മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ പഴയ മുംബൈ-പൂനെ ഹൈവേയിൽ ഗായക സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. പൂനെയിൽ നിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന ഗായക സംഘമാണ് ബസ്സിലുണ്ടായിരുന്നത്. അപകടത്തിൽ 12 പേർ മരിച്ചതായാണ് വിവരം. 27 പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ഖോപോലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച്ച പുലർച്ചെ 4.50 ഓടെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ അപകട സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിൽപെട്ടവരെ മുഖ്യമന്ത്രി സന്ദർശിക്കും.
Also Read- കർണാടക ആർടിസിയും കാറും കൂട്ടിയിടിച്ച് അപകടം; 2 കുട്ടികൾ അടക്കം 6 മരണം
മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നൽകുമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
41 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. 12 പേർ സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. മരിച്ചവരെല്ലാം 18 നും 25 നും ഇടയിൽ പ്രായമുള്ളവരാണ്. മുംബൈ ഗുർഗോണിലുള്ള ‘ബാജി പ്രഭു വാദക് ഗ്രൂപ്പ്’ അംഗങ്ങളായിരുന്നു ബസ്സിലെ യാത്രക്കാർ. പൂനെയിൽ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. പുലർച്ചെ 1 മണിയോടെയാണ് ബസ് പൂനെയിൽ നിന്ന് പുറപ്പെട്ടത്. മുംബൈയിൽ നിന്നും 70 കിലോമീറ്റർ അകലെയാണ് ഖോപോലി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.