ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് യു എ ഇ പിൻവലിച്ചിരിക്കുകയാണ്. ഇതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാന സർവീസുകൾ പ്രവർത്തനം നടത്തും.കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടായതിന് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള ആദ്യത്തെ വിമാനം വെള്ളിയാഴ്ച രാവിലെ ഗോവ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നു. ഇൻഡിഗോ എയർലൈൻസ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബായിയിലേക്കുള്ള വിമാന സർവീസുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. യാത്രാവിലക്ക് പിൻവലിച്ചെങ്കിലും ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രികർക്കും നിരുപാധികം യു എ ഇയിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല. ട്രാൻസിറ്റ് യാത്രക്കാർക്കും യു എ ഇയിലെ സ്ഥിരതാമസക്കാർക്കും മാത്രമേ നിലവിൽ ദുബായിയിലേക്ക് യാത്ര ചെയ്യാൻ അനുമതിയുള്ളൂ എന്നാണ് ഇൻഡിഗോ തങ്ങളുടെ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.
യു എ ഇയിലേക്ക് മൂന്ന് വിമാന സർവീസുകൾ ഇൻഡിഗോ പ്രഖ്യാപിച്ചു. ഈ മാസം ഒൻപതാം തീയതിയും പത്താം തീയതിയുമായി രണ്ടു വിമാനങ്ങൾ ഡൽഹിയിൽ നിന്ന് ദുബായിയിലേക്ക് പറക്കും. ഓഗസ്റ്റ് 10-ന് ദുബായിയിൽ നിന്ന് തിരികെയും ഒരു വിമാനം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. യാത്രികർക്കായി യു എ ഇ നിഷ്കർഷിക്കുന്ന മാർഗനിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ നാഷണൽ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്‌മെന്റ് അതോറിറ്റി (എൻ സി ഇ എം എ) പുറത്തുവിട്ടു. യു എ ഇയിൽ താമസത്തിന് അനുമതിയുള്ളവർക്കും കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവർക്കും അവരിൽ തന്നെ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്കുമാണ് യാത്രാനുമതി എന്ന് യു എ ഇ നിഷ്കർഷിക്കുന്നു.
അബുദാബിയിൽ എത്തുന്ന യാത്രക്കാരെല്ലാം പത്തു ദിവസത്തെ നിർബന്ധിത സമ്പർക്കവിലക്കിൽ കഴിയണം. അതുകൂടാതെ, വിമാനത്താവളത്തിലെ അധികൃതർ നൽകുന്ന മെഡിക്കലി അപ്രൂവ്ഡ് ട്രാക്കിങ് റിസ്റ്റ്ബാൻഡ് സമ്പർക്കവിലക്കിൽ കഴിയുന്ന ദിവസങ്ങളിൽ ഉടനീളം യാത്രക്കാർ ധരിക്കണമെന്ന കർശന നിർദ്ദേശവും യു എ ഇ നൽകുന്നു. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യ നിരവധി രാജ്യങ്ങളിലേക്ക് നിലവിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തുന്നുണ്ട്. പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കൂടി യു എ ഇ ഇപ്പോൾ യാത്രാനുമതി നൽകിയിട്ടുണ്ട്. ഇന്ത്യയിൽ വാണിജ്യ അന്താരാഷ്ട്ര വിമാന സർവീസുകളുടെ പ്രവർത്തനം തുടർന്നും നിർത്തിവെയ്ക്കും.
മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഡൽഹി ഇളവുകൾ പ്രഖ്യാപിച്ചു. പുതിയ യാത്രാ മാനദണ്ഡങ്ങൾ പ്രകാരം, ഈ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിൽ എത്തുന്ന യാത്രികർ ആർ ടി പി സി ആർ പരിശോധനാ ഫലം സമർപ്പിക്കേണ്ട ആവശ്യമില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dubai, Flight service, Travel Ban, Uae