Hajj 2020 | ഹജ്ജ് കർമങ്ങൾ നടത്തും; സൗദിയിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ ചുരുക്കംപേർക്ക് മാത്രം അവസരം
Hajj 2020 | ഹജ്ജ് കർമങ്ങൾ നടത്തും; സൗദിയിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ ചുരുക്കംപേർക്ക് മാത്രം അവസരം
Saudi Arabia decided to allow a limited number of pilgrims to do this years Hajj | ആരോഗ്യ കാര്യങ്ങൾ പരമാവധി ശ്രദ്ധിച്ചും മുൻകരുതലുകൾ പാലിച്ചുമായിരിക്കും ചടങ്ങുകൾ. സുരക്ഷയും സംരക്ഷണവും സമൂഹ അകലവും ഉറപ്പുവരുത്തുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
ജിദ്ദ: പരിമിതമായ ആഭ്യന്തര തീർത്ഥാടകരെ മാത്രം പങ്കെടുപ്പിച്ച് ഇത്തവണ ഹജ്ജ് കർമം നടത്താൻ സൗദി ഹജ്ജ് മന്ത്രാലയം തീരുമാനിച്ചു. സൗദിയിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ ചുരുക്കം പേർക്ക് മാത്രമാകും പങ്കെടുക്കാൻ അവസരം ലഭിക്കുക. ആരോഗ്യ കാര്യങ്ങൾ പരമാവധി ശ്രദ്ധിച്ചും മുൻകരുതലുകൾ പാലിച്ചുമായിരിക്കും ചടങ്ങുകൾ. സുരക്ഷയും സംരക്ഷണവും സമൂഹ അകലവും ഉറപ്പുവരുത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ലോകം കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ മുഴുവൻ തീർഥാടകരെയും പങ്കെടുപ്പിച്ച് ഹജ്ജ് നടത്തൽ പ്രയാസകരമാണ്. ഇതേതുടർന്നാണ് രാജ്യത്തിനകത്തുള്ള തീർത്ഥാടകരെ മാത്രം പങ്കെടുപ്പിക്കാൻ തീരുമാനിച്ചത്. രോഗവ്യാപന സാധ്യതയും സമൂഹ അകലം പാലിക്കാനുള്ള പ്രായാസവും വലിയ ഭീഷണിയായി നിലനിൽക്കുന്നുണ്ട്. സമൂഹ സുരക്ഷ കണക്കിലെടുത്ത് കോവിഡ് കാലത്ത് ഉംറയും സിയാറത്തും നിർത്തിവെച്ചിരുന്നു.
ലോകമാകമാനമുള്ള ജനങ്ങളുടെ ആരോഗ്യ- സുരക്ഷാ അവകാശങ്ങളിലാണ് സൗദി അറേബ്യ വിശ്വസിക്കുന്നതെന്ന് തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് സൗദി മനുഷ്യാവകാശ കമ്മീഷൻ അഭിപ്രായപ്പെട്ടു. തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുന്നത് രാജ്യത്തിന്റെ മാത്രമല്ല, ലോകമെമ്പാടുമുള്ള തീർത്ഥാടകരുടെയും വിശ്വാസികളുടെയും സംരക്ഷണമാണ് ഉറപ്പുവരുത്തുന്നതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
ആജീവനാന്തകാലത്തെ സമ്പാദ്യം സ്വരുക്കൂട്ടി ഹജ്ജ് യാത്രക്കായി കാത്തിരിക്കുന്ന ലോകത്താകെയുളള ദശലക്ഷക്കണക്കിന് വരുന്ന മുസ്ലിം ജനതയെ നിരാശപ്പെടുത്തുന്നതാണ് തീരുമാനമെങ്കിലും സൗദിയിൽ ആഭ്യന്തര തീർത്ഥാടകർ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്. ഇത്തവണ ഹജ്ജ് കർമങ്ങൾ മുടങ്ങുമോ എന്ന ആശങ്കയിലായിരുന്നു അവർ.
ഈ മാസമാദ്യം ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മുസ്ലിം രാജ്യമായ ഇന്തോനേഷ്യ ഹജ്ജ് തീർത്ഥാടനത്തിൽ നിന്ന് പിന്മാറിയിരുന്നു. കഠിനവും പ്രയാസകരവുമായ തീരുമാനമായിരുന്നു ഇതെന്നായിരുന്നു ഇന്തോനേഷ്യൻ മന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.