നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • UAE labour laws | യുഎഇയിലെ പൊതു സ്വകാര്യ മേഖലകളിൽ അറിഞ്ഞിരിക്കേണ്ട ഏഴ് തൊഴിൽ നിയമങ്ങൾ

  UAE labour laws | യുഎഇയിലെ പൊതു സ്വകാര്യ മേഖലകളിൽ അറിഞ്ഞിരിക്കേണ്ട ഏഴ് തൊഴിൽ നിയമങ്ങൾ

  പുതിയ തൊഴിൽ നിയമങ്ങൾ യുഎഇയുടെ ഏറ്റവും വലിയ നിയമനിർമ്മാണ പരിഷ്കാരങ്ങളുടെ ഭാഗമാണ്

  • Share this:
   യുഎഇയിൽ (UAE) പൊതു - സ്വകാര്യ മേഖലാ തൊഴിലുകൾക്ക് ഇനി ഒരേ നിയമങ്ങൾ. ഫെഡറൽ ഗവൺമെന്റിന്റെയും സ്വകാര്യ മേഖലയുടെയും പ്രവർത്തന സംവിധാനങ്ങളെ ഏകീകരിക്കുന്ന പൊതു നിയന്ത്രണങ്ങൾ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (Ministry of Human Resources and Emiratisation) തിങ്കളാഴ്ച പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 2 മുതൽ, ഫെഡറൽ സ്ഥാപനങ്ങളിലെയും സ്വകാര്യ കമ്പനികളിലെയും ജീവനക്കാർക്ക് ഒരുപോലെ ലീവുകളും (Leave) വിരമിക്കൽ ആനുകൂല്യങ്ങളും ലഭിക്കും. കൂടാതെ പാർട്ട് ടൈം (Part Time), താൽക്കാലിക വർക്ക് മോഡലുകൾ പോലുള്ള ജോലി സമയങ്ങൾ തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനുകൾ ഉണ്ടായിരിക്കും.

   2021ലെ നമ്പർ. 47 ഫെഡറൽ ഡിക്രി നിയമപ്രകാരം (Federal Decree Law no. 47 of 2021) വംശം, നിറം, ലിംഗഭേദം, മതം, ദേശീയത, അല്ലെങ്കിൽ വൈകല്യം പോലുള്ളവയെ അടിസ്ഥാനമാക്കി തൊഴിലുടമകളെ റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കുന്ന വകുപ്പുകൾ പ്രകാരം രാജ്യത്തുടനീളമുള്ള ജീവനക്കാർക്ക് പരിരക്ഷ ലഭിക്കും.

   യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകരിച്ച പുതിയ തൊഴിൽ നിയമങ്ങൾ യുഎഇയുടെ ഏറ്റവും വലിയ നിയമനിർമ്മാണ പരിഷ്കാരങ്ങളുടെ ഭാഗമാണ്. അടുത്ത അഞ്ച് പതിറ്റാണ്ടിലേക്കുള്ള പുതിയ യാത്രയ്ക്ക് രാജ്യം തുടക്കമിടുമ്പോൾ 40 നിയമങ്ങളിൽ ഭേദഗതി വരുത്തി.

   രണ്ട് മേഖലകളിലെയും ജീവനക്കാർക്ക് ഒരേ അവകാശങ്ങൾ നൽകുന്നതു വഴി ലോകമെമ്പാടുമുള്ള പ്രതിഭകളെ ആകർഷിക്കുകയും മത്സരാധിഷ്ഠിതമായ ഒരു തൊഴിൽ വിപണി കെട്ടിപ്പടുക്കുകയാണ് ഏകീകൃത നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി ഡോ അബ്ദുൾറഹ്മാൻ അൽ അവാർ പത്രസമ്മേളനത്തിൽ പറഞ്ഞു. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള വിടവ് നികത്തുന്നതാണ് ഏകീകൃത പൊതുനിയമങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

   "രണ്ട് മേഖലകളെയും ഏകീകരിക്കുന്നതിലൂടെ, തൊഴിലുടമകളുടെയും ജീവനക്കാരുടെയും ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുന്ന ഒരു സംയോജിതവും സുസ്ഥിരവും കാര്യക്ഷമവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു." അബ്ദുൾറഹ്മാൻ അൽ അവാർ പറഞ്ഞു.

   പൊതു - സ്വകാര്യ മേഖലകളെ ഏകീകരിക്കുന്ന പ്രധാനപ്പെട്ട ഏഴ് നിയമങ്ങൾ

   1. താൽക്കാലിക, പാർട്ട് ടൈം ജോലികൾ
   ഫെഡറൽ സ്ഥാപനങ്ങളിലും സ്വകാര്യ കമ്പനികളിലും ജോലിയ്ക്കായി അപേക്ഷിക്കുമ്പോൾ യുഎഇ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും മുഴുവൻ സമയ ജോലിയ്ക്ക് പുറമെ, താൽക്കാലിക അല്ലെങ്കിൽ പാർട്ട് ടൈം ജോലികൾക്കും അപേക്ഷിക്കാം.

   നിയമം അനുസരിച്ച് ആഴ്ചയിൽ 48 മണിക്കൂർ എന്ന സമയ പരിധി കവിയുന്നില്ലെങ്കിൽ ജീവനക്കാർക്ക് പാർട്ട്ടൈം, ഫുൾടൈം എന്നിങ്ങനെ ഒന്നിലധികം ജോലികൾ ചെയ്യാവുന്നതാണ്. എന്നാൽ ജീവനക്കാർക്ക് ക്ഷീണമുണ്ടാകാതിരിക്കാനും തൊഴിലുടമകൾ മനുഷ്യവിഭവശേഷി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനുമായി മൂന്നാഴ്‌ചയ്‌ക്കുള്ളിൽ ശരാശരി 144 മണിക്കൂർ പരിധി സ്ഥാപിക്കുമെന്നും ഡോ അൽ അവർ പറഞ്ഞു.

   തൊഴിലുടമകൾക്കും ജീവനക്കാർക്കും അവരുടെ ബിസിനസ്സ് താൽപ്പര്യങ്ങൾ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കാവുന്ന തരത്തിലുള്ള വിവിധ തരം തൊഴിൽ സ്കീമുകൾ താഴെ പറയുന്നവയാണ്.

   പാർട്ട് ടൈം ജോലി: നിശ്ചിത മണിക്കൂറുകളോ ദിവസങ്ങളോ ഒന്നിലധികം തൊഴിലുടമകൾക്ക് കീഴിൽ ജോലി ചെയ്യാൻ ഈ സ്കീം ജീവനക്കാരെ അനുവദിക്കുന്നു.

   താൽക്കാലിക ജോലി: ഒരു പ്രോജക്റ്റ് അടിസ്ഥാനത്തിലോ നിർദ്ദിഷ്ട കാലാവധിയിലേയ്ക്കോ ജീവനക്കാരെ നിയമിക്കുന്ന രീതിയാണ് ഇത്. പ്രൊജക്ട് പൂർത്തിയാകുന്നതോടെ കരാറുകൾ അവസാനിക്കും.

   ഫ്ലെക്സിബിൾ ജോലി: ഈ സ്കീം ജോലി സാഹചര്യങ്ങളും ആവശ്യകതകളും അനുസരിച്ച് വ്യത്യസ്ത ദിവസങ്ങളിലും സമയങ്ങളിലും ജോലി ചെയ്യാൻ ജീവനക്കാരെ അനുവദിക്കുന്നു. ജീവനക്കാർക്ക് തന്നെ അവരുടെ ജോലി സമയം തിരഞ്ഞെടുക്കാം.

   2. ലീവുകൾ
   ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലെയും സ്വകാര്യ കമ്പനികളിലെയും ജീവനക്കാർക്ക് ആനുവൽ ലീവ്, മെറ്റേണിറ്റി ലീവ്, പറ്റേണിറ്റി ലീവ്, സ്റ്റഡീ ലീവ് എന്നിവയ്ക്ക് ഒരുപോലെ അർഹതയുണ്ട്.

   പുതിയ തൊഴിൽ നിയമത്തിൽ കൊണ്ടുവന്ന താൽക്കാലിക, പാർട്ട് ടൈം, ഫ്ലെക്സിബിൾ വർക്ക് കരാറുകൾ തിരഞ്ഞെടുക്കുന്ന ജീവനക്കാർക്ക് വാർഷിക അവധികൾ വ്യത്യസ്ത രീതിയിലാകും കണക്കാക്കുക.

   വാർഷിക അവധികൾ: ഫെഡറൽ ഗവൺമെന്റിലെയും സ്വകാര്യ കമ്പനികളിലെയും മുഴുവൻ സമയ ജീവനക്കാർക്ക് എല്ലാ വർഷവും 30 ദിവസത്തെ വാർഷിക അവധിക്ക് അർഹതയുണ്ട്. ജീവനക്കാർ ആറുമാസത്തെ ജോലി പൂർത്തിയാക്കിക്കഴിഞ്ഞാൽ, വർഷം പൂർത്തിയാക്കുന്നതിന് മുമ്പ് എല്ലാ മാസവും രണ്ട് ശമ്പളത്തോടെയുള്ള അവധിക്ക് അർഹതയുണ്ട്.

   മെറ്റേണിറ്റി ലീവ്: രണ്ട് മേഖലകളിലും, പ്രസവാവധി 60 ദിവസമായിരിക്കും, അതിൽ 45 ദിവസം മുഴുവൻ വേതനവും, പകുതി വേതനത്തിൽ 15 ദിവസവും അവധി ലഭിക്കും. പ്രസവത്തിന് ശേഷം ജോലിയിൽ തിരിച്ചെത്തുന്ന അമ്മമാർക്ക് പ്രസവം മുതൽ ആറ് മാസത്തേക്ക് മുലയൂട്ടാൻ ദിവസത്തിൽ ഒരു മണിക്കൂർ സമയം ലഭിക്കും.

   വനിതാ ജീവനക്കാർക്ക് അവരുടെ പ്രസവാവധി മറ്റേതെങ്കിലും അവധികളുമായി സംയോജിപ്പിച്ചും എടുക്കാം. കൂടാതെ തൊഴിലുടമകൾക്ക് പ്രസവാവധി എടുത്തതിന് ഒരു ജീവനക്കാരിയെ പിരിച്ചുവിടാൻ കഴിയില്ല.

   പറ്റേണിറ്റി ലീവ്: കുഞ്ഞ് ജനിച്ച് ആദ്യത്തെ ആറ് മാസത്തിനകം തുടർച്ചയായോ അല്ലാതെയോ പുരുഷന്മാർക്ക് അഞ്ച് ദിവസത്തെ പറ്റേണിറ്റി ലീവ് ക്ലെയിം ചെയ്യാം.

   ഉറ്റവരുടെ വിയോഗശേഷം എടുക്കാവുന്ന അവധി: ജീവിതപങ്കാളിയുടെ മരണശേഷം ജീവനക്കാർക്ക് അഞ്ച് ദിവസത്തെ അവധിയും അടുത്ത കുടുംബാംഗങ്ങളുടെ മരണശേഷം മൂന്ന് ദിവസത്തെ അവധിയും ലഭിക്കും.

   സിക്ക് ലീവ്: ജീവനക്കാർക്ക് ഒരു വർഷത്തിൽ കുറഞ്ഞത് 90 ദിവസത്തെ സിക്ക് ലീവിന് അർഹതയുണ്ട്. അതിൽ 15 ശമ്പളമുള്ള ലീവുകളും, 30 ദിവസം പകുതി ശമ്പളത്തിലും ബാക്കിയുള്ള ദിവസങ്ങളിൽ ശമ്പളമില്ലാതെയും അവധി ലഭിക്കും.

   സ്റ്റഡി ലീവ്: രാജ്യത്തിനകത്തും പുറത്തുമുള്ള യുഎഇ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിലോ സർവകലാശാലയിലോ പഠിക്കുന്ന ജീവനക്കാർക്ക് പരീക്ഷകൾക്കായി വർഷത്തിൽ 10 ദിവസത്തെ അവധി ലഭിക്കും.

   3. വിരമിക്കൽ ആനുകൂല്യങ്ങൾ
   ഫെഡറൽ ഗവൺമെന്റിലും സ്വകാര്യ മേഖലയിലും ജീവനക്കാരുടെ ഗ്രാറ്റുവിറ്റി ഏകീകരിക്കുന്നതിനു പുറമേ, തൊഴിൽ വിപണിയിൽ അവരുടെ മത്സരശേഷി വർദ്ധിപ്പിക്കുകയും പ്രതിഭകളെ ആകർഷിക്കുകയും ചെയ്യുന്ന അധിക ഗ്രാറ്റുവിറ്റി സ്കീമുകളും നടപ്പിലാക്കാൻ പുതിയ നിയമങ്ങൾ തൊഴിലുടമകളെ പ്രാപ്തരാക്കുന്നു.

   "ഉദാഹരണത്തിന്, തൊഴിലുടമകൾക്ക് ജീവനക്കാർ ജോലിയിൽ പ്രവേശിച്ച തീയതി മുതൽ അവരുടെ ഗ്രാറ്റുവിറ്റിയിൽ നിക്ഷേപിക്കാൻ ഒരു സേവിംഗ്സ് സ്കീം സ്വീകരിക്കാൻ കഴിയും" ഡോ. അൽ അവാർ വിശദീകരിച്ചു. അതിവേഗം വളരുന്ന തൊഴിൽ വിപണിയിൽ ജീവനക്കാരുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിന് അധിക ഗ്രാറ്റുവിറ്റി സ്കീമുകൾ പോലുള്ള പൊതു നിയമങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

   2022 ഫെബ്രുവരി 2 മുതൽ, മുഴുവൻ സമയ സ്വകാര്യ മേഖല, ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് ജോലിയുടെ ആദ്യ അഞ്ച് വർഷത്തെ ഓരോ വർഷവും 21 ദിവസത്തെ അടിസ്ഥാന ശമ്പളത്തിന് തുല്യമായ ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ട്. അഞ്ച് വർഷത്തിൽ കൂടുതൽ സേവനം അനുഷ്ഠിക്കുന്നവർക്ക് ആദ്യത്തെ അഞ്ച് വർഷത്തിന് ശേഷം ജോലി ചെയ്യുന്ന ഓരോ വർഷത്തിലും 30 ദിവസത്തെ ശമ്പളത്തിന് തുല്യമായ ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ട്.

   കഴിഞ്ഞ മാസം അവതരിപ്പിച്ച പുതിയ താൽക്കാലിക, ഫ്ലെക്സിബിൾ, പാർട്ട് ടൈം തൊഴിൽ മോഡലുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും പ്രത്യേകം ഗ്രാറ്റുവിറ്റി നിയമം നടപ്പിലാക്കിയിട്ടുണ്ട്. ഈ നിയമപ്രകാരം, ഒരു വർഷത്തെ ജോലി പൂർത്തിയാക്കാത്ത ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി നൽകില്ല.

   4. കരാറുകൾ
   പുതിയ പൊതുനിയമങ്ങൾ നിരവധി തൊഴിൽ കരാറുകളുടെ ഓപ്ഷൻ ഇല്ലാതാക്കുന്നു. കഴിഞ്ഞ മാസം പ്രഖ്യാപിച്ച പുതിയ തൊഴിൽ നിയമം, അൺലിമിറ്റഡ് കരാറുകൾക്ക് പകരം സ്വകാര്യ മേഖലയ്ക്ക് മൂന്ന് വർഷത്തിൽ കവിയാത്ത പരിമിതമായ കരാറുകളാണ് നൽകിയിരിക്കുന്നത്. ഏകീകൃത പൊതു നിയന്ത്രണങ്ങൾ കാരണം ഫെഡറൽ ഗവൺമെന്റിനും ഈ നിയമം ബാധകമാണ്.

   5. ജോലി സമയം
   പുതിയ നിയമ പ്രകാരം, ഫെഡറൽ ഗവൺമെന്റ്, സ്വകാര്യ മേഖല ജീവനക്കാർക്ക് ഒരു ദിവസം പരമാവധി എട്ട് മണിക്കൂറും ആഴ്ചയിൽ പരമാവധി 48 മണിക്കൂറുമാണ് ജോലി ചെയ്യാവുന്നത്. ഓവർടൈം ജോലിയ്ക്കുള്ള അധിക തുക നേടിയും ജോലി ചെയ്യാം. ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും ശമ്പളത്തോടുകൂടിയ അവധിക്കും ജീവനക്കാർക്ക് അർഹതയുണ്ട്.

   ഫെഡറൽ ഗവൺമെന്റിൽ പുതിയ 4.5 ദിവസത്തെ വർക്ക് വീക്ക് ബാധകമാകുന്നതോടെ, പുതിയ തൊഴിൽ നിയമം സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്ക് അവധി ദിവസങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നതായും യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി ഡോ അബ്ദുൾറഹ്മാൻ അൽ അവാർ പറഞ്ഞു.

   യു.എ.ഇ.യിലുടനീളമുള്ള ചില സ്വകാര്യ കമ്പനികൾ തങ്ങളുടെ ബിസിനസ്സ് താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനുമായി പുതിയ വർക്ക് വീക്ക് രീതി ഉപയോഗിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

   “പുതിയ വർക്ക് വീക്കിന്റെ പ്രഖ്യാപനം മുതൽ, നിരവധി സ്വകാര്യ കമ്പനികൾ ജീവനക്കാർക്ക് അവധി നൽകുന്നുണ്ട്. ചിലർ 3 ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ചു, മറ്റുചിലർ വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം ഓപ്ഷനുകൾ പ്രഖ്യാപിച്ചു. ഫെഡറൽ ഗവൺമെന്റും സ്വകാര്യ മേഖലകളും തമ്മിലുള്ള വിടവ് നികത്തുക എന്നതാണ് ഏകീകൃത പൊതു നിയന്ത്രണങ്ങൾക്ക് പിന്നിലെ പ്രധാന ലക്ഷ്യമെന്നും" അദ്ദേഹം പറഞ്ഞു.

   6. വിവേചന വിരുദ്ധ നിയമം
   പുതിയ നിയന്ത്രണങ്ങളിലെ വിവേചന വിരുദ്ധ വ്യവസ്ഥകൾ പ്രകാരം, വംശം, നിറം, ലിംഗഭേദം, മതം, ദേശീയത, വൈകല്യം എന്നിവയുടെ അടിസ്ഥാനത്തിൽ തൊഴിലുടമകളെ നിയമിക്കുന്നത് നിരോധിച്ചിരിക്കുന്നു. എന്നാൽ എമിറേറ്റൈസേഷൻ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന നിയമങ്ങളും നടപടിക്രമങ്ങളും വിവേചനമായി പരിഗണിക്കില്ല.

   7. പ്രായപൂർത്തിയാകാത്തവരുടെ തൊഴിൽ
   18 വയസ്സിന് താഴെയുള്ള കൗമാരക്കാരെ നിയമിക്കുന്നതിൽ നിന്ന് പൊതു, സ്വകാര്യ തൊഴിലുടമകൾക്ക് ചില വിലക്കുകളുണ്ട്. നിയമനിർമ്മാണ നിയമങ്ങളിലെ ചില വ്യവസ്ഥകൾക്ക് കീഴിൽ പ്രത്യേക മേഖലകൾക്ക് 15 വയസ്സിന് മുകളിലുള്ള കൗമാരക്കാരെ നിയമിക്കാൻ കഴിയും. 15 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർക്ക് പ്രതിദിനം ആറ് മണിക്കൂറിലധികം ജോലി ചെയ്യാൻ സാധിക്കില്ല. കുട്ടികൾ തുടർച്ചയായി നാല് മണിക്കൂർ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്ന വിധത്തിൽ കുറഞ്ഞത് ഒരു മണിക്കൂർ ഇടവേള നൽകണം. പ്രായപൂർത്തിയാകാത്തവർക്ക് അവരുടെ രക്ഷിതാക്കളിൽ നിന്ന് രേഖാമൂലമുള്ള സമ്മതവും മെഡിക്കൽ ഫിറ്റ്‌നസ് റിപ്പോർട്ടും നേടിയ ശേഷം മാത്രമേ ജോലി ചെയ്യാൻ കഴിയൂ.
   Published by:Karthika M
   First published:
   )}