• HOME
 • »
 • NEWS
 • »
 • india
 • »
 • Kashmir Change-makers | കശ്മീരിനെ മാറ്റിയെടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന 10 വ്യക്തികൾ

Kashmir Change-makers | കശ്മീരിനെ മാറ്റിയെടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന 10 വ്യക്തികൾ

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ്, രണ്ടര വർഷം പിന്നിടുമ്പോൾ അവിടെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്.

 • Share this:
  ജമ്മു കശ്മീർ (jammu kashmir) കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പാകിസ്ഥാന്റെ പിന്തുണയോടെയുള്ള ഭീകരാക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ ഭരണഘടനയുടെ 370-ാം വകുപ്പ്(article 370) പ്രകാരമുള്ള ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ്, രണ്ടര വർഷം പിന്നിടുമ്പോൾ അവിടെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്.

  ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ (lieutenant governor manoj sinha) വികസനത്തിന് പ്രാധാന്യം നൽകി കൊണ്ട് രാഷ്ട്രീയ ചുവടുവെയ്പ്പിനുള്ള വഴി ഒരുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കുന്നതോടെ സമീപ ഭാവിയിൽ തന്നെ ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പിനുള്ള സാധ്യതകളും മുന്നിൽ കാണാം.

  കഴിഞ്ഞ കുറച്ച് മാസങ്ങളായി കാശ്മീരിന്റെ മെച്ചപ്പെട്ട ഭരണത്തിനായി നിരവധി പേരാണ് കൈകോർത്തിരിക്കുന്നത്. ഇത്തരത്തിൽ കാശ്മീരിൽ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാൻ നിർണായക പങ്കുവഹിച്ച 10 പേരെ (10 change makers) ന്യൂസ് 18 തിരഞ്ഞെടുത്തിട്ടുണ്ട്. കശ്മീരിനെ മാറ്റുന്നതില്‍ പ്രധാന പങ്കാളികളായ ഈ വ്യക്തിത്വങ്ങളെ പരിചയപ്പെടാം:

  1. ലഫ്റ്റനന്റ് ജനറല്‍ ഡിപി പാണ്ഡെ, ജിഒസി ചിനാര്‍ കോര്‍പ്‌സ്

  താഴ്വരയിലെ ഭീകരതയുടെ സ്പന്ദനം അറിയാവുന്നയാൾ. ചിനാര്‍ കോര്‍പ്സ് കമാന്‍ഡറാണ് ലഫ്റ്റനന്റ് ജനറല്‍ ഡിപി പാണ്ഡെ. യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയും അതില്‍ നിന്ന് സാമ്പത്തികവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നവരെ 'വൈറ്റ് കോളര്‍ തീവ്രവാദികള്‍' എന്ന് വിളിച്ച വ്യക്തിയാണ് ലഫ്റ്റനന്റ് ജനറല്‍ പാണ്ഡെ.

  തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ തന്റെ കീഴിലുള്ളവര്‍ക്ക് വേണ്ട സ്വാതന്ത്ര്യം നല്‍കുകയും അവസാന തീവ്രവാദിയെ ഇല്ലാതാക്കുന്നത് വരെ എല്ലാ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ലെഫ്റ്റനന്റ് ജനറല്‍ പാണ്ഡെയുടെ കാലത്ത് നിരവധി ഭീകരർ കീഴടങ്ങിയിട്ടുമുണ്ട്.

  ന്യൂഡല്‍ഹിയിലെ ആര്‍മി ആസ്ഥാനത്ത് എഡിജിപിഐ ആയുള്ള മുന്‍കാല അനുഭവം ഉള്ളതു കൊണ്ട് തന്നെ ലഫ്റ്റനന്റ് ജനറല്‍ പാണ്ഡെ യുദ്ധത്തെക്കുറിച്ച് വളരെ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണത്തിന് കീഴിൽ താഴ്വരയിലൂടെ സഞ്ചരിക്കുമ്പോള്‍ സാധാരണ കശ്മീരികളും വിനോദസഞ്ചാരികളും നിറഞ്ഞ സ്ഥലമായി മാറി ലാല്‍ ചൗക്ക്. ലഫ്റ്റനന്റ് ജനറല്‍ പാണ്ഡെ യുവ കശ്മീരി കായികതാരങ്ങളെയും കലാകാരന്മാരെയും വളരെയേറെ പിന്തുണയ്ക്കുന്ന വ്യക്തി കൂടിയാണ്.

  2. രശ്മി രഞ്ജന്‍ സ്വയിന്‍, സ്പെഷ്യൽ ഡിജിപി

  1991 ബാച്ചിലെ ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥനായ സ്പെഷ്യല്‍ ഡിജിപി (സിഐഡി) രശ്മി രഞ്ജന്‍ സ്വെയിന്‍ ജമ്മു കശ്മീര്‍ പോലീസിന്റെ ഇന്റലിജന്‍സ് മേധാവിയോ അടുത്ത പോലീസ് ഡയറക്ടര്‍ ജനറലോ ആകാൻ യോഗ്യതയുള്ള വ്യക്തിയാണ്. വിദേശകാര്യ മന്ത്രാലയത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങൾ കാഴ്ച്ച വച്ചിട്ടുള്ള ഇദ്ദേഹം പരിചയസമ്പന്നനായ പാകിസ്ഥാന്‍ അനലിസ്റ്റാണ്. ദേശീയ അന്വേഷണ ഏജന്‍സിയുടെ (NIA) മാതൃകയില്‍ ജമ്മുകശ്മീരില്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എസ്ഐഎ) രൂപീകരിച്ചതിന്റെ ക്രെഡിറ്റും ഇദ്ദേഹത്തിനുള്ളതാണ്.

  എന്നാൽ, സ്വയിന്‍ ഒരു നിശബ്ദ നിരീക്ഷകനാണ്. അദ്ദേഹം മാധ്യമങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന വ്യക്തിയാണ്. ഒഡീഷയില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് സ്വയിന്‍. പോലീസ് സേനയുടെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ആദരവ് ഏറ്റുവാങ്ങിയിട്ടുള്ള ഉന്നത ഉദ്യോഗസ്ഥനാണ് സ്വയിന്‍.

  3. രോഹിത് കന്‍സാല്‍

  ലാളിത്യം കൊണ്ട് പൊതുജനങ്ങള്‍ക്കിടയില്‍ പേരുകേട്ട ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് രോഹിത് കന്‍സാല്‍. 1995 ബാച്ചിലെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (IAS) ഉദ്യോഗസ്ഥനാണ്. നിലവില്‍ ജമ്മുകശ്മീരിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇദ്ദേഹം. 2019 ഓഗസ്റ്റ് 5ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീര്‍ ഗവണ്‍മെന്റിന്റെ മുഖമായിരുന്നു കന്‍സാല്‍. കൂടാതെ സുരക്ഷാ സേനയും സിവില്‍ അഡ്മിനിസ്‌ട്രേഷനും തമ്മിലുള്ള സഹകരണവും ധാരണയും അദ്ദേഹം മികച്ച രീതിയിൽ കൈകാര്യം ചെയ്തു.

  കന്‍സാല്‍ വൈദ്യുതി വികസന വകുപ്പിലും പ്ലാനിംഗ്, ഡെവലപ്മെന്റ്, മോണിറ്ററിംഗ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയിലും സുപ്രധാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ജമ്മു കശ്മീരിലെ എല്ലാ രാഷ്ട്രീയ കുടുംബങ്ങളുമായും അടുത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് കന്‍സാല്‍. അദ്ദേഹം ഇപ്പോഴും തന്റെ സേവനം തുടരുന്നു.

  4. ചാരു സിന്‍ഹ, ഐജി സിആര്‍പിഎഫ്, ശ്രീനഗര്‍

  1996 ബാച്ച് തെലങ്കാന കേഡറിലെ ഐപിഎസ് ഓഫീസറാണ് ചാരു സിന്‍ഹ. ശ്രീനഗറിലേക്ക് മാറ്റുന്നതിന് മുമ്പ് ജമ്മു സെക്ടറിലെ സിആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്നു. ചാരു സിന്‍ഹ മുമ്പ് സിആര്‍പിഎഫില്‍ ബിഹാര്‍ സെക്ടര്‍ ഐജിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ തന്റെ പോസ്റ്റിംഗ് സമയത്ത് അവര്‍ നക്‌സലുകളെയും കൈകാര്യം ചെയ്തിട്ടുണ്ട്.

  പരിചയസമ്പന്നയായ ഒരു പോലീസ് ഉദ്യോഗസ്ഥ എന്ന നിലയില്‍, ഇവർ രാജ്യത്തുടനീളമുള്ള സംഘര്‍ഷങ്ങളില്‍ ഇടപെടുകയും അന്വേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങളുമായുള്ള ബന്ധത്തില്‍ ചാരു ഉറച്ചു വിശ്വസിക്കുന്നു. യുടി ഗവണ്‍മെന്റും പ്രജാ ഫൗണ്ടേഷനും അസിം പ്രേംജി സര്‍വകലാശാലയും ചേർന്ന് നഗര ഭരണത്തിന്റെയും പ്രാഥമിക വിദ്യാഭ്യാസത്തിന്റെയും നിലവാരം മെച്ചപ്പെടുത്തുന്നതിന് വളരെ മികച്ച ഒരു പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രാദേശിക ഭരണത്തില്‍ കമ്മ്യൂണിറ്റി പങ്കാളിത്തത്തിന്റെ പ്രാധാന്യവും വർദ്ധിപ്പിക്കാനും പൗരന്മാരെ ശാക്തീകരിക്കാനും ശ്രീനഗര്‍ സിറ്റിയിലുടനീളമുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രൈമറി സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും ഈ പദ്ധതി സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

  5. വിജയ് കുമാര്‍, ഐജിപി, ജമ്മു കശ്മീര്‍ പോലീസ്, കശ്മീര്‍

  ജമ്മു കശ്മീര്‍ കേഡറിലെ 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് വിജയകുമാര്‍. രണ്ട് വര്‍ഷത്തിലേറെയായി കശ്മീര്‍ താഴ്വരയുടെ മേല്‍നോട്ടം വഹിക്കുന്ന ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആണ് ഇദ്ദേഹം. ജമ്മു കശ്മീരിലെ ക്രമസമാധാനത്തിന് വെല്ലുവിളി നിറഞ്ഞ ഘട്ടമായ 2019-ല്‍, ആര്‍ട്ടിക്കിള്‍ 370 വകുപ്പുകള്‍ റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് നിര്‍ണായകമായ പദവി കുമാറിന് ലഭിച്ചത്. പാകിസ്ഥാന്‍ പ്രചാരണം ഉച്ചസ്ഥായിയിലായിരുന്നിട്ടും, കശ്മീരില്‍ കല്ലേറുകളോ ആള്‍ക്കൂട്ട അക്രമങ്ങളോ ഉണ്ടാകാന്‍ കുമാര്‍ അനുവദിച്ചില്ല.

  2021ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കശ്മീരില്‍ ജയ്ഷെ മുഹമ്മദിന്റെ മുഴുവന്‍ ഉന്നത നേതൃത്വവും ഉള്‍പ്പെടെ 170-ലധികം ഭീകരരെ ഇല്ലാതാക്കി. 26 മാസത്തെ ഭരണത്തില്‍ ഇതുവരെ 400 ഭീകരര്‍ കൊല്ലപ്പെട്ടു. കുമാര്‍ തന്റെ ലാളിത്യത്തിന് പേരുകേട്ട വ്യക്തിയാണെങ്കിലും തീവ്രവാദികളോടും അവരുടെ ഓവര്‍ഗ്രൗണ്ട് സപ്പോര്‍ട്ട് നെറ്റ്വര്‍ക്കിനോടും ഇടപെടുമ്പോള്‍ ഒരു കര്‍ക്കശക്കാരനായ പോലീസുകാരനാണ്. നേരത്തെ, മാവോയിസ്റ്റ് താവളമായ ബസ്തറില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിനെ (സിആര്‍പിഎഫ്) ഇന്‍സ്പെക്ടര്‍ ജനറലായി അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. ജമ്മു കശ്മീരിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് ധീരതയ്ക്കുള്ള മെഡലുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

  6. ഷാഹിദ് ഇക്ബാല്‍ ചൗധരി

  ജമ്മു കശ്മീര്‍ കേഡറില്‍ നിന്നുള്ള 2009 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് ഷാഹിദ് ഇഖ്ബാല്‍ ചൗധരി. നിലവില്‍ ട്രൈബല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയും ജമ്മുകശ്മീര്‍ മിഷന്‍ യൂത്തിന്റെ സിഇഒയും നൈപുണ്യ വികസന മിഷന്റെ ഡയറക്ടറുമാണ് ഇദ്ദേഹം. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ റെഹാന്‍ ഗ്രാമത്തില്‍ നിന്നുള്ള ഷാഹിദ്, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ജമ്മു കശ്മീരിനെ മാറ്റിയെടുത്ത ഉദ്യോഗസ്ഥന്മാരില്‍ ഒരാളാണ്. ജമ്മുവില്‍ നിന്നുള്ള ആദ്യത്തെ മുസ്ലിം ഗുജ്ജര്‍ സമുദായത്തില്‍ നിന്നുള്ള ആദ്യത്തെ സിവില്‍ സര്‍വീസുകാരനുമാണ് അദ്ദേഹം.

  അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ആദിവാസി സമൂഹങ്ങള്‍ക്ക് വനം-ഭൂമി അവകാശ നിയമപ്രകാരം അര്‍ഹമായ അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. 2014-15 ൽ മികച്ച സംഭാവനയ്ക്കുള്ള പ്രധാനമന്ത്രിയുടെ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ശ്രീനഗര്‍, ബന്ദിപോറ, രജൗരി, ഉധംപൂര്‍, കത്വ, റിയാസി, ലേ തുടങ്ങി നിരവധി നിര്‍ണായക ജില്ലകളെ ജില്ലാ മജിസ്ട്രേറ്റായി ഷാഹിദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജീവിതത്തിന്റെ തുടക്കത്തില്‍ വളരെയേറെ കഷ്ടതകൾ അനുഭവിച്ചിട്ടുള്ള അദ്ദേഹം, ജമ്മു കശ്മീരിലെ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയിട്ടുള്ള വ്യക്തിയാണ്. ഉള്‍പ്രദേശങ്ങളില്‍ പാലങ്ങള്‍ നിര്‍മ്മിക്കുന്നതിലും അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് പാകിസ്ഥാന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിന് ഇരയാകാതിരിക്കാന്‍ ബങ്കറുകള്‍ നിര്‍മ്മിക്കുന്നതിലും അദ്ദേഹം പ്രശസ്തനാണ്.

  7. രാകേഷ് ബല്‍വാള്‍

  2012 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രാകേഷ് ബല്‍വാളിനെ അടുത്തിടെ മണിപ്പൂര്‍ കേഡറില്‍ നിന്ന് എജിഎംയുടി കേഡറിലേക്ക് മാറ്റിയിരുന്നു. ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തലവനായ ബല്‍വാള്‍ ഭീകരരുമായി ബന്ധപ്പെട്ട നിരവധി കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്. 2019 ലെ പുല്‍വാമ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചു. പുല്‍വാമ ഭീകരാക്രമണക്കേസിലെ 13,800 പേജുള്ള കുറ്റപത്രം തയ്യാറാക്കുന്നതിനായി അദ്ദേഹം രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചിരുന്നു. 2021ൽ അന്വേഷണത്തിലെ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍ പുല്‍വാമ കേസിലെ കഠിനാധ്വാനത്തിന് ബല്‍വാളിന് ലഭിച്ചു.

  ദക്ഷിണ കശ്മീരിലെ ഭീകരരുടെ നട്ടെല്ല് തകര്‍ത്ത് പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഹവാല ബന്ധം തുറന്നുകാട്ടുന്നതിലും ബല്‍വാള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. നിലവില്‍ ബല്‍വാളിനെ ശ്രീനഗറിലെ സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി) ആയാണ് നിയമിച്ചിരിക്കുന്നത്. ഇത് ജമ്മു കശ്മീര്‍ പോലീസിലെ ഏറ്റവും പ്രധാനപ്പെട്ടതും നിര്‍ണായകവുമായ പദവികളിൽ ഒന്നാണ്.

  8. ഡോ. പീയുഷ് സിംഗ്ല

  ജമ്മുകശ്മീര്‍ കേഡറിലെ 2012 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് ഡോ പിയൂഷ് സിംഗ്ല. നിലവില്‍ ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗില്‍ ഡെപ്യൂട്ടി കമ്മീഷണറായി നിയമിതനാണ്. എംബിബിഎസും മെഡിക്കല്‍ നിയമവും നേടിയ സിംഗ്ല സാധാരണക്കാരായ കശ്മീരികളുമായി ബന്ധം വളര്‍ത്തിയെടുക്കുന്നതിൽ പേരുകേട്ട വ്യക്തിയാണ്.

  അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, 2021-ല്‍ സാമൂഹ്യനീതി മന്ത്രാലയം ജമ്മു കശ്മീരില്‍ നശ മുക്തി ഭാരത് അഭിയാന്‍ നടപ്പിലാക്കിയിരുന്നു. 2020-ല്‍ ഉധംപൂരില്‍ പ്രൊജക്റ്റ് സക്കൂണിനുള്ള ദേശീയ ഇ-ഗവേണന്‍സ് അവാര്‍ഡും സിംഗ്ല നേടിയിരുന്നു. ഉധംപൂരില്‍ പ്രൊജക്റ്റ് ജീവികയ്ക്ക് ദേശീയ ജല അവാര്‍ഡും നേടി. 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍, മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് സിംഗ്ല നേടിയിട്ടുണ്ട്.

  സിംഗ്ല 2016-ല്‍ മെക്‌സിക്കോ കാന്‍കൂണിലെ UNDRR-ല്‍ നടന്ന യുഎന്‍ കോണ്‍ഫറന്‍സില്‍ ഡിസ്ട്രിക്റ്റ് റിസ്‌ക് റിഡക്ഷന്‍ എന്ന വിഷയത്തില്‍ ഒരു പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.

  9. ജുനൈദ് അസിം മാട്ടു

  ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍മാരില്‍ ഒരാളാണ് ജുനൈദ് അസിം മാട്ടു. മികച്ച അക്കാദമിക് പശ്ചാത്തലമുള്ള പ്രശസ്തമായ ശ്രീനഗര്‍ കുടുംബത്തിലെ അനന്തരാവകാശിയുമാണ് ജുനൈദ് മാട്ടു. ശ്രീനഗറിലെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പൊതു റാലി, ശ്രീനഗര്‍ സമീപകാലത്ത് കണ്ട ഏറ്റവും വലിയ റാലിയാണെന്നാണ് റിപ്പോർട്ടുകൾ.

  രണ്ടാം തവണയും ശ്രീനഗര്‍ മേയറായ മാട്ടു, ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനെ സര്‍ക്കാര്‍ വകുപ്പില്‍ നിന്ന് നഗര പ്രാദേശിക സര്‍ക്കാരാക്കി മാറ്റിയ വിവിധ സുപ്രധാന നയങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. നഗരത്തിലെ നിയമങ്ങളും ചട്ടങ്ങളും ഉദാരമാക്കുന്നതിനും ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ അടിസ്ഥാന സൗകര്യ, സ്ഥാപന ശേഷികള്‍ നവീകരിക്കുന്നതിനും പൊതു സേവനങ്ങളുടെ വിതരണം വികേന്ദ്രീകരിക്കുന്നതിനും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

  അടുത്തിടെ, ഇന്ത്യയിലെ 'അര്‍ബന്‍ ഗവേണന്‍സ് ആര്‍ക്കിടെക്ചര്‍' പരിഷ്‌കരിക്കുന്നതിനുള്ള ശുപാര്‍ശകള്‍ നിര്‍ദ്ദേശിക്കാനായി കേന്ദ്ര സര്‍ക്കാര്‍, രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത മേയര്‍മാരുടെ കൂട്ടത്തിൽ മാട്ടുവിനെ ക്ഷണിച്ചിരുന്നു. രാജ്യത്തെ വിവിധ നഗര ഭരണ റാങ്കിംഗില്‍ ശ്രീനഗര്‍ മികച്ച റാങ്കിംഗിൽ എത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളില്‍ ഒന്നാണ്.

  Also Read-Russian Vodka | പണികിട്ടിയത് റഷ്യൻ വോഡ്കയ്ക്ക്; ബഹിഷ്കരിച്ച് അമേരിക്കയും കാനഡയും; ബാറുകളിൽ യുക്രെയ്ൻ മദ്യം

  10. അത്തര്‍ ആമിര്‍ ഖാന്‍

  നിലവില്‍ ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണറും ശ്രീനഗര്‍ സ്മാര്‍ട്ട് സിറ്റി ലിമിറ്റഡിന്റെ സിഇഒയുമായ 2016 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് അത്തര്‍ ആമിര്‍ ഖാന്‍. 2016 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാമനായിരുന്നു ഖാന്‍. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അദ്ദേഹത്തെ ജമ്മു കശ്മീരില്‍ ജോലി ചെയ്യാന്‍ പ്രത്യേകം തിരഞ്ഞെടുക്കുകയും അദ്ദേഹത്തിന്റെ കേഡര്‍ താല്‍ക്കാലികമായി ജമ്മുകശ്മീരിലേക്ക് മാറ്റാന്‍ അഭ്യര്‍ത്ഥിക്കുകയുമായിരുന്നു.

  Also Read-Ukraine Crisis | 'ഇന്ത്യൻ വിദ്യാർഥികളും പൗരൻമാരും അടിയന്തരമായി കീവ് വിടണം': നിർദേശവുമായി ഇന്ത്യൻ എംബസി
   യുവാക്കള്‍ക്കും സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇടയില്‍ വലിയ സോഷ്യല്‍ മീഡിയ ഫോളോവേഴ്സുള്ള ഖാന്‍, തന്റെ ജോലിയില്‍ വളരെ ശ്രദ്ധാലുവാണ്. മുമ്പ് രാജസ്ഥാനില്‍ നിയമിതനായ ഖാന്‍, വിദ്യാഭ്യാസത്തിന് ജീവിതത്തെ മാറ്റാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ്. യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (യുനെസ്‌കോ) ശ്രീനഗറിനെ യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വര്‍ക്കിന്റെ (യുസിസിഎന്‍) ഭാഗമായി തിരഞ്ഞെടുത്തിരുന്നു. സ്വച്ഛ് സര്‍വേക്ഷന്‍ 2021 അവാര്‍ഡിന് കീഴില്‍ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള 50 നഗരങ്ങളിലും ശ്രീനഗര്‍ സിറ്റി ഉള്‍പ്പെട്ടിട്ടുണ്ട്.
  Published by:Jayashankar AV
  First published: