• HOME
 • »
 • NEWS
 • »
 • india
 • »
 • Karnataka | കോളേജുകളിൽ ഓരോ മണിക്കൂറിലും 15 മിനുട്ട് ആഭ്യന്തര മൂല്യനിർണയം; പുതിയ തീരുമാനവുമായി കർണാടക

Karnataka | കോളേജുകളിൽ ഓരോ മണിക്കൂറിലും 15 മിനുട്ട് ആഭ്യന്തര മൂല്യനിർണയം; പുതിയ തീരുമാനവുമായി കർണാടക

റഗുലര്‍ ക്ലാസിലെ ഓരോ മണിക്കൂറില്‍ നിന്നും 45 മിനിറ്റ് അധ്യാപനത്തിനും 15 മിനിറ്റ് ഇന്റേണല്‍ മൂല്യനിര്‍ണ്ണയത്തിനുമായി വിഭജിക്കും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ (Higher Education) ഗുണനിലവാരം ഉയര്‍ത്താന്‍ നടപടികളുമായി കര്‍ണാടക (Karnataka) ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ ഭാഗമായി കോളേജുകളില്‍ റഗുലര്‍ ക്ലാസിന്റെ ഓരോ മണിക്കൂറിലും 15 മിനിറ്റ് ആഭ്യന്തര മൂല്യനിര്‍ണ്ണയത്തിനായി നീക്കിവയ്ക്കാന്‍ തീരുമാനിച്ചു. ''ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. റഗുലര്‍ ക്ലാസിലെ ഓരോ മണിക്കൂറില്‍ നിന്നും 45 മിനിറ്റ് അധ്യാപനത്തിനും 15 മിനിറ്റ് ഇന്റേണല്‍ മൂല്യനിര്‍ണ്ണയത്തിനുമായി വിഭജിക്കും'', കര്‍ണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. സി.എന്‍. അശ്വത് നാരായണ വ്യാഴാഴ്ച അറിയിച്ചു.

  വിജയനഗര ശ്രീകൃഷ്ണദേവരായ സര്‍വകലാശാലയും ബെല്ലാരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റും ഭാരതീയ ശിക്ഷണ മണ്ഡലയുമായി (ബല്ലാരി നോര്‍ത്ത് ഡിവിഷന്‍) ചേര്‍ന്ന് തയ്യാറാക്കിയ 'ദേശീയ വിദ്യാഭ്യാസ നയം 2020' ന്റെ (National Education Policy 2020) അനുബന്ധ പരിപാടികളുടെ ഉദ്ഘാടന വേളയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനമെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ''എഞ്ചിനീയറിംഗില്‍, ഇന്റേണല്‍ മൂല്യനിര്‍ണ്ണയത്തിനുള്ള മാര്‍ക്ക് ഓരോ വിഷയത്തിലും 50 ആയി വര്‍ദ്ധിപ്പിച്ചു, മറ്റ് ബിരുദ കോഴ്‌സുകള്‍ക്കും ഇത് അവതരിപ്പിക്കും'' എന്നും മന്ത്രി പറഞ്ഞു. എല്ലാ വര്‍ഷവും 2000 അധ്യാപകര്‍ക്ക് ഓഫ്ലൈന്‍ പരിശീലനവും 10,000 അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

  ''ധാര്‍വാഡിലെ ഹയര്‍ എജ്യുക്കേഷന്‍ അക്കാദമിയില്‍ നിന്ന് എല്ലാ വര്‍ഷവും 2,000 അധ്യാപകരെ നേരിട്ട് പരിശീലിപ്പിക്കും. ഇന്‍ഫോസിസ് മൈസൂരു കാമ്പസില്‍ ഓരോ ബാച്ചിലും 200 അധ്യാപകര്‍ക്ക് സ്ഥിരമായി പരിശീലനം നല്‍കും. ഇതിനുപുറമെ, ഗുല്‍ബര്‍ഗയിലെയും മൈസൂരുവിലെയും സര്‍വ്വകലാശാലകളും അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. 10,000 ഉന്നതവിദ്യാഭ്യാസ അദ്ധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ മോഡ് വഴി പരിശീലനം നല്‍കുന്നതിന് പുറമെയാണിത്,'' എന്നും അദ്ദേഹം വിശദീകരിച്ചു.

  Also Read-Karnataka Bypolls | കര്‍ണാടക ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രി ബൊമ്മയ്ക്ക് തിരിച്ചടി; കോണ്‍ഗ്രസിന് ഊർജം പകരുന്ന ജയം

  കഴിഞ്ഞ ദിവസം കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ദേശീയ വിദ്യാഭ്യാസ നയം ജനങ്ങള്‍ സ്വീകരിച്ചാല്‍ ഇന്ത്യ, നോളജ് സൂപ്പര്‍ പവര്‍ ആയി മാറുമെന്നാണ്. രാജ്യത്തിന്റെ നിലവിലെ ഏറ്റവും വലിയ ശക്തി ജനബലമാണ്. അതിനെ നേട്ടമാക്കി മാറ്റാന്‍ വിദ്യാഭ്യാസമല്ലാതെ മറ്റൊരു മാര്‍ഗമില്ല. എല്ലാ ആളുകള്‍ക്കും വിദ്യാഭ്യാസം നല്‍കുന്നത് സാമൂഹിക സമത്വത്തിന് കാരണമാകുമെന്നും ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാല്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  മുമ്പുള്ള വിദ്യാഭ്യാസരീതിയും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ കാലത്തെ വിദ്യാഭ്യാസവും സംയോജിപ്പിച്ചുള്ള പഠനമായിരിക്കും കൂടുതല്‍ മികച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്തത് ഡിജിറ്റല്‍ വിദ്യാഭ്യാസം വഴി നല്‍കാനും സാധിക്കും. കോവിഡ് കാലത്ത് വിദ്യാഭ്യാസത്തില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ധിച്ചതിനാല്‍ കുട്ടികളുടെ പഠനം തടസ്സവുമില്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  സാങ്കേതികവിദ്യയെ വിദ്യാഭ്യാസവുമായി സംയോജിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ കോവിഡിന്റെ തുടക്ക കാലം മുതല്‍ പദ്ധതികള്‍ തയാറാക്കിയിരുന്നു. 2020 ല്‍ സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കാന്‍ ഒരു ടാക്‌സ് ഫോഴ്‌സ് രൂപീകരിച്ചു. അടുത്ത പത്തുവര്‍ഷത്തേക്ക് ഇത് എങ്ങനെ നടപ്പിലാക്കാം എന്നതിനെ സംബന്ധിച്ചുള്ള ഒരു പദ്ധതിരേഖയും തയാറാക്കിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.
  Published by:Naseeba TC
  First published: