ഹിമാനി ചന്ദ്ന
ന്യൂഡൽഹി: രാജ്യത്ത് വ്യാജമോ ഗുണനിലവാരം കുറഞ്ഞതോ ആയ മരുന്നുകൾ നിർമ്മിച്ചതിന് 70 ലധികം മരുന്ന് നിർമ്മാതാക്കൾക്കെതിരെ കേന്ദ്ര സർക്കാർ ശക്തമായ നടപടി എടുത്തതായി ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ ന്യൂസ് 18 ഡോട്ട് കോമിനോട് പറഞ്ഞു. ഉസ്‌ബെക്കിസ്ഥാൻ, ഗാംബിയ, അമേരിക്ക എന്നിവിടങ്ങളിൽ ഉൾപ്പടെ ഇന്ത്യൻ മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് പരാതി ഉയർന്നതോടെയാണ് നടപടി. കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ, ഗുണനിലവാരമില്ലാത്ത മരുന്നുകൾ കയറ്റുമതി ചെയ്യുന്നെന്ന ആരോപണം ഇന്ത്യ നേരിടുന്നുണ്ടായിരുന്നു
നിലവാരമില്ലാത്ത (എൻഎസ്‌ക്യു) മരുന്ന് രാജ്യത്ത് നിർമിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പരിശോധന ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) നടത്തിയിരുന്നു. മരുന്ന് കമ്പനികളിൽ നടത്തിയ റെയ്ഡിനൊടുവിൽ 20 സംസ്ഥാനങഅങളിലെ 203 ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നിലവാരമില്ലാത്ത മരുന്ന് നിർമിക്കുന്നതായി കണ്ടെത്തിയിരുന്നു. ആന്ധ്രപ്രദേശ്, ബീഹാർ, ഡൽഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കമ്പനികളായിരുന്നു ഈ പട്ടികയിൽ ഉണ്ടായിരുന്നത്.
“ആദ്യ ഘട്ടത്തിൽ, 76 കമ്പനികൾക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചു, അതിൽ 18 സ്ഥാപനങ്ങളുടെ മരുന്ന് നിർമ്മാണ ലൈസൻസ് റദ്ദാക്കുകയും അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തു,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
മൂന്ന് കമ്പനികളുടെ ഉൽപ്പന്ന ലൈസൻസുകളും റദ്ദാക്കിയിട്ടുണ്ട്, മറ്റ് 26 കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. “ഇത് ആദ്യ ഘട്ടമായിരുന്നു, നിലവാരമുള്ള നിർമാണ രീതികൾ പിന്തുടരാത്ത മരുന്ന് നിർമ്മാതാക്കളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പരിശോധന തുടരും.”
ഈ മാസം, ഉത്തർപ്രദേശ് ആസ്ഥാനമായുള്ള മരിയോൺ ബയോടെക്കിൽ നിന്നുള്ള മരുന്ന് സാമ്പിളുകളിൽ മായം കണ്ടെത്തിയതായി സ്ഥിരീകരിച്ച് സിഡിഎസ്‌സിഒ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മുന്നറിയിപ്പ് നൽകി.
ഉസ്ബെക്കിസ്ഥാനിലെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട ഫാർമസ്യൂട്ടിക്കൽ സ്ഥാപനമാണിത്. കഴിഞ്ഞ വർഷം ഡിസംബറിൽ ഉസ്ബെക്കിസ്ഥാന്റെ ആരോഗ്യ മന്ത്രാലയം ഇന്ത്യയുടെ ആരോഗ്യ മന്ത്രാലയവുമായി ചുമയുടെ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിന്‍റെ വിശദാംശങ്ങൾ പങ്കുവെച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Children death, Cogh syrup