ഷാർജ/ റിയാദ്: യുഎഇയിലും സൗദി അറേബ്യയിലും വ്യത്യസ്ത സംഭവങ്ങളിൽ മലയാളി യുവാക്കൾ കുത്തേറ്റ് മരിച്ചു. ഇടുക്കി കരുണാപുരം തടത്തിൽ വീട്ടിൽ വിഷ്ണു വിജയൻ (28) ആണ് ഷാർജയിൽ കുത്തേറ്റ് മരിച്ചത്. ഷാർജയിലെ അബു ഷഗാരയിലാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. നൈജീരിയൻ പൗരൻമാരുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
Also Read- മാസ്ക് ധരിച്ചില്ല; 33കാരിയെ ഭീഷണിപ്പെടുത്തി പൊലീസുകാരൻ ബലാത്സംഗം ചെയ്തു
വിഷ്ണു താമസിച്ചിരുന്ന ഫ്ലാറ്റിൽ ചൊവ്വാഴ്ച വൈകിട്ട് നൈജീരിയക്കാർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെ തടസം പിടിക്കാനെത്തിയ വിഷ്ണുവിനു കുത്തേറ്റു. ഗുരുതരമായ പരിക്കേറ്റ വിഷ്ണുവിനെ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് നൈജീരിയക്കാർ താഴേക്കിട്ടു. അപകടമരണമെന്ന് വരുത്തിത്തീർക്കാനാണ് ഫ്ലാറ്റിന് മുകളിൽ നിന്നു താഴേക്കിട്ടത് എന്നാണു ബന്ധുക്കൾക്ക് ലഭിച്ച വിവരം. ജെന്റ്സ് ബ്യൂട്ടി പാർലറിലെ ജീവനക്കാരനാണ് വിഷ്ണു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
Also Read- വീട്ടുവളപ്പിൽ വിത്തുപാകി കഞ്ചാവ് കൃഷി; ശിവമൂലിയെന്ന ഔഷധ സസ്യമെന്ന് വീട്ടുടമ
സൗദിയില്‍ കൊല്ലപ്പെട്ടത് കൊല്ലം സ്വദേശി
സൗദി അൽ ഹസയിൽ കൊല്ലം ഇത്തിക്കര സ്വദേശി സനൽ (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയോടെ അൽ ഹസ ശഅബയിലെ റോഡരികിലായിരുന്നു സംഭവം. പാൽ വിതരണ കമ്പനിയിലെ സെയിൽസ്മാനായിരുന്ന സനൽ കഴിഞ്ഞ ആറു വർഷമായി പ്രവാസിയാണ്. സനലും ഇതേ കമ്പനിയിലെ സഹ ജോലിക്കാരനായ ഘാന സ്വദേശിയും തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Also Read- ഭാവി വധുവുമായി യുവാവ് ഷോപ്പിങ്ങിന് പോയി; വിവാഹത്തിന് 5 ദിവസം മുമ്പ് യുവതി കൊല്ലപ്പെട്ടു
കഴുത്തറുക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഘാന സ്വദേശിയും ഗുരുതരാവസ്ഥയിലാണ്. പ്രമുഖ കമ്പനിയുടെ സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസയിലുള്ള ബ്രാഞ്ചിലെ ജീവനക്കാരാണ് ഇരുവരും. ജോലിക്കിടയിൽ ഇവർ തമ്മില്‍ വാക്കുതർക്കമുണ്ടാവുകയും അത് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നത്രെ. പൊലീസെത്തി കേസെടുക്കുകയും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. സനലിന് നാട്ടിൽ അമ്മയും ഒരു സഹോദരിയുമുണ്ട്.
Also Read- പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്കുകൾ തമിഴ്നാട്ടിൽ നിർമിച്ചത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gulf news, Saudi arabia, Sharjah