ഷാർജ: സ്വന്തം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്ന കാര്യം ഉറപ്പാക്കിയശേഷം തൃശൂര്‍ സ്വദേശി ഷാർജയില്‍ ജീവനൊടുക്കി. തൃശൂർ കീഴൂർ സ്വദേശി സതീഷ് (55) ആണ് മരിച്ചത്. ഏറെ കാലമായി യുഎഇയിലുള്ള ഇദ്ദേഹം പ്രമുഖ റെന്റ് എ കാർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞയാഴ്ച സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയെ ഫോൺ വിളിച്ച് തന്റെ കൂടെ താമസിക്കുന്നയാൾ ആത്മഹത്യ ചെയ്തെന്നും മൃതദേഹം വൈകാതെ നാട്ടിലെത്തിക്കണമെന്നും അഭ്യർഥിച്ച ശേഷം എന്നെന്നേക്കുമായി സതീഷ് യാത്ര പറയുകയായിരുന്നു. പിന്നീട്, ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി. ഇതുസംബന്ധമായി അഷ്റഫ് താമരശ്ശേരി ഫെയ്സ് ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു.
വെള്ളിയാഴ്ച രാവിലെ പത്തിനായിരുന്നു അഷ്റഫിനെ തേടി സന്തോഷ് ആണെന്ന് പറഞ്ഞ് സതീഷിന്റെ ഫോൺ വിളിയെത്തിയത്. തന്റെ കൂടെ താമസിക്കുന്നയാൾ തൂങ്ങി മരിച്ചെന്നും മൃതദേഹം എന്നാണ് നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ സാധിക്കുക എന്നായിരുന്നു ചോദ്യം. വെള്ളി, ശനി ദിവസങ്ങൾ യുഎഇയിൽ വാരാന്ത്യ അവധിയായതിനാൽ ഇനി ഞായറാഴ്ച വൈകിട്ടോടെ മാത്രമേ പറ്റുകയുള്ളൂ എന്ന് മറുപടി നൽകി. വൈകാതെ തന്റെ കമ്പനിയിലെ പിആർഒ താങ്കളെ വിളിക്കുമെന്നും ഞായറാഴ്ച തന്നെ കൊണ്ടുപോകാൻ ശ്രമിക്കണേ എന്നും ഒരിക്കൽക്കൂടി അഭ്യർഥിച്ചാണ് അയാൾ ഫോൺ കട്ട് ചെയ്തത്.
Also Read-
Swami Prakashananda Passes Away| ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി
അന്ന് ഉച്ചയ്ക്ക് രണ്ടു കഴിഞ്ഞ് പിആർഒയുടെ ഫോൺ അഷ്റഫിനെ തേടിയെത്തി. തന്റെ കമ്പനിയിലെ ഒരു ജീവനക്കാരൻ തൂങ്ങി മരിച്ചെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നുമായിരുന്നു ആവശ്യം. രാവിലെ മരിച്ച വിവരം അറിയിക്കാൻ വൈകിയതെന്താണെന്ന് ചോദിച്ചപ്പോൾ, രാവിലെയല്ല, കുറച്ച് സമയം മുൻപാണ് മരിച്ചതെന്നായിരുന്നു മറുപടി. കമ്പനിയുടെ പേര് ചോദിച്ചറിഞ്ഞപ്പോൾ, ഇതേ കമ്പനിയിലെ സന്തോഷ് എന്നയാൾ രാവിലെ വിളിച്ച് മരണം അറിയിച്ചിരുന്നു എന്ന് മറുപടി നൽകി. എന്നാൽ, അത് സതീഷ് ആണെന്നും ആ വ്യക്തി തന്നെയാണ് മരിച്ചതെന്നും പിആർഒ അപ്പോൾ വെളിപ്പെടുത്തുകയായിരുന്നു. ഏറെ സങ്കടകരമായ സംഭവമായതിനാൽ യുവാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അഷ്റഫ് വെളിപ്പെടുത്തിയില്ല. മാത്രമല്ല, പേരും മറച്ചുവയ്ക്കുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.