നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • Bank Robbery | സാങ്കേതികവിദ്യ ഉപയോഗിച്ച് ശബ്ദം മാറ്റി; ബാങ്ക് മോഷ്ടാക്കൾ കവർന്നത് 200 കോടി

  Bank Robbery | സാങ്കേതികവിദ്യ ഉപയോഗിച്ച് ശബ്ദം മാറ്റി; ബാങ്ക് മോഷ്ടാക്കൾ കവർന്നത് 200 കോടി

  സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി യുഎഇ ഭരണകൂടം അമേരിക്കന്‍ ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ട്

  • Share this:
   കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഒരു ബാങ്ക് മോഷണം പോലീസിനെയും അധികാരികളെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപ കവരാന്‍ മോഷ്ടാക്കള്‍ക്ക് തുണയായത് വോയ്സ് ക്ലോണിങ് സാങ്കേതികവിദ്യ ആയിരുന്നു. ഏകദേശം 200 കോടി രൂപയുമായാണ് കവര്‍ച്ചക്കാര്‍ കടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാങ്കിന്റെ ഡയറക്ടര്‍മാര്‍ എന്ന വ്യാജേനയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. നിര്‍മിതബുദ്ധിയുടെ സഹായത്തോടെയാണ് മോഷ്ടാക്കള്‍ വോയ്സ് ക്ലോണിങ് സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോഗിച്ചത്. മോഷണ മുതലില്‍ നിന്ന് ആകെ 3 കോടി രൂപ മാത്രമേ അധികൃതര്‍ക്ക് ഇതുവരെ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

   17 മോഷ്ടാക്കളാണ് ഈ കവര്‍ച്ചയുടെ പിന്നില്‍ ഉണ്ടായിരുന്നതെന്നും മോഷ്ടിച്ച പണം മുഴുവന്‍ ലോകമെമ്പാടുമുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു എന്നുമാണ് യുഎഇ അധികൃതര്‍ നല്‍കുന്ന വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി യുഎഇ ഭരണകൂടം അമേരിക്കന്‍ ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ട്.

   ബാങ്കിന്റെ ഡയറക്ടര്‍മാരായി ഭാവിച്ച മോഷ്ടാക്കള്‍ തങ്ങള്‍ ഒരു വലിയ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണെന്നും അതിനായി 200 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നും വിശ്വസിപ്പിച്ചാണ് ബാങ്കില്‍ നിന്ന് പണം തട്ടിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2020 ന്റെ തുടക്കത്തിലാണ് രാജ്യത്തെ നടുക്കിയ മോഷണം നടന്നത്.

   ബാങ്കിന്റെ മാനേജരെ മോഷ്ടാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടു. ഫോണിലൂടെ സംസാരിക്കവെ അവര്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ വോയ്സ് ക്ലോണിങ് സാങ്കേതികവിദ്യ ഉപയോഗിച്ചു. ബാങ്ക് ഡയറക്ടര്‍മാരുടെ ശബ്ദത്തില്‍ സംസാരിച്ച മോഷ്ടാക്കള്‍ എത്രയും പെട്ടെന്ന് 200 കോടി രൂപ അയയ്ക്കാന്‍ ബാങ്ക് മാനേജരോട് ആവശ്യപ്പെടുകയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരെ വിശ്വസിപ്പിക്കുന്നതിനായി ഈ പണമിടപാടിന്റെ നിയമവശങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ഒരു കത്തും ഇ-മെയില്‍ വഴി മോഷ്ടാക്കള്‍ അയച്ചിരുന്നു.

   'ബാങ്ക് ഡയറക്ടറോട് ഞാന്‍ മുമ്പും സംസാരിച്ചിട്ടുണ്ട്. അതിനാല്‍ അദ്ദേഹത്തിന്റെ ശബ്ദം എനിക്ക് പരിചിതവുമായിരുന്നു. അതേ ശബ്ദത്തില്‍ മറ്റൊരാള്‍ക്ക് സംസാരിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അതുകൊണ്ട് ഡയറക്ടര്‍ തന്നെയാണെന്ന് തെറ്റിദ്ധരിച്ച് മറ്റു പരിശോധനകള്‍ ഒന്നും കൂടാതെ ആവശ്യപ്പെട്ട പണം ഞങ്ങള്‍ കൈമാറ്റം ചെയ്യുകയായിരുന്നു', മോഷണത്തെക്കുറിച്ച് പ്രതികരിക്കവെ ബാങ്ക് മാനേജര്‍ പറഞ്ഞു.

   ഓഡിയോ, വീഡിയോ എന്നിവയെ സംബന്ധിച്ച പുതിയ സാങ്കേതികവിദ്യകള്‍ തെറ്റായ കൈകളിലെത്തിയാല്‍ വലിയ കുറ്റകൃത്യങ്ങള്‍ക്ക് അത് ആയുധമാകുമെന്ന് സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ഇ എസ് ഇ ടിയിലെ വിദഗ്ദ്ധന്‍ ജെയ്ക്ക് മൂര്‍ പറയുന്നു. വ്യാജനിര്‍മിതികള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യകള്‍ വിവരങ്ങള്‍, പണം, ബിസിനസ് എന്നിവയ്ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഭാവിയില്‍ ഇത്തരം ഓഡിയോ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് കൂടുതല്‍ സ്ഥാപനങ്ങള്‍ വിധേയരായേക്കും എന്ന മുന്നറിയിപ്പും ജെയ്ക്ക് മൂര്‍ നല്‍കുന്നു.

   ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. എന്‍ സി ആര്‍ ബി അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2020ല്‍ ഏകദേശം 50,035 സൈബര്‍ കുറ്റകൃത്യങ്ങള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
   First published:
   )}