• HOME
  • »
  • NEWS
  • »
  • india
  • »
  • നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയ 15 പേര്‍ കര്‍ണാടകയില്‍ അറസ്റ്റില്‍

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയ 15 പേര്‍ കര്‍ണാടകയില്‍ അറസ്റ്റില്‍

വിവാഹശേഷം ക്രിസ്തുമതത്തിലേക്ക് മാറാന്‍ ഭാര്യ തന്നെ നിര്‍ബന്ധിക്കുകയാണെന്ന പരാതിയുമായി ഭര്‍ത്താവാണ് പൊലീസിനെ സമീപിച്ചത്

  • Share this:
കര്‍ണ്ണാടകയിലെ ഹുബ്ബള്ളിയില്‍ (hubballi) നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതിന് 15 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. ബുധനാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പരാതിയുമായി എത്തിയ ദമ്പതികളുടെ കേസ് പരിഗണിക്കവെയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി (forced religious conversion) ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തറിഞ്ഞത്. ഇരുമതത്തില്‍പ്പെട്ടവരായിരുന്നു ദമ്പതികള്‍. വിവാഹശേഷം ക്രിസ്തുമതത്തിലേക്ക് മാറാന്‍ ഭാര്യ തന്നെ നിര്‍ബന്ധിക്കുകയാണെന്ന പരാതിയുമായി ഭര്‍ത്താവാണ് പൊലീസിനെ സമീപിച്ചത്.

മതം മാറിയില്ലെങ്കില്‍ കൂടെ ജീവിക്കില്ലെന്ന് ഭാര്യ പറഞ്ഞതായും അദ്ദേഹം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് യാതൊരു നിവൃത്തിയുമില്ലാതെ വന്നതോടെ അദ്ദേഹം തന്റെ സമുദായിക നേതാക്കളുമായി ചര്‍ച്ച നടത്തുകയും മതപരിവര്‍ത്തനത്തിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നുവെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഹിന്ദു മതത്തിലെ ഷിക്കലിഗാര (shikkaligara) സമുദായത്തില്‍പ്പെട്ടയാളാണ് പരാതിയുമായി രംഗത്തെത്തിയത്. ക്രിസ്തുമതത്തിലേക്ക് തങ്ങളെ പരിവര്‍ത്തനം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് ഈ സമുദായത്തിലെ മറ്റ് ചിലരും അഭിപ്രായപ്പെട്ടു.

പ്രദേശത്തെ ഒരു ഗുണ്ടയായ ഷീതര്‍ മദന്‍ ബുഗുഡിയുടെ സഹായത്തോടെ ചില മിഷണറിമാര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും മതം മാറിയില്ലെങ്കില്‍ ജീവന് ഭീഷണിയാണെന്നും പറഞ്ഞുവെന്ന് ഷിക്കലിഗാര വിഭാഗത്തിൽപെട്ടവർ പറയുന്നു. തുടര്‍ന്നാണ് മദന്‍ ബുഗുഡി ഉള്‍പ്പടെയുള്ള 14 പേര്‍ക്കെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പൊലീസ് കേസെടുത്തത്.

നിര്‍ബന്ധിത മതം മാറ്റം നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും നിര്‍ദേശിക്കുന്ന സര്‍ക്കാര്‍ (Anti conversion bill) ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയ സംസ്ഥാനമാണ് കര്‍ണ്ണാടക. ക്രിസ്ത്യന്‍ വിഭാഗത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതിര്‍പ്പ് (Protest) മറികടന്നാണ് ബില്‍ നിയമസഭയില്‍ (Assembly) എത്തിയത്. തുടര്‍ന്ന് ബില്ലിന് മന്ത്രിസഭ അനുമതി നല്‍കുകയും ചെയ്തു.

നേരത്തെ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമം പാസാക്കിയിരുന്നു. അതിന് പിന്നാലെയാണ് സമാന നിലപാടുമായി കര്‍ണാടക സര്‍ക്കാറും രംഗത്തെത്തിയത്. ഉത്തര്‍പ്രദേശ് മാതൃകയിലാണ് കര്‍ണാടകയിലെയും നിയമം.

മതം മാറുന്നവര്‍ക്ക് ആദ്യമുണ്ടായിരുന്ന വിഭാഗത്തിന്റെ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ല. പണം, സൗജന്യ വിഭ്യാഭ്യാസം, മികച്ച ജീവിത നിലവാരം, ഭക്ഷ്യവസ്തുക്കള്‍ എന്നിവ വാഗ്ദാനം ചെയ്തുള്ള മതം മാറ്റവും ശിക്ഷാപരിധിയില്‍ വരും. തെറ്റിദ്ധരിപ്പിച്ചോ ബലം പ്രയോഗിച്ചോ വഞ്ചനയിലൂടെയോ സമ്മര്‍ദ്ദം ചെലുത്തുന്നതും ഈ ബില്‍ പ്രകാരം ശിക്ഷാര്‍ഹമാണ്.

വിവാഹത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയുള്ള മതം മാറ്റത്തിനും പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കുമെന്നും ബില്ലില്‍ പറയുന്നു. നിര്‍ബന്ധിത മതം മാറ്റം ആണെന്ന് കണ്ടെത്തിയാല്‍ വിവാഹം അസാധുവാക്കും. മതം മാറാന്‍ ഉദ്ദേശിക്കുന്നവര്‍ രണ്ട് മാസം മുന്‍പെങ്കിലും വിവരം കളക്ടറെ രേഖാമൂലം അറിയിക്കണം. മതം മാറി 30 ദിവസത്തിനകം ആ വിവരവും അറിയിക്കണം. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ചാകും നിയമസാധുത. സ്വാധീനത്തിലൂടെയുള്ള മതംമാറ്റം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെയും നടപടിയുണ്ടാകും.
Published by:Anuraj GR
First published: