ്ണക്കപ്പലുകൾക്കും വിതരണ കേന്ദ്രങ്ങൾക്കും നേരെ നടന്ന ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യ വിളിച്ചുചേർത്ത അറബ് രാജ്യങ്ങളുടെയും ഗൾഫ് ഭരണാധികാരികളുടെയും അടിയന്തര യോഗങ്ങളിലേക്ക് ഖത്തറിന് ക്ഷണമില്ല. ഖത്തർ വിദേശകാര്യമന്ത്രാലയം അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ അംഗരാജ്യങ്ങളെ യോഗങ്ങളിലേക്ക് ക്ഷണിച്ചതായി അറബ് ലീഗ് അറിയിച്ചു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് ഭരണാധികാരികളുടെയും അറബ് നേതാക്കളുടെയും സമ്മേളനം മെയ് 30ന് മെക്കയിലാണ് വിളിച്ചിരിക്കുന്നത്. സൗദിയിലെ സൽമാൻ രാജാവ് ആണ് യോഗം വിളിച്ചത്. യുഎഇ തീരത്ത് വച്ചാണ് നാല് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായത്. ഇതിൽ രണ്ട് കപ്പലുകൾ സൗദിയുടേതാണ്.
സൗദി അറേബ്യ, യുഎഇ, ബഹ്റയിൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ 2017 ജൂൺ മുതൽ തന്നെ ഖത്തറിന് മേൽ സാമ്പത്തിക-നയതന്ത്ര ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ദോഹ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇറാനെ സഹായിക്കുന്നുവെന്നും ആരോപിച്ചായിരുന്നു ഇത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം ഖത്തർ നിഷേധിച്ചിരുന്നു. 'അയൽരാജ്യങ്ങളെല്ലാം ചേർന്ന് ഒറ്റപ്പെടുത്തിയ ഖത്തറിന് രണ്ട് യോഗങ്ങളിലേക്കും ക്ഷണം ലഭിച്ചിട്ടില്ല' - വിദേശകാര്യ മന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയെ ഉദ്ധരിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം ഇൻഫർമേഷൻ ഓഫീസ് ഡയറക്ടർ ട്വീറ്റ്ചെയ്തു. എന്നാൽ സൗദി വിദേശകാര്യമന്ത്രാലയമോ അധികൃതരോ ഇതിനോട് പ്രതികരിക്കാൻ തയാറായില്ല.
മെക്കയില്‍ സൽമാൻ രാജാവ് വിളിച്ചുചേർത്ത അടിയന്തര അറബ് സമ്മേളനത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചിരുന്നുവെന്ന് ഈജിപ്തിലെ കെയ്റോ കേന്ദ്രമായ അറബ് ലീഗ് വാർത്താക്കുറിപ്പിൽ അറിയിച്ചു. അറബ് നേതാക്കളും മറ്റ് മുസ്ലിം രാജ്യങ്ങളിലെ നേതാക്കളും ഈ മാസം അവസാനം മെക്കയിൽ യോഗം ചേരുന്നുണ്ട്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷനാണ് (OIC)ആണ് യോഗം വിളിച്ചത്.
ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്നാണ് സൗദി അറേബ്യ കുറ്റപ്പെടുത്തുന്നത്. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. തങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം സൗദി വ്യക്തമാക്കിയിരുന്നു. എന്നാൽ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും അവർ വ്യക്തമാക്കി. എന്നാൽ ആക്രമണത്തിന്റെ പേരിൽ യുഎഇ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. എന്നാൽ സൗദിയുടെ ആരോപണങ്ങളെല്ലാം ഇറാൻ തള്ളിക്കളയുകയാണ്. ഇതിനിടെ, വിശുദ്ധ മെക്കയിലേക്ക് തങ്ങൾ മിസൈലാക്രമണം നടത്തിയെന്ന സൗദി മാധ്യമങ്ങളുടെ വാർത്ത യെമനിലെ ഹൂതി വിമതര്‍ നിഷേധിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.