ജിദ്ദ: എഴുത്തുകാരനും മാധ്യമ പ്രവർത്തകനും പ്രവാസിയുമായ കെ യു ഇഖ്ബാൽ (KU Iqbal) അന്തരിച്ചു. 58 വയസായിരുന്നു. വ്യാഴാഴ്ച രാത്രി ജിദ്ദയിലെ (Jeddah) ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ലുക്കീമിയ ബാധിച്ച് ഏതാനും ദിവസങ്ങളായി ജിദ്ദ നാഷണൽ ആശുപത്രിയിലും തുടർന്ന് കിങ് ഫഹദ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.
2011 ൽ പുറത്തിറങ്ങുകയും ഏറെ പ്രചാരം ലഭിക്കുകയും ചെയ്ത കമൽ സംവിധാനം ചെയ്ത 'ഗദ്ദാമ' യുടെ കഥ ഇഖ്‌ബാലിന്റേതായിരുന്നു. മാതൃഭൂമി, മലയാളം ന്യൂസ് തുടങ്ങിയ ദിനപത്രങ്ങളുടെ സൗദിയിലെ റിപ്പോർട്ടർ ആയി പ്രവർത്തിച്ചിട്ടുള്ള ഇഖ്ബാൽ നിരവധി പ്രസിദ്ധീകരണങ്ങളിൽ എഴുതുകയും ചെയ്തിരുന്നു. 'നടുക്കണ്ടങ്ങൾ' എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ ഇഖ്ബാൽ ദീർഘകാലം ജിദ്ദയിലെയും പിന്നീട് റിയാദിലെയും മലയാളി കാലാ, സാമൂഹ്യ, സാഹിത്യ രംഗങ്ങളിലെ വേറിട്ട സാന്നിധ്യമായിരുന്നു. പിതാവ്: പരേതനായ ഉമര്‍ കുട്ടി, ഭാര്യ: റസീന. മക്കൾ: നഈം, അഹമ്മദ് അസദ് (വിദ്യാർഥികൾ).
2011 ഫെബ്രുവരി 4നാണ് ഗദ്ദാമ സിനിമ പുറത്തിറങ്ങിയത്. ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കായി എത്തപ്പെടുന്ന പ്രവാസി സ്ത്രീകളുടെ ജീവിതകഥയാണ് ഗദ്ദാമ പറയുന്നത്. വേലക്കാരി എന്നതിന്റെ അറബിയായ 'ഖാദിമ' എന്ന പദത്തിന്റെ അറബ് വാമൊഴി പ്രയോഗമാണ് ഗദ്ദാമ. ഭാഷാപോഷിണിയിൽ ഇഖ്ബാൽ എഴുതിയ ഗദ്ദാമ എന്ന ഫീച്ചറിനെ ആസ്പദമാക്കിയാണ് കെ. ഗിരീഷ്കുമാറും കമലും ചേർന്ന് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത്. സൗദി അറേബ്യയിലെ ഒരു മലയാളി വീട്ടുവേലക്കാരിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കാവ്യാമാധവനാണ് ഗദ്ദാമയായി എത്തിയത്. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഗദ്ദാമയെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രദർശനം തടയപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.