• HOME
  • »
  • NEWS
  • »
  • gulf
  • »
  • ഒളിംപിക് താരം, കായിക പ്രേമി, സന്നദ്ധ പ്രവർത്തക: ആരാണ് ഹയാ ബിന്‍ത് അൽ ഹുസൈന്‍?

ഒളിംപിക് താരം, കായിക പ്രേമി, സന്നദ്ധ പ്രവർത്തക: ആരാണ് ഹയാ ബിന്‍ത് അൽ ഹുസൈന്‍?

2004ലാണ് ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദുമായുള്ള ഹയയു‌ടെ വിവാഹം

  • Last Updated :
  • Share this:
    ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഭാര്യമാരിലൊരാളായ ഹയാ ബിൻത് അൽ ഹുസൈൻ കുട്ടികളുമായി രാജ്യം വിട്ടുവെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. സുരക്ഷാഭീഷണി ഭയന്ന് നാടുവിട്ട ഇവർ ജർമ്മനിയിൽ രാഷ്ട്രീയ അഭയം തേടിയെന്നാണ് റിപ്പോർട്ട്.



    ആരാണ് ഹയാ ബിന്റ് അൽ ഹുസൈൻ

    ജോര്‍ദാനിലെ അബ്ദുള്ള രാജാവിന്റെ അർദ്ധസഹോദരിയായ ഹയാ ബിന്റ് അൽ ഹുസൈൻ 1974 മെയ് മൂന്നിന് ജോർദാനിലെ അമ്മാനിലാണ് ജനിച്ചത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാഭ്യാസം നേടിയ ഹയ, വളരെ മികച്ച ഒരു കായിക താരം കൂടിയായിരുന്നു. 2000 ത്തിലെ സിഡ്നി ഒളിംപിക്സിൽ ഷോം ജംപിംഗ് (കുതിര സവാരി)വിഭാഗത്തിൽ ജോർദാനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു.

    ഹയയുടെ ഔദ്യോഗിക സൈറ്റിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ബാല്യകാലം മുതൽ തന്നെ സ്പോർട്സ് ഹയയുടെ ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത സ്ഥാനം വഹിച്ചിരുന്നു. തന്റെ ജീവിതത്തിൽ സ്പോർടിസിനുള്ള പ്രാധാന്യം നന്നായി മനസിലാക്കിയ ഇവർ, പെൺകുട്ടികൾക്ക് കായിക മേഖലയിൽ പ്രോത്സാഹനം നൽകാൻ നിരന്തരശ്രമങ്ങൾ നടത്തി. സ്പോർട്സ് ജീവിതം മെച്ചപ്പെടുത്തുമെന്നും സ്ത്രീകളെ ശാക്തീകരിക്കുമെന്നും വ്യക്തികളും രാജ്യങ്ങളും തമ്മിലുള്ള അതിരുകൾ തകർക്കാൻ സഹായിക്കുമെന്നും ഹയ അടിയുറച്ച് വിശ്വസിച്ചിരുന്നു.

    Also Read-ദുബായ് ഭരണാധികാരിയുടെ ഭാര്യ മക്കളെയും കൊണ്ട് നാടുവിട്ടു: ‍ജർമനിയിൽ അഭയം തേടിയെന്ന് റിപ്പോർട്ട്

    2004ലാണ് ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദുമായുള്ള ഹയയു‌ടെ വിവാഹം. കുതിരപ്പന്തയത്തിൽ തത്പ്പരനായ ഷെയ്ഖ് മുഹമ്മദ്, ബ്രിട്ടനിലെ ഏറ്റവും വലിയ പന്തയ കുതിരാലയങ്ങളിലൊന്നായ ഗോഡോൾഫിനിന്റെ സ്ഥാപകൻ കൂടിയായിരുന്നു.ഈ കായിക പ്രേമം തന്നെയായിരുന്നു ഇരുവരെയും അടുപ്പിച്ചതും.

    വിവാഹ ശേഷവും സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു 45 കാരിയായ ഹയ. എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ ഇവർ പൊതുചടങ്ങുകളിൽ എത്താതെയായി. പിന്നാലെയാണ് മകനെയും മകളെയും കൂട്ടി രാജ്യം വിട്ടുവെന്ന റിപ്പോർട്ട് പ്രചരിക്കുന്നത്.

    ഹയ ഭർത്താവിനെ ഉപേക്ഷിച്ച് പോയതിന്റെ കാരണങ്ങൾ എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ഇവർ‌ ജർമ്മനിയിൽ രാഷ്ട്രീയ അഭയം തേടിയെന്നും ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറയപ്പെടുന്നു. രാഷ്ട്രീയ അഭയം തേടിയുള്ള ഹയയുടെ അഭ്യർഥന ജർമ്മനി അംഗീകരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

    First published: