News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 22, 2019, 5:42 PM IST
news18
ദുബായ്: വാടകഗർഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയ ഭർത്താവിൽ വിവാഹമോചനം വേണമെന്ന ആവശ്യം യുഎഇ കോടതി അംഗീകരിച്ചു. തന്റെ അനുമതിയോ അറിവോ ഇല്ലാതെ ഭര്‍ത്താവ് മറ്റൊരു സ്ത്രീക്ക് ഗര്‍ഭം ധരിക്കാന്‍ അവസരമൊരുക്കിയതിനാല്‍ വിവാഹമോചനം വേണമെന്നാണ് 37 കാരി ആവശ്യപ്പെട്ടത്. വാടക ഗര്‍ഭധാരണത്തിന്റെ പേരില്‍ വിവാഹമോചനം ആവശ്യപ്പെടുന്ന യുഎഇയിലെ ആദ്യത്തെ കേസാണിത്.
15 വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കുട്ടികളില്ലാതിരുന്നതിനാല്‍ ഇന്ത്യയിലെ നിരവധി വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളില്‍ ഇവര്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ വിജയിച്ചില്ല. 2016ല്‍ ഭര്‍ത്താവ് വാടക ഗര്‍ഭത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കുകയും തന്റെ അറിവോ സമ്മതമോ ഇല്ലാതെ കുഞ്ഞിന്റെ അമ്മയായി തന്റെ പേര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായാണ് യുവതിയുടെ പരാതി. 2016 മാര്‍ച്ചിലാണ് കുഞ്ഞ് ജനിച്ചത്.
Also Read- കഞ്ചാവ് വലിച്ചുനോക്കുന്നതിന് മാസം രണ്ടു ലക്ഷം രൂപ പ്രതിഫലം!
കുട്ടിയുടെ ജനനത്തിന് ശേഷം ഭര്‍ത്താവ് തന്നെ അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായും യുവതി കോടതിയില്‍ പറഞ്ഞു. തന്റെ കാര്യങ്ങള്‍ നോക്കിയില്ലെന്ന് മാത്രമല്ല, നാട്ടിലേക്കയക്കാന്‍ ശ്രമിച്ചെന്നും യുവതി പറഞ്ഞു. യുവതി നേരത്തെ ഇന്ത്യയിലെ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയിരുന്നെങ്കിലും തള്ളി. ജനന സര്‍ട്ടിഫിക്കറ്റിലും മറ്റ് രേഖകളിലും കുഞ്ഞിന്റെ അമ്മയായി തന്റെ പേരാണ് ചേർത്തതെന്ന് അറിയില്ലായിരുന്നുവെന്നും യുവതി പറയുന്നു. അത് മനസ്സിലായതിന് ശേഷമാണ് വിവാഹ മോചനത്തിനായി കോടിയ സമീപിച്ചത്.
യുവതിയുടെ ആഭരണങ്ങൾ അടക്കം കൈയടക്കിയശേഷം ഭർത്താവ് വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നും പരാതിയില്‍ പറയുന്നു. പലതവണ ഭര്‍ത്താവിനെയും വീട്ടുകാരെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതേസമയം, ഭാര്യയുടെ അറിവോടെയും സമ്മതത്തോടെയുമാണ് വാടക ഗര്‍ഭധാരണം നടന്നതെന്നും എന്നാല്‍ കുഞ്ഞ് ജനിക്കുന്ന സമയമായപ്പോള്‍ ഭാര്യയുടെ മനസ്സ് മാറിയെന്നും ഭര്‍ത്താവ് പറയുന്നു. വാടക ഗര്‍ഭധാരണം നിയമവിധേയമായ ഇന്ത്യയിലാണ് നടപടിക്രമങ്ങള്‍ നടന്നതെന്നും ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു. നടപടികളുടെ രേഖകളും ഇന്ത്യന്‍ നിയമത്തിന്റെ പകര്‍പ്പും യുവാവ് കോടതിയില്‍ സമര്‍പ്പിച്ചു. സ്വന്തം രാജ്യത്തെ നിയമം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
യുഎഇയില്‍ പല കേസുകളിലും ഇന്ത്യന്‍ നിയമം ഉപയോഗിക്കാമെങ്കിലും ഈ കേസില്‍ അത് സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് യുഎഇയിലായതിനാല്‍ യുഎഇ നിയമം തന്നെയാണ് പ്രയോഗിക്കുക. യുഎഇയില്‍ വാടക ഗര്‍ഭധാരണം നിയമത്തിനും പൊതു ധാര്‍മികതയ്ക്കും എതിരാണെന്നും കോടതി നിരീക്ഷിച്ചു. വാടക ഗര്‍ഭത്തിലൂടെയുണ്ടായ കുഞ്ഞിന്റെ അമ്മ പരാതിക്കാരിയായ യുവതിയല്ലെന്ന് പറഞ്ഞ കോടതി യുവതിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്താനും കോടതി നിര്‍ദേശിച്ചു.
First published:
November 22, 2019, 5:42 PM IST