ദുബായ്: ലേബർ ക്യാംപിൽ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഇന്ത്യക്കാരനെതിരെ നിയമനടപടി തുടങ്ങി. കടം വാങ്ങിയ 100 ദിർഹം തിരിച്ചുനൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കുത്തേറ്റയാൾക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും യഥാസമയം ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. വെൽഡർമാരായ ജോലി ചെയ്യുന്ന ഇരുവരും അല്‍ ഖുസൈസിലെ ലേബര്‍ ക്യാമ്പിലായിരുന്നു കഴിഞ്ഞിരുന്നത്.
സ്വന്തം വിവാഹവേദിയിൽ നിന്ന് വരനെ ഇറക്കിവിട്ടു
സംഭവത്തെക്കുറിച്ച് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട് പറയുന്നത് ഇങ്ങനെ; പ്രതിയായ ഇന്ത്യക്കാരൻ പുറത്ത് പോയത് അറിയാതെ സുഹൃത്ത് വാതിൽ അകത്തുനിന്ന് പൂട്ടി. ഇയാൾ കട്ടിലിൽ കിടക്കുകയാണെന്ന് കരുതി താൻ വാതിൽ പൂട്ടുകയായിരുന്നുവെന്നാണ് കുത്തേറ്റയാൾ പൊലീസിന് നൽകിയ മൊഴി. അൽപ്പസമയത്തിനകം തിരിച്ചെത്തിയ ഇന്ത്യക്കാരൻ വാതിൽ പൂട്ടിയിരിക്കുന്നതിൽ ദേഷ്യപ്പെട്ട് ഉറക്കെ തട്ടിവിളിച്ചു. വാതിൽ തുറന്ന സുഹൃത്ത് ശബ്ദമുണ്ടാക്കിയതിന് ഇയാളെ ശകാരിച്ചു. ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഇതേത്തുടർന്ന് ഇന്ത്യക്കാരൻ അടുക്കളയിൽപ്പോയി കത്തിയെടുത്ത് സുഹൃത്തിനെ കുത്താൻ ശ്രമിച്ചു. എന്നാൽ താമസസ്ഥലത്തെ മറ്റുള്ളവർ ഇടപെട്ട് ഇയാളെ പിന്തിരിപ്പിച്ചു. പിന്നീട് രാത്രി രണ്ടു മണിയോടെ ഉറങ്ങിക്കിടന്ന സുഹൃത്തിനെ തട്ടിവിളിച്ച് കടംവാങ്ങിയ 100 രൂപ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് വഴക്ക് ഉണ്ടാക്കി. ഇതിനിടെ വസ്ത്രത്തിനിടയിൽ ഒളിപ്പിച്ച കത്തിയെടുത്ത് ഇന്ത്യക്കാരൻ സുഹൃത്തിനെ കുത്തുകയായിരുന്നു. രണ്ടുതവണ വയറിലും ഒരു തവണ കൈയിലും കുത്തി.
മറ്റുള്ളവർ ഇടപെട്ടെ ഇയാളെ കീഴ്പ്പെടുത്തി. കുത്തേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. മദ്യലഹരിയിലാണ് പ്രതി അക്രമം കാട്ടിയതെന്ന് പൊലീസ് കണ്ടെത്തി. ഇന്ത്യക്കാരനെതിരെ വധശ്രമത്തിനും മദ്യപിച്ചതിനും കേസെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dubai news, Gulf news, Indians in uae, Murder attempt case, ഗൾഫ് വാർത്തകൾ, ദുബായ് വാർത്തകൾ, വധശ്രമക്കേസ്