ഖത്തർ ലോകകപ്പ് ഫൈനൽ: സ്റ്റേഡിയം രൂപകൽപനയായി; 80,000 പേർക്ക് കളി കാണാം
ഖത്തർ ലോകകപ്പ് ഫൈനൽ: സ്റ്റേഡിയം രൂപകൽപനയായി; 80,000 പേർക്ക് കളി കാണാം
Last Updated :
Share this:
ദോഹ: ലോകകപ്പ് ഫുട്ബോളിന് നാലു വർഷം ശേഷിക്കെ കലാശപ്പോരിനുള്ള സ്റ്റേഡിയത്തിന്റെ ഡിസൈൻ പുറത്തിറക്കി ഖത്തർ. 80000 സീറ്റിങ് കപ്പാസിറ്റിയുള്ള സ്റ്റേഡിയമാണ് ലോകകപ്പ് ഫൈനലിനായി ഖത്തർ ഒരുക്കുന്നത്. പുതിയതായി ഒരുക്കുന്ന ലൂസൈൽ നഗരത്തിൽ പണികഴിപ്പിക്കുന്ന സ്റ്റേഡിയത്തിന്റെ രൂപകൽപന ഖത്തർ ഭരണാധികാരി ഷെയ്ഖ് തമിം ബിൻ ഹമദ് അൽ-താനി പങ്കെടുത്ത ചടങ്ങിലാണ് ഔദ്യോഗികമായി സമർപ്പിച്ചത്. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് സന്നിഹിതനായിരുന്നു.
ലോകകപ്പ് സംഘാടനത്തിനുള്ള ഖത്തറിന്റെ മുന്നൊരുക്കങ്ങളിൽ ഏറെ നിർണായക ഘട്ടമാണിതെന്നാണ് വിശേഷിപ്പിക്കുന്നത്. ലോകകപ്പിനായി ഖത്തർ പണികഴിപ്പിക്കുന്ന എട്ടാമത്തെ സ്റ്റേഡിയമാണ് ലുസൈലിലേത്. പ്രമുഖ ബ്രിട്ടീഷ് ആർക്കിടെക് ഗ്രൂപ്പായ ഫോസ്റ്റർ ആൻഡ് പാർട്ണേഴ്സാണ് സ്റ്റേഡിയം തയ്യാറാക്കുന്നത്. ഖത്തർ രാഷ്ട്രപിതാവ് ഷെയ്ഖ് ജസ്സിം ബിൻ മൊഹമ്മദ് ബിൻ താനി അൽ-താനിയുടെ സ്മൃതികുടീരത്തിന് സമീപത്തായാണ് സ്റ്റേഡിയം നിർമിക്കുന്നത്.
ഖത്തർ തലസ്ഥാനമായ ദോഹയ്ക്ക് വടക്കുവശത്തായി പുതിയതായി പണികഴിപ്പിച്ച നഗരമാണ് ലുസൈൽ. 15 കിലോമീറ്റർ ചുറ്റളവിലായി ഒരുക്കിയ ലുസൈൽ നഗരം പൂർണമായും ലോകകപ്പിനുവേണ്ടിയാണ് പണികഴിപ്പിച്ചിട്ടുളളത്. സ്റ്റേഡിയത്തിന്റെയും നിർമാണം 2020ഓടെ പൂർത്തിയാകുമെന്ന് അധികൃതർ പറയുന്നു. ഖത്തർ-ചൈനീസ് കമ്പനികളുടെ സംയുക്തസംരഭമാണിത്.
ഖത്തർ ലോകകപ്പ് ഒരുക്കങ്ങളിൽ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്(ഫിഫ) സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഖത്തർ ലോകകപ്പിൽ ടീമുകളുടെ എണ്ണം 32ൽനിന്ന് 48 ആക്കുന്ന കാര്യം ഫിഫയുടെ പരിഗണനയിലാണ്. ഇതുസംബന്ധിച്ച പഠനം അന്തിമഘട്ടത്തിലാണ്. പഠനറിപ്പോർട്ട് ലഭിച്ചശേഷം ടീമുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് ഫിഫ വൃത്തങ്ങൾ പറയുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.