ദുബായ്; ലക്ഷങ്ങൾ വില വരുന്ന ഫേസ് മാസ്ക്കുകളും മറ്റു കോവിഡ് പ്രതിരോധ ഉപകരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ ആറു പാകിസ്ഥാനികൾക്ക് ദുബായിൽ തടവുശിക്ഷ. മാസ്ക്കുകൾ കൂടാതെ പിപിഇ കിറ്റുകൾ, ഫേസ് ഷീൽഡ് തുടങ്ങിയ കോവിഡ് പ്രതിരോധ ഉപകരണങ്ങളും ഇവർ മോഷ്ടിച്ചു. ഇവരെ ദുബായ് കോടതി ആറു മാസത്തെ തടവിനും രണ്ടര കോടി രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. കൂടാതെ തടവുശിക്ഷ പൂർത്തിയായാൽ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ജൂൺ 18നാണ് പാകിസ്ഥാനികളായ ആറുപേർക്കെതിരെ അൽ റഷീദിയ പൊലീസ് സ്റ്റേഷനിൽ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഇവരെ പിന്നീട് പ്രോസിക്യൂഷന് കൈമാറി. 24 നും 45 നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ.
കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ മൊത്തവിൽപനക്കാരായ സ്ഥാപനത്തിലെ ചൈനീസ് ജീവനക്കാരനാണ് മോഷണം സംബന്ധിച്ച് പൊലീസിൽ വിവരം അറിയിച്ചത്. “ഞാൻ റാസ് അൽ ഖോർ വ്യവസായ മേഖലയിലെ വെയർഹൌസിലെ ജീവനക്കാരനാണ്. ജൂൺ 18 ന് രാവിലെ 9.30 ഓടെ ജോലിക്ക് എത്തിയപ്പോൾ വെയർഹൌസിലെ പൂട്ടുകൾ തകർന്നതായി കണ്ടെത്തി. 1000 ഫേസ് മാസ്ക്കുകൾ അടങ്ങിയ ഇരുന്നൂറോളം ബോക്സുകൾ കാണാനില്ലായിരുന്നു. കൂടാതെ ഫേസ് ഷീൽഡ്, പിപിഇ കിറ്റ് എന്നിയടങ്ങിയ വലിയ പെട്ടുകൾ മോഷണം പോയിരുന്നു. ഞാൻ സംഭവം പോലീസിനെ അറിയിച്ചു. ”- ചൈനീസ് ഉദ്യോഗസ്ഥൻ കോടതിയിൽ മൊഴി നൽകി.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചരിഞ്ഞത്. പുലർച്ചെ രണ്ടുമണിയോടെയാണ് ആറ് പേരും വെയർഹൗസ് കൊള്ളയടിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ ഉപയോഗിച്ച വാഹനം കണ്ടെത്തി. അതിനുള്ളിൽ വെയർഹൌസിന്‍റെ പൂട്ടുകൾ തകർക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തി. രണ്ടു ദിവസത്തിനുള്ളിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മാസ്‌ക്കുകൾ പിന്നീട് ഒരു ബംഗ്ലാദേശുകാരന് വിറ്റതായും പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dubai, Gulf news, Stealing face masks, Uae