• HOME
  • »
  • NEWS
  • »
  • gulf
  • »
  • Camel Hotel | ഒട്ടകങ്ങള്‍ക്ക് വേണ്ടിയുള്ള ലോകത്തെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലുമായി സൗദി അറേബ്യ

Camel Hotel | ഒട്ടകങ്ങള്‍ക്ക് വേണ്ടിയുള്ള ലോകത്തെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലുമായി സൗദി അറേബ്യ

സൗദിയില്‍ നടക്കുന്ന ആറാമത് കിംഗ് അബ്ദുള്‍ അസീസ് ഒട്ടകോത്സവത്തോടനുബന്ധിച്ചാണ് ഹോട്ടല്‍ തുറന്നിരിക്കുന്നത്.

  • Share this:
ലോകത്താദ്യമായി ഒട്ടകങ്ങള്‍ക്ക് (Camels) മാത്രമായി ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ (5-Star Hotel) തുറന്നിരിക്കുകയാണ് സൗദി അറേബ്യ (Saudi Arabia). റൂം സര്‍വീസ്, ഹൗസ് കീപ്പിംഗ്, ഒട്ടക പരിപാലനം, കാവല്‍, സുരക്ഷ തുടങ്ങിയ സേവനങ്ങൾ ഈ ഹോട്ടൽ ഒട്ടകങ്ങൾക്കായി വാഗ്ദാനം ചെയ്യുന്നു. സൗദിയില്‍ നടക്കുന്ന ആറാമത് കിംഗ് അബ്ദുള്‍ അസീസ് ഒട്ടകോത്സവത്തോടനുബന്ധിച്ചാണ് (King Abdulaziz Camel Festival) ഹോട്ടല്‍ തുറന്നിരിക്കുന്നത്.

'ടാറ്റ്മാന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒട്ടകങ്ങള്‍ക്ക് വിശ്രമിക്കുന്നതിനും മറ്റുമായി 120 ഓളം മുറികളുണ്ട്. നിലവില്‍ ഇവിടെ 50ലധികം ആളുകള്‍ തങ്ങളുടെ ഒട്ടകങ്ങളെ പരിപാലിക്കുന്നുണ്ടെന്ന് സൗദി ക്യാമല്‍ ക്ലബ്ബിന്റെ വക്താവ് മുഹമ്മദ് അല്‍ ഹര്‍ബിയെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നല്ല ഭക്ഷണം, ചൂട് പാല്‍, സൗന്ദര്യ സംരക്ഷണം എന്നിവ ഒട്ടകങ്ങൾക്കായി ഹോട്ടൽ ഒരുക്കുന്ന സേവനങ്ങളിൽ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

''ഇത്തരത്തിലുള്ള ഒരു ഹോട്ടൽ ലോകത്ത് തന്നെ ആദ്യത്തേതാണ്. വ്യത്യസ്തവും നൂതനവുമാണ് ഇതിന്റെ പ്രവർത്തനശൈലി. ക്ലീനിംഗ് റൂമുകള്‍ മുതല്‍ വാം എയര്‍ കണ്ടീഷനിംഗ് സൗകര്യം വരെ എല്ലാം ഇവിടെ ലഭ്യമാണ്,'' മുഹമ്മദ് അല്‍ ഹര്‍ബി കൂട്ടിച്ചേര്‍ത്തു. ഒട്ടകങ്ങളെ മുറികളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ആവശ്യമായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. ഹോട്ടലിൽ ഒരു ദിവസം തങ്ങുന്നതിന്റെ ചെലവ് ഏകദേശം 400 സൗദി റിയാല്‍ (ഏകദേശം 7900 ഇന്ത്യന്‍ രൂപ) ആണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഹോട്ടലിലെ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഒട്ടകങ്ങള്‍ക്കും ഉടമകള്‍ക്കും ഒരു പോലെ സംതൃപ്തി നല്‍കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഒട്ടകോത്സവത്തിനെത്തുന്ന ഉടമകള്‍ക്കും ക്ലബ് ഉദ്യോഗസ്ഥര്‍ക്കും ഈ ഹോട്ടല്‍ സൗകര്യപ്രദമാണെന്ന് മത്സരത്തിന് പങ്കെടുക്കാന്‍ എത്തിയ ഒട്ടക ഉടമ ഉമൈര്‍ അല്‍-ഖഹ്താനി പറഞ്ഞു. നാല് ദിവസത്തോളം തന്റെ ഒട്ടകങ്ങളെ ഈ ഹോട്ടലില്‍ താമസിപ്പിച്ച അദ്ദേഹം ഇവിടുത്തെ സേവനത്തില്‍ പൂര്‍ണ തൃപ്തനാണെന്നും അറിയിച്ചു.



'മരുഭൂമിയുടെ കപ്പല്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒട്ടകങ്ങള്‍ സൗദി അറേബ്യയുടെ പൈതൃകവുമായി അടുത്ത ബന്ധമുള്ള ജനപ്രിയ മൃഗങ്ങളാണ്. സൗദിയുടെ തലസ്ഥാനമായ റിയാദിന്റെ വടക്ക്-കിഴക്കന്‍ മേഖലയുള്ള മരുഭൂമിയില്‍ ഒന്നര മാസത്തോളം നീണ്ടുനില്‍ക്കുന്ന കിംഗ് അബ്ദുള്‍ അസീസ് ഒട്ടകോത്സവം ഒട്ടകങ്ങള്‍ക്ക് ഈ രാജ്യം നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ്.

സൗദിയിലെ ബഡൂയിന്‍ ഗോത്രത്തിന്റെ ആഘോഷമായ കിംഗ് അബ്ദുല്‍ അസീസ് ഒട്ടകോത്സവത്തിന്റെ ആറാംപതിപ്പാണ് സൗദിയില്‍ ഇത്തവണ നടന്നുവരുന്നത്. ആയിരത്തിലധികം ഒട്ടകങ്ങള്‍ പങ്കെടുക്കുന്ന ഈ ഉത്സവത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍ ഒട്ടക ഓട്ടവും ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരവും വില്‍പ്പനയുമാണ്. ഏറ്റവും വാശിയേറിയ മത്സരം പൊതുവെ നടക്കുന്നത് ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരത്തിലാണ്. ഒട്ടകങ്ങളുടെ തല, കഴുത്ത്, കൊമ്പുകള്‍, മൊത്തതിലുള്ള രൂപം, ഭാവം എന്നിവയുടെ സ്വഭാവിക ആകൃതിയെ അടിസ്ഥാനമാക്കിയാണ് അധികൃതര്‍ ഈ മത്സരത്തില്‍ വിജയിയെ തീരുമാനിക്കുന്നത്. ഏറ്റവും മനോഹരമായ ഒട്ടകങ്ങളുടെ ഉടമയ്ക്ക് ലഭിക്കുന്ന സമ്മാനത്തുക 66 മില്യണ്‍ ഡോളറാണ്.
Published by:Jayesh Krishnan
First published: