നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • ഇനി വിസ വേണ്ട; ഇസ്രായേലും യുഎഇയും തമ്മിലുള്ള 'വിസ-ഫ്രീ' യാത്ര ഒക്ടോബർ 10 മുതല്‍

  ഇനി വിസ വേണ്ട; ഇസ്രായേലും യുഎഇയും തമ്മിലുള്ള 'വിസ-ഫ്രീ' യാത്ര ഒക്ടോബർ 10 മുതല്‍

  ഇസ്രായേലില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കും ബിസിനസിനായി പോകുന്നവര്‍ക്കും യുഎഇയിലേക്ക് പ്രവേശിക്കാന്‍ ഇനി വിസ ആവശ്യമില്ല.

  News18 Malayalam

  News18 Malayalam

  • Share this:
   ഇസ്രായേല്‍ സ്വദേശികൾക്കും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പൗരന്മാര്‍ക്കും, ഞായറാഴ്ച മുതല്‍ വിസയില്ലാതെ പരസ്പരം ഇരുരാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ കഴിയുമെന്ന് ഇസ്രായേല്‍ ആഭ്യന്തര മന്ത്രി അയലെറ്റ് ഷെയ്ക്കഡ് ചൊവ്വാഴ്ച പറഞ്ഞു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സന്ദര്‍ശനത്തിനിടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ ഒക്ടോബര്‍ 10 മുതൽ ആരംഭിക്കുന്ന വിസ രഹിത യാത്രയെ സംബന്ധിച്ച പ്രഖ്യാപനം ഷെയ്ക്കഡ് നടത്തിയത്.

   ഇസ്രായേലില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കും ബിസിനസിനായി പോകുന്നവര്‍ക്കും യുഎഇയിലേക്ക് പ്രവേശിക്കാന്‍ ഇനി വിസ ആവശ്യമില്ല. യുഎഇയില്‍ പഠിക്കാനോ ജോലി ചെയ്യാനോ സന്നദ്ധപ്രവര്‍ത്തനത്തിനോ മതപരമായ കാരണങ്ങളാലോ യാത്ര ചെയ്യുന്നവര്‍ക്ക് ഇപ്പോഴും വിസ ആവശ്യമാണ്. കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ വ്യാപന നിരക്ക് കുറയുന്നത് തുടരുകയാണെങ്കില്‍, ഒക്ടോബര്‍ അവസാനം വാക്‌സിനേഷന്‍ ചെയ്ത ടൂറിസ്റ്റുകളെ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നുണ്ട്.

   ഇസ്രായേലും യുഎഇയും ജനുവരിയില്‍ വിസരഹിത കരാറില്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് യുഎഇ അത് താൽക്കാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു. അന്ന്, യുഎഇ സന്ദര്‍ശിക്കുന്ന ഇസ്രായേലികള്‍ക്ക് രണ്ടാഴ്ചത്തെ നിർബന്ധിത ക്വറന്റീൻ ഏർപ്പെടുത്തി. ഇപ്പോള്‍, കോവിഡ് -19 വാക്‌സിന്റെ മൂന്ന് ഡോസ് സ്വീകരിച്ച ഇസ്രായേല്‍ സ്വദേശികള്‍ക്ക് യുഎഇ ഉള്‍പ്പെടെയുള്ള മിക്ക വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയ ശേഷം പിസിആര്‍ പരിശോധനാ ഫലം ലഭിക്കുന്നതുവരെ മാത്രം ക്വറന്റീനിൽ കഴിഞ്ഞാൽ മതിയാകും.

   യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായി ഷെയ്ക്കഡ് അബുദാബിയും ദുബായിയും സന്ദര്‍ശിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ ശരിയായ പങ്കാളിത്തം രൂപപ്പെട്ടു എന്ന് തെളിയിക്കുന്ന വിധത്തിലുള്ള ആതിഥേയത്വമാണ് തനിക്ക് യുഎഇയിൽ ലഭിച്ചതെന്നും അവർ പറഞ്ഞു. യാത്രയുടെ ഭാഗമായി അവര്‍ എമിറേറ്റ്‌സ് ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.   ''ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് അബുദാബി, ഇവിടുത്തെ പ്രാദേശിക പോലീസില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരുപാട് പഠിക്കാനുണ്ട്. ഇത് ഒരു സ്മാര്‍ട്ട് സിറ്റി ആണ്; ക്യാമറകളുടെ ശൃംഖലയും വിവിധ ആപ്ലിക്കേഷനുകളും ഉപയോഗിച്ച് അവര്‍ക്ക് കുറ്റകൃത്യങ്ങളും ട്രാഫിക് അപകടങ്ങളും പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞു'', ഷെയ്ക്കഡ് പറഞ്ഞു.

   കൂടാതെ ഇരുരാജ്യങ്ങളിലെയും മന്ത്രിമാര്‍ തങ്ങളുടെ രാജ്യങ്ങളിലെ മതവിശ്വസങ്ങളെക്കുറിച്ചും മതപരമായ വൈവിധ്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഇസ്രായേലിലെ ജൂതരല്ലാത്തവരുടെ മതപരമായ സേവനങ്ങള്‍ ഉള്‍പ്പെടുന്ന മന്ത്രാലയം കൂടി കൈകാര്യം ചെയ്യുന്ന ഷെയ്ക്കഡ് ഇസ്രായേലിലെ ഇമാമുകള്‍ക്ക് യുഎഇയില്‍ മതപരമായ സെമിനാറുകളിലും പരിശീലന കോഴ്‌സുകളിലും പങ്കെടുക്കാമെന്നുള്ള നിര്‍ദ്ദേശവും മുന്നോട്ടുവച്ചു. ആഭ്യന്തര മന്ത്രാലയം രാജ്യത്തെ 270 പള്ളികളിലായി 300 ഇമാമുമാരെയും മുഅസിന്‍മാരെയും നിയമിച്ചിട്ടുണ്ട്.

   അബുദാബിയിലെ ഷെയ്ഖ് സായിദ് പള്ളിയും യുഎഇയുടെ യുദ്ധ സ്മാരകമായ ഒയാസിസ് ഓഫ് ഡിഗ്നിറ്റിയും ഷെയ്ക്കഡ് സന്ദര്‍ശിച്ചു. ദുബായ് എക്സ്പോയില്‍ ഇസ്രായേല്‍ പവലിയന്‍ സന്ദര്‍ശിക്കാനും അവര്‍ പദ്ധതിയിട്ടിട്ടുണ്ട്. 'ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും പുതിയ സാമ്പത്തിക അവസരങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള മികച്ച പ്ലാറ്റ്‌ഫോം'' എന്നായിരുന്നു ദുബായ് എക്സ്പോയെ ഷെയ്ക്കഡ് വിശേഷിപ്പിച്ചത്.
   Published by:Rajesh V
   First published: