• HOME
 • »
 • NEWS
 • »
 • gulf
 • »
 • സുൽത്താൻ ഖാബൂസ് ബിൻ സഈദ്; ആധുനിക ഒമാന്റെ ശിൽപി; അറിയേണ്ടതെല്ലാം

സുൽത്താൻ ഖാബൂസ് ബിൻ സഈദ്; ആധുനിക ഒമാന്റെ ശിൽപി; അറിയേണ്ടതെല്ലാം

1970 ജൂലൈയ്‌ക്ക് മുമ്പ്, ഒമാൻ അവികസിത രാജ്യമായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ, റോഡുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സംരക്ഷണം എന്നീ രംഗങ്ങളിലെല്ലാം വളരെ പുറകിൽ.  ഇതു കാരണം മറ്റു രാജ്യങ്ങളിൽ നിന്ന് രാഷ്‌ട്രീയ ഒറ്റപ്പെടലും ഒമാൻ അനുഭവിച്ചിരുന്നു.

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ്

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ്

 • Share this:
  ചുരുങ്ങിയ സമയത്തിനുള്ളിൽ വികസിച്ച ഒരു അറബ് രാജ്യം എന്ന നിലയിൽ അതിന്റെ സ്വത്വം, അതുല്യ സംസ്കാരം, പാരമ്പര്യങ്ങൾ, പൈതൃകം എന്നിവ വിജയകരമായി നിലനിർത്താൻ ഒമാന് കഴിഞ്ഞിട്ടുണ്ട്. സുൽത്താനായ ഖാബൂസ് ബിൻ സഈദിന്റെ നേതൃത്വവും കാഴ്ചപ്പാടുകളും ഒമാനി ജനതയുടെ കഠിനാധ്വാനവുമാണ് ഈ നേട്ടത്തിലേക്ക് രാജ്യത്തെ നയിച്ചത്.

  ആരാണ് സുൽത്താൻ ഖാബൂസ് ബിൻ സഈദ്?

  1940ൽ തെക്കൻ ഒമാനിലെ ധോഫറിലെ സലാലയിലാണ് സുൽത്താൻ ഖാബൂസ് ബിൻ സഈദ് ജനിച്ചത്. ബുസൈദി കുടുംബത്തിലെ എട്ടാമത്തെ സുൽത്താനാണ് അദ്ദേഹം. 1744 ൽ ഇമാം അഹമ്മദ് ബിൻ സഈദ് സ്ഥാപിച്ചതാണ് ഈ രാജ കുടുംബം. അറബ് ലോകത്ത് തന്നെ നീണ്ടകാലമായി ഔദ്യോഗിക പദവിയിൽ തുടരുന്ന നേതാവായിരുന്നു അദ്ദേഹം. 48 വർഷമായി ഒമാന്റെ ഭരണാധികാരിയായി ഖാബൂസ് ബിൻ സഈദ് തുടരുകയാണ്.

  ഇരുപതുകളിൽ റോയൽ മിലിട്ടറി അക്കാദമി സാൻ‌ഹർ‌സ്റ്റിൽ പഠിച്ച അദ്ദേഹം ബിരുദാനന്തര ബിരുദാനന്തരം ബ്രിട്ടീഷ് ആർമിയിൽ ചേർന്നു. പ്രാഥമിക വിദ്യാഭ്യാസം ഇന്ത്യയിലായിരുന്നു. 1966 ൽ ഒമാനിലേക്ക് മടങ്ങുന്നതിനുമുമ്പ് അദ്ദേഹം ഇംഗ്ലണ്ടിലും പഠിച്ചു. തന്റെ രാജ്യത്തെ രാഷ്ട്രീയ ഒറ്റപ്പെടലിലും സാമ്പത്തിക സാഹചര്യത്തിലും അതൃപ്തിയുള്ള അദ്ദേഹം 1970 ൽ പിതാവിനെ സ്ഥാനത്തു നിന്ന് നീക്കി.

  സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ഭരണകാലം

  1970 ജൂലൈയ്‌ക്ക് മുമ്പ്, ഒമാൻ അവികസിത രാജ്യമായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ, റോഡുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സംരക്ഷണം എന്നീ രംഗങ്ങളിലെല്ലാം വളരെ പുറകിൽ.  ഇതു കാരണം മറ്റു രാജ്യങ്ങളിൽ നിന്ന് രാഷ്‌ട്രീയ ഒറ്റപ്പെടലും ഒമാൻ അനുഭവിച്ചിരുന്നു.

  സുൽത്താൻ ഖാബൂസ് എണ്ണ ഉൽപാദനം ആരംഭിക്കുകയും അതിൽ നിന്നുള്ള വരുമാനം ഒമാന്റെ വികസനത്തിനായി ഉപയോഗിക്കുകയും ചെയ്തു. ആധുനിക അടിസ്ഥാന സൗകര്യങ്ങൾക്ക് അടിത്തറയിട്ടു. സ്കൂളുകൾ, സർവകലാശാലകൾ, ഹോട്ടലുകൾ, ആശുപത്രികൾ, ബാങ്കുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവ നിർമ്മിച്ചു. രാജ്യത്തിന്റെ ദേശീയ കറൻസിയായി ഒമാനി റിയാൽ സ്ഥാപിക്കുകയും അടിമത്തം നിർത്തലാക്കുകയും ചെയ്തു. രാഷ്ട്രീയ വ്യവസ്ഥയെ രാജവാഴ്ചയിലേക്ക് പരിവർത്തനം ചെയ്തു. മസ്കറ്റ് ആൻഡ് ഒമാൻ എന്ന പേരിന് പകരം സുൽത്താനേറ്റ് ഓഫ് ഒമാൻ എന്ന പേര് സ്വീകരിച്ചു. ഇതിലൂടെ രാജ്യത്തെ ഒന്നിപ്പിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

  ഇന്ത്യ, പാകിസ്ഥാൻ, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നു തൊഴിൽ തേടിയെത്തിവരെ ഒമാൻ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഈ രാജ്യങ്ങളുമായി ശക്തമായ ബന്ധം ഒമാൻ എന്നും നിലനിർത്തിപോന്നു. എല്ലാ ഒമാനികളെയും ഒരുകുടക്കീഴിൽ കൊണ്ടുവരുന്നതിന് സുൽത്താൻ ഖാബൂസിന് കഴിഞ്ഞു. ഒമാനി പൈതൃകവും പാരമ്പര്യങ്ങളും മുറുകെപിടിച്ച അദ്ദേഹം രാജ്യത്തിന്റെ തനതായ സംസ്കാരത്തെ ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്തു. സ്വന്തം സ്വത്വം മുറുകെ പിടിക്കാനും അതിൽ അഭിമാനിക്കാനും അദ്ദേഹം ഒമാനികളെ നിരന്തരം പ്രേരിപ്പിച്ചു.

  സുൽത്താൻ ഖാബൂസ് ബിൻ സഈദിനോടുള്ള ഒമാന്റെ സ്നേഹം

  ഒമാനി ജനതയുടെ ശക്തിയിലും കഴിവുകളിലും അദ്ദേഹം വിശ്വസിച്ചു, രാജ്യം കെട്ടിപ്പടുക്കുന്നതിന് കഠിനമായി പരിശ്രമിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു. അവരുടെ വിദ്യാഭ്യാസം സുഗമമാക്കുന്നതിനും അവർക്ക് തൊഴിലവസരങ്ങളും തുല്യ അവകാശങ്ങളും നൽകുന്നതിനും കഠിനമായി പരിശ്രമിച്ചു.

  തങ്ങൾ ഇന്ന് അനുഭവിക്കുന്ന അന്തസ്സാർന്ന ജീവിതത്തിനും വികസനത്തിനും സുസ്ഥിരതക്കും സുരക്ഷക്കും ഒമാനി ജനത അവരുടെ മഹാനായ നേതാവിനോട് കടപ്പെട്ടിരിക്കുന്നു. മധ്യേഷ്യയിലെ ഏറ്റവും മികച്ച, ജനകീയനായ നേതാക്കളിൽ ഒരാളാണ് സുൽത്താൻ ഖാബൂസ്. അതുകൊണ്ടാണ് ഒമാൻ ഒരു ഭീകരവിരുദ്ധ രാജ്യമായത്. സന്ദർശനത്തിനും താമസത്തിനും ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിൽ ഒന്നാണ് ഇന്ന് ഒമാൻ.

  ഒമാനികൾ എല്ലാ വർഷവും നവംബർ 18ന് സുൽത്താന്റെ ജന്മദിനം വിപുലമായി ആഘോഷിക്കുന്നു. ഇത് അവരുടെ ദേശീയ ദിനമായി കണക്കാക്കുന്നു. പരേഡുകളും പ്രകടനങ്ങളും ആഘോഷങ്ങളും ഇതേദിവസം നടക്കുന്നു. ഇത് അവധി ദിവസം കൂടിയാണ്. ഒമാനികൾക്ക് ജൂലൈ 23ഉം ആഘോഷദിനമാണ്. 1970ൽ ഇതേ ദിവസമാണ് സുൽത്താൻ ഖാബൂസ് ബിൻ സഈദ് അധികാരത്തിലെത്തിയത്. അതിനാൽ ജൂലൈ 23 നവോത്ഥാന ദിനമായി ഒമാനികൾ ആഘോഷിക്കുന്നു.

  Also Read- സുൽത്താൻ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു; വിടവാങ്ങിയത് ഒമാനെ മാറ്റത്തിന്റെ പാതയിലേക്ക് നയിച്ച ഭരണാധികാരി

  സുൽത്താൻ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു; വിടവാങ്ങിയത് ഒമാനെ മാറ്റത്തിന്റെ പാതയിലേക്ക് നയിച്ച ഭരണാധികാരി

  സുൽത്താൻ ഖാബൂസ് ബിൻ സഈദിന് പിൻഗാമി; ഹൈതം ബിൻ താരിഖ് അൽ സഈദ് ഒമാന്റെ പുതിയ ഭരണാധികാരി
  Published by:Rajesh V
  First published: