അബുദാബി: ഇസ്രായേലുമായി കരാർ ഒപ്പിട്ടതിനു പിന്നാലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുമായി യു.എ.ഇ. ഇതിന്റെ ഭാഗമായി ബഹിഷ്കരണവും അതുമായി ബന്ധപ്പെട്ട ശിക്ഷകളും സംബന്ധിച്ച ഫെഡറല്‍ നിയമം റദ്ദാക്കി. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 1972ലെ 15-ാം നമ്പര്‍ ഫെഡറല്‍ നിയമമാണ് ഇസ്രായേലുമായുള്ള കരാറിന് പിന്നാലെ യു.എ.ഇ റദ്ദാക്കിയത്.
പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയിലെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഇസ്രായേലില്‍ താമസിക്കുന്ന വ്യക്തികളുമായോ മറ്റു രാജ്യങ്ങളിലുള്ള ഇസ്രായേൽ പൗരൻമാരുടെ സ്ഥാപനങ്ങളുമായോ സാമ്പത്തിക, വാണിജ്യ ഇടപാടുകളിൽ ഏർപ്പെടാനും കരാറിൽ ഒപ്പിടാനും സാധിക്കും. ഇസ്രായേലി ഉല്‍പ്പന്നങ്ങളും ചരക്കുകളും രാജ്യത്ത് എത്തിക്കാനും ക്രയവിക്രയം ചെയ്യാനും അനുവദിക്കുമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനിടെ ദുബായിലെ പ്രമുഖ ബാങ്കായ എമിറേറ്റ്സ് എൻബിഡിയും ഇസ്രായേൽ ബാങ്കായ ല്യൂമിയും തമ്മിൽ ബിസിനസ് പങ്കാളിത്തത്തിനുള്ള ചർച്ചകൾ ആരംഭിച്ചെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്. അതേസമയം ഇക്കാര്യം സ്ഥിരീകരിക്കാൻ എമിറേറ്റ്സ് എൻബിഡി തയാറായിട്ടില്ലെന്നും ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ദുബായ് ആസ്ഥനമായള്ള ‘പ്രമുഖ ബാങ്കുമായി’ സഹകരിക്കുന്നത് സംബന്ധിച്ച ചർച്ച നടന്നുവരികയാണെന്ന് ല്യൂമിയുടെ കോർപ്പറേറ്റ് വിഭാഗം മേധാവി ഷ്മുലിക് അർബലിനെ ഉദ്ധരിച്ച് വ്യാഴാഴ്ച ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.യുഎഇ-ഇസ്രായേൽ സമാധാന ഉടമ്പടിയുടെ ഭാഗമായി ഇസ്രയേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സനും പ്രതിരോധകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അഹ്മദ് അൽ ബവർദിയും ഏതാനും ദിവസം മുൻപ് ടെലിഫോണില്‍ സംസാരിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ കരാർ മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്‍ക്കു്മുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന ഉറപ്പ് ഇരുമന്ത്രിമാരും പ്രകടിപ്പിച്ചതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.