ചെന്നൈ: സിഐഎസ്എഫ് ക്യാമ്പിലെ(CISF camp) ഷൂട്ടിങ് പരിശീലനത്തിനിടെ(shooting practice) അബദ്ധത്തില്‍ 11 വയസ്സുകാരന് വെടിയേറ്റു. തമിഴ്നാട്ടിലെ പുതുക്കോട്ട നാര്‍ത്താമലൈയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടി തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പരിശീലനം നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന കുട്ടിക്കാണ് തലയില്‍ വെടിയേറ്റത്. വ്യാഴാഴ്ച രാവിലെ വീടിന് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുട്ടിക്ക് വെടിയേറ്റത്. ഒരു വെടി ആദ്യം വീടിന്റെ ചുമരിലാണ് കൊണ്ടത്. ഇതിനുപിന്നാലെയാണ് കുട്ടിയുടെ തലയിലും വെടിയേറ്റത്.
വെടിയേറ്റ് നിലത്തുവീണുകിടന്ന 11 വയസ്സുകാരനെ ബന്ധുക്കളും നാട്ടുകാരും ആദ്യം സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനാല്‍ പിന്നീട് തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കുട്ടിക്ക് അപകടം സംഭവിച്ചതിന് പിന്നാലെ നാര്‍ത്തമലൈയിലെ ഷൂട്ടിങ് പരിശീലനത്തിനെതിരേ നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ക്യാമ്പിലെ ഷൂട്ടിങ് പരിശീലനം അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. സംഭവസ്ഥലത്ത് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.
രാത്രി പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് കുത്തേറ്റു മരിച്ച നിലയില്‍; കള്ളനെന്ന് കരുതി ആക്രമിച്ചതെന്ന് മൊഴി
തിരുവനന്തപുരം: മകളെ കാണാന്‍ വീട്ടിലെത്തിയ ആണ് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി പിതാവ്. പേട്ട സ്വദേശി അനീഷ് ജോര്‍ജ്(19) ആണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനില്‍ ഇന്നു പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം പ്രതി ലാലന് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
കള്ളനാണെന്ന് കരുതിയാണ് ആക്രമിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്കി. രാത്രിയില്‍ പെണ്‍കുട്ടിയെ കാണാനായി എത്തിയതായിരുന്നു അനീഷ് ജോര്‍ജ്. മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ലാലന് ആയുധവുമായി എത്തി ആക്രമിക്കുകയായിരുന്നു.
പയ്യന് വീട്ടില്‍ കുത്തേറ്റ് കിടക്കുന്നുണ്ടെന്നും, ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വീട്ടിലെത്തി പൊലീസിനാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പതിനൊന്നു വയസ്സുകാരനെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചു; ചോദ്യം ചെയ്ത കുടുംബാംഗങ്ങളെ വീട്ടിൽ കയറി ആക്രമിച്ചു
തിരുവനന്തപുരം: പതിനൊന്ന് വയസ്സുകാരനെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചത് ചോദ്യം ചെയ്ത കുടുംബാംഗങ്ങൾക്കെതിരെ വീട്ടിൽ കയറി ആക്രമണം.
ആക്രമണത്തിൽ വട്ടിയൂർക്കാവ് നെട്ടയം കല്ലിംഗവിള സ്വദേശിയായ അനിൽകുമാർ, ശ്യാമള, മകൻ അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ നടന്ന സംഭവമാണ് ഒടുവിൽ ആക്രമണത്തിൽ കലാശിച്ചത്. ബാലസംഘത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു അഭിജിത്തിനെ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. സൈക്കിളിൽ വരുകയായിരുന്ന അഭിജിത്തിനെ വീടിന് സമീപത്ത് വെച്ച് അയൽവാസിയായ യുവാവ് തടയുകയും തുടർന്ന് മർദിക്കുകയുമായിരുന്നു.
ഇക്കാര്യം അഭിജിത്ത് വീട്ടിലെത്തി പറഞ്ഞതിനെ തുടർന്ന് മർദിച്ചയാളും കുട്ടിയുടെ വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് രാത്രി എട്ടുമണിയോടെ അയൽവാസിയായ യുവാവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകൾ അഭിജിത്തിന്റെ വീട്ടിലെത്തി വീട്ടുകാരെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അനിൽകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. മൂക്കിനാണ് അനിൽകുമാറിന് പരിക്കേറ്റത്. അഭിജിത്തിന് മുഖത്തും ശ്യാമളയ്ക്ക് കൈക്കുമാണ് പരിക്കേറ്റത്. പ്രദേശവാസികളായ അഞ്ച് പേർക്കെതിരെ കേസെടുത്തതായി വട്ടിയൂർക്കാവ് എസ്.ഐ. ജയപ്രകാശ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.