• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

യുഎഇ ഫുജൈറ തുറമുഖത്ത് നാല് എണ്ണകപ്പലുകൾക്ക് നേരെ ആക്രമണം; മധ്യപൂർവേഷ്യമേഖല വീണ്ടും അശാന്തിയിലേക്ക്

ആക്രമിക്കപ്പെട്ട രണ്ടു കപ്പലുകൾ തങ്ങളുടേതെന്ന് സൗദി സ്ഥിരീകരിച്ചു

news18
Updated: May 14, 2019, 7:46 AM IST
യുഎഇ ഫുജൈറ തുറമുഖത്ത് നാല് എണ്ണകപ്പലുകൾക്ക് നേരെ ആക്രമണം; മധ്യപൂർവേഷ്യമേഖല വീണ്ടും അശാന്തിയിലേക്ക്
News18
news18
Updated: May 14, 2019, 7:46 AM IST
ദുബായ്: യുഎഇയുടെ കിഴക്കൻതീരത്ത് എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ട് അട്ടിമറിശ്രമം. ഫുജൈറ തുറമുഖത്ത് ഞായറാഴ്ച രാവിലെയാണ് നാല്‌ കപ്പലുകൾക്കുനേരേ ആക്രമണമുണ്ടായത്. ഇതിൽ രണ്ടുകപ്പലുകൾ തങ്ങളുടേതാണെന്ന് സൗദി അറേബ്യ തിങ്കളാഴ്ച സ്ഥിരീകരിച്ചു. ടാങ്കറുകൾക്ക് കനത്ത നാശനഷ്ടമുണ്ടായതായി സൗദി ഊർജമന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. എന്നാൽ, ആളപായമോ ഇന്ധനചോർച്ചയോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ തുടർന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ മോസ്കോ സന്ദർശനം റദ്ദാക്കി. രാജ്യാന്തര എണ്ണക്കടത്തിന് ഭീഷണിയാണ് ആക്രമണമെന്ന് സൗദി പ്രതികരിച്ചു. സംശയമുന തങ്ങൾക്കു നേർക്കാണെന്ന് മനസിലായതോടെ ഇറാനും അന്വേഷണം ആവശ്യപ്പെട്ടു. യു എസ്- ഇറാൻ തർക്കം യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക വളരുന്നതിനിടെയാണ് അമേരിക്കയുടെ ഉറ്റസുഹൃത്തായ സൗദിയുടെ കപ്പലുകൾ ആക്രമിക്കപ്പെട്ടിരിക്കുന്നത്.

ഞായറാഴ്ച, യു എ ഇ പ്രാദേശിക സമയം രാവിലെ ആറു മണിയോടെയാണ് ചരക്ക് കപ്പലുകൾക്ക് നേർക്ക് ആക്രമണമുണ്ടായത്. നാല് കപ്പലുകൾക്കു നേർക്ക് ‘അജ്ഞാതരുടെ അട്ടിമറി ശ്രമം’ ഉണ്ടായെന്നാണ് യു എ ഇ മന്ത്രാലയം ആദ്യം വെളിപ്പെടുത്തിയത്. തങ്ങളുടെ രണ്ട് എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടതായി സൗദിയുടെ ഔദ്യോഗിക വാർത്താ ഏജൻസി പിന്നാലെ വെളിപ്പെടുത്തി. ആക്രമണത്തിൽ സൗദിയുടെ രണ്ടു കപ്പലുകൾക്കും വലിയ കേടുപാട് പറ്റിയതായാണ് വിവരം. ആക്രമിക്കപ്പെട്ടവയിൽ ഒരു ടാങ്കർ റാസ് താനുറ തുറമുഖത്തുനിന്ന് എണ്ണനിറച്ച് യു എസിലേക്ക് പോകേണ്ടിയിരുന്നതാണ്. വാണിജ്യകപ്പലുകൾക്കുനേരെ ആക്രമണമുണ്ടായതായി യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു. ഫുജൈറയുടെ കിഴക്കുഭാഗത്ത് ഒമാൻ ഉൾക്കടലിൽ യുഎഇയുടെ സമുദ്രപരിധിയിലായിരുന്നു ആക്രമണം. ഇക്കാര്യത്തിൽ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

അന്താരാഷ്ട്ര ഉപരോധം നേരിടുന്ന ഇറാനോ അവരുമായി ബന്ധമുള്ളവരോ മേഖലയിലൂടെ ചരക്കുനീക്കം അട്ടിമറിക്കാൻ ശ്രമംനടത്തുമെന്ന് സഖ്യരാഷ്ട്രങ്ങൾക്ക് യു എസ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ ഭീഷണി മറികടക്കാൻ യു.എസ്. ഗൾഫ് തീരത്ത് വിമാനവാഹിനിക്കപ്പലുകളും ബി-52 ബോംബർ വിമാനങ്ങളും വിന്യസിക്കുകയും ചെയ്തിരുന്നു. അമേരിക്ക സൈനിക വിന്യാസം നടത്തിയതു മുതൽ സംഘർഷഭരിതമാണ് മേഖല.

ഗൾഫിൽ നിന്ന് എണ്ണക്കയറ്റുമതി ഏറ്റവും കൂടുതൽ നടക്കുന്ന ഹോർമുസ് കടലിടുക്കിനു സമീപത്താണ് ഫുജൈറ തുറമുഖം. സൗദി, ഇറാൻ, ഇറാക്ക്, ഖത്തർ, യുഎഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളുടെ എണ്ണക്കപ്പലുകളുടെ പ്രധാന പാതയാണ് ഹോർമുസ് കടലിടുക്ക്. 15- 20 മില്യൺ ബാരൽ ക്രൂഡോയിൽ പ്രതിദിനം ഇതുവഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്.
Loading...

First published: May 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...