ദുബായ്: പുതുവർഷത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദുബായിൽ. രണ്ടുദിവസത്തെ സന്ദർശനത്തിനായി ദുബായിൽ എത്തുന്ന രാഹുൽ ഗാന്ധി സ്പോർട്സ് സിറ്റിയിലെ ദുബായ് ഇന്‍റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രവാസി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ജനുവരി 11ന് ദുബായിൽ എത്തുന്ന രാഹുൽ ഗാന്ധി അന്നേദിവസം വൈകുന്നേരം നാലുമണിക്കാണ് പരിപാടിയിൽ പങ്കെടുക്കുക. 25, 000 ആളുകളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിലായിരിക്കും പരിപാടി.
പരിപാടി നടത്തുന്നതിനായി അധികൃതരുടെ പക്കൽ നിന്ന് അനുമതി ലഭിച്ചതായും വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്നും ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ഹിമാൻഷു വ്യാസ് പറഞ്ഞു. 2015 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുബായിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തതിനു ശേഷം ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ നേതാവാണ് രാഹുൽ ഗാന്ധി. സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയുടെ തീം, 'ഗാന്ധി 150 വർഷങ്ങൾ, ഇന്ത്യയുടെ ആശയം', എന്നതാണ്. പതിനൊന്നാം തിയതി തന്നെ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ നടത്തുന്ന പരിപാടിയിലും പങ്കെടുക്കും. ഈ പരിപാടിയിൽ വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിക്കും.
അടുത്ത ദിവസം അബുദാബിയിലെ ഷെയ്ഖ് സയിദ് മോസ്ക് രാഹുൽ ഗാന്ധി സന്ദർശിക്കും. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിലും ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സംഘടിപ്പിക്കുന്ന പരിപാടിയിലും സംഘടിപ്പിക്കും. രാഹുൽ ഗാന്ധിയുടെ വരാനിരിക്കുന്ന സന്ദർശനത്തെ വളരെ പ്രതീക്ഷയോടെയാണ് യു എ ഇയിലെ ഇന്ത്യൻ സമൂഹം കാണുന്നതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആസാദ് മൂപ്പൻ പറഞ്ഞു.
പ്രധാനമന്ത്രിയുടെ വിദേശയാത്ര: ചെലവാക്കിയത് 2021 കോടിയിലധികം രൂപ
മൻമോഹൻ സിംഗിനെക്കുറിച്ചുളള സിനിമയ്‌ക്കെതിരെ കോൺഗ്രസ്
2017 ഡിസംബറിൽ കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നിരവധി രാജ്യങ്ങളിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തിയിരുന്നു. ബഹറിൻ, യു എസ്, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ എത്തിയ രാഹുൽ ഗാന്ധി അവിടങ്ങളിലെ ഇന്ത്യൻ സമൂഹവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 2019 മെയിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ ദുബായ് സന്ദർശനം രാഷ്ട്രീയകേന്ദ്രങ്ങൾ അതീവശ്രദ്ധയോടെയാണ് ഉറ്റുനോക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress chief Rahul Gandhi, Dubai, Dubai news, Rahul gandhi