• HOME
  • »
  • NEWS
  • »
  • india
  • »
  • ഭൂരിപക്ഷത്തിൽ അദ്വാനിയെ തകർത്ത് അമിത് ഷാ; പക്ഷെ ഗുജറാത്തിൽ മൂന്നാം സ്ഥാനം മാത്രം

ഭൂരിപക്ഷത്തിൽ അദ്വാനിയെ തകർത്ത് അമിത് ഷാ; പക്ഷെ ഗുജറാത്തിൽ മൂന്നാം സ്ഥാനം മാത്രം

ഗുജറാത്തിലെ ഗാന്ധിനഗറിൽ എൽ കെ അദ്വാനിയുടെ റെക്കോഡ് ഭൂരിപക്ഷത്തെ മറികടന്നാണ് ഇത്തവണ അമിത് ഷായുടെ വിജയം

  • News18
  • Last Updated :
  • Share this:
വിജയ് സിംഗ് പാർമർ

അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിൽ സാക്ഷാൽ എൽ കെ അദ്വാനിയുടെ റെക്കോഡ് ഭൂരിപക്ഷം മറികടന്ന പ്രകടനത്തോടെയാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ ഇത്തവണ വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി സി ജെ ചാവ്ദയെ 5,57,014 വോട്ടുകൾക്കാണ് അമിത് ഷാ പരാജയപ്പെടുത്തിയത്. 2014ലെ തെരഞ്ഞെടുപ്പിൽ എൽ കെ അദ്വാനി ഇവിടെ നിന്ന് ജയിച്ചത് 4,83,121 വോട്ടുകൾക്കായിരുന്നു. ഗാന്ധിനഗറിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായാണ് ഇത്തവണ അമിത് ഷാ വെന്നിക്കൊടി പാറിച്ചത്. എന്നാൽ ഗുജറാത്തിൽ തന്നെ അമിത് ഷായുടെ ഭൂരിപക്ഷത്തെ മറികടന്ന രണ്ട് ബിജെപി എംപിമാരുണ്ട്.

നവ്സാരിയിലെ ബിജെപി സ്ഥാനാർഥി സി ആർ പാട്ടിലാണ് ഇതിലൊന്നാമൻ. കോണ്‍ഗ്രസ് വിമത സ്ഥാനാർഥി ധർമേഷ് പട്ടേലിനെ 6,89,668 വോട്ടുകൾക്കാണ് പാട്ടിൽ പരാജയപ്പെടുത്തിയത്. വഡോദരയിലെ രഞ്ജന ഭട്ട് ജയിച്ചതാകട്ടെ 5,87,825 വോട്ടുകൾക്കും. 2014ൽ വഡോദരയിൽ മത്സരിച്ചപ്പോൾ നരേന്ദ്രമോദി വിജയിച്ചത് 5,70,128 വോട്ടുകൾക്കാണെന്നതാണ് കൗതുകകരം. അന്ന് ഉത്തർപ്രദേശിലെ വാരാണസി മോദി നിലനിർത്തിയതോടെ വഡോദരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രഞ്ജന ഭട്ട് വിജയിക്കുകയായിരുന്നു. ഇത്തവണ മോദിയെക്കാൾ ഉയർന്ന ഭൂരിപക്ഷം സ്വന്തമാക്കിയാണ് രഞ്ജന വിജയം ആവർത്തിച്ചത്.

1989 മുതൽ ബിജെപിയുടെ ഉരുക്കുകോട്ടയാണ് ഗാന്ധിനഗർ മണ്ഡലം. ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി ആറുതവണ ഇവിടെ നിന്ന് മത്സരിച്ച് ജയിച്ചു. 2009ലെ തെരഞ്ഞെടുപ്പിൽ അദ്വാനി 1,21,747 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2004ൽ അദ്വാനിയുടെ ഭൂരിപക്ഷം 1,17,138 ആയിരുന്നു. 1999ൽ 1,88,944 ഉം 1998ൽ 2,76,701 ഉം വോട്ടുകൾക്കുമായിരുന്നു അദ്വാനി ജയിച്ചുകയറിയത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പെയും ഗാന്ധിനഗറിൽ നിന്ന് മത്സരിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്. 1996ലെ പൊതുതെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് മത്സരിച്ച വാജ്പെയ് 1,88,872 വോട്ടുകൾക്കാണ് വിജയിച്ചത്. മുൻ ഉപപ്രധാനമന്ത്രിയായിരുന്ന അദ്വാനി 1991ൽ ആദ്യമായി ഗാന്ധിനഗറിൽ നിന്ന് മത്സരിച്ചപ്പോൾ 1,25,679 വോട്ടുകൾക്കായിരുന്നു വിജയിച്ചത്.

അമിത് ഷായുടെ ലോക്സഭയിലേക്കുള്ള കന്നിമത്സരമായിരുന്നു ഇത്തവണ. 2017 ജൂലൈയിൽ രാജ്യസഭാ എംപിയായശേഷം 21 മാസങ്ങൾക്ക് ശേഷമാണ് അമിത് ഷാ ലോക്സഭയിലേക്ക് മത്സരിച്ചത്. 'ഞങ്ങളുടെ ബിജെപി അധ്യക്ഷൻ ഏഴ് ലക്ഷം വോട്ടിന് ജയിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷെ വോട്ടിങ് ശതമാനം മൂന്നുശതമാനം കുറഞ്ഞതോടെ ഭൂരിപക്ഷം പ്രതീക്ഷിച്ചത്രയും എത്തിയില്ല' - ബിജെപി നേതാവ് പറഞ്ഞു.‌ 2014ൽ മഹാരാഷ്ട്രയിലെ ബീഡ് ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച പ്രീതം മുണ്ടെ ഏഴ് ലക്ഷത്തോളം വോട്ടുനേടി ജയിച്ചിരുന്നു. ഇതാണ് രാജ്യത്ത് തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം. പിതാവ് ഗോപിനാഥ് മുണ്ടെ കാറപകടത്തിൽ മരണപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ 6,92,245 വോട്ടുകൾക്കാണ് പ്രീതം മുണ്ടെ വിജയിച്ചത്.

Published by:Rajesh V
First published: