NDA പ്രവേശന പരീക്ഷ; ആദ്യ വനിതാ ബാച്ചിൽ ഒന്നാമതായി ഹരിയാന സ്വദേശിനി
NDA പ്രവേശന പരീക്ഷ; ആദ്യ വനിതാ ബാച്ചിൽ ഒന്നാമതായി ഹരിയാന സ്വദേശിനി
'40 ദിവസമാണ് താന്‍ പരീക്ഷയ്ക്കായി തയ്യാറെടുത്തത്. ഓരോ ദിവസവും അഞ്ച് മണിക്കൂര്‍ വീതം പഠിക്കുമായിരുന്നു. മുന്‍ വര്‍ഷങ്ങളിലെ ചോദ്യ പേപ്പറുകള്‍ സോള്‍വ് ചെയ്യുകയായിരുന്നു പ്രധാന പഠന രീതി.' - ഷാനന് പറയുന്നു
നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ (NDA) പ്രവേശന പരീക്ഷയില്‍ വനിതാ വിദ്യാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനത്തെത്തി ഹരിയാന സ്വദേശിനി. ഈ വര്‍ഷം ആദ്യമായി വനിതാ കേഡറ്റുകള്‍ക്ക് (women cadets) പ്രവേശനം നല്കുന്ന പരീക്ഷയില്‍ പത്താം സ്ഥാനത്താണ് ഷാനന് ധാക്ക എന്ന പത്തൊന്‍പതുകാരി.
''സുബേദാറായിരുന്ന തന്റെ മുത്തച്ഛന് ചന്ദന്ഭന് ധാക്കയും ആര്‍മി സര്‍വീസസില്‍ നിന്ന് നായിബ് സുബേദാറായി വിരമിച്ച പിതാവ് വിജയ് കുമാര്‍ ധാക്കയുമാണ് എനിക്ക് സായുധ സേനയില്‍ ചേരാന്‍ പ്രചോദനമായത്,'' ഷാനന് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. '' കന്റോണ്‍മെന്റ് പ്രദേശങ്ങളില്‍ വളര്‍ന്ന ഞാന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ബഹുമാനം എന്തെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മാത്രമല്ല, ആര്‍മി ഉദ്യോഗസ്ഥരില്‍ എല്ലാവര്‍ക്കുമുള്ള വിശ്വാസമാണ് സേനയില്‍ ചേരാന്‍ എന്നെ പ്രേരിപ്പിച്ചത്. അഭിമാനത്തോടെയും ബഹുമാനത്തോടെയും രാജ്യത്തെ സേവിക്കാനുള്ള ഒരു അവസരമാണിത്,'' ഷാനന് പറഞ്ഞു.
റൂര്‍ക്കി, ജയ്പൂര്‍, ചണ്ഡിമന്ദിര്‍ (പഞ്ച്കുല) എന്നിവിടങ്ങളിലെ ആര്‍മി പബ്ലിക് സ്കൂളുകളിലാണ് ഷാനന് പഠിച്ചത്. എന്‍ഡിഎയിലെ അവസരത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജില്‍ ബിരുദ കോഴ്സിന് ചേര്‍ന്നിരുന്നുവെന്നും കോഴ്സിന് അപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്നും ഷാനൻ വ്യക്തമാക്കി.
ജൂണ്‍ 14നാണ് എന്‍ഡിഎ പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. കോഴ്സില്‍ ആകെ 19 വനിതാ കേഡറ്റുകളാണ് (19 women cadets) ഉണ്ടാകുക. ആര്‍മിക്ക് 10, എയര്‍ഫോഴ്സിന് 6, നേവിക്ക് 3 എന്നിങ്ങനെയാണ് സീറ്റുകള്‍. മൂന്ന് വര്‍ഷമാണ് പരിശീലനം. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം പ്രവേശന പരീക്ഷയ്ക്ക് 5,75,856 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇതില്‍ 1,77,654 പേർ വനിതകളായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 14 നായിരുന്നു പരീക്ഷ. സെപ്റ്റംബറില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നല്കിയ നിര്‍ദേശത്തിനു പിന്നാലെയാണ് വനിതകള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയത്.
''40 ദിവസമാണ് താന്‍ പരീക്ഷയ്ക്കായി തയ്യാറെടുത്തത്. ഓരോ ദിവസവും അഞ്ച് മണിക്കൂര്‍ വീതം പഠിക്കുമായിരുന്നു. മുന്‍ വര്‍ഷങ്ങളിലെ ചോദ്യ പേപ്പറുകള്‍ സോള്‍വ് ചെയ്യുകയായിരുന്നു പ്രധാന പഠന രീതി,'' ഷാനന് പറയുന്നു. സെലക്ഷന് ലഭിക്കുന്നത് വളരെ പ്രയാസമേറിയ കാര്യമായിരുന്നു. ഒലീവ് ഗ്രീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കേണല്‍ അശോകന് തനിക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അഭിമുഖത്തിന് മുമ്പ് എപിഎസ് ചന്ദിമന്ദിറിന്റെ പ്രിന്‍സിപ്പല്‍ സുമന് സിങും തനിക്ക് ചില ടിപ്പുകള്‍ നല്കി. സത്യസന്ധത പുലര്‍ത്തണമെന്നാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്നും ഷാനന് പറയുന്നു.
ഷാനന്റെ മൂത്ത സഹോദരി മിലിട്ടറി നഴ്സിംഗ് സര്‍വീസിലും ഇളയ സഹോദരന് അഞ്ചാം ക്ലാസിലുമാണ് പഠിക്കുന്നത്. രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ജീവിതമാണ് തന്റെ ജീവിതത്തിലെ മറ്റൊരു പ്രചോദനമെന്നും ഷാനന് പറയുന്നു.
''ഞങ്ങളുടെ കുടുംബത്തിന് ഇത് അഭിമാന നിമിഷമാണ്. അവള് ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും അഭിമാനമാണ്. ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് രാജ്യത്തെ ആദ്യമായി സേവിക്കാനിറങ്ങിയത് അവളുടെ മുത്തച്ഛനാണ്. അദ്ദേഹത്തിന് ഇത് തികച്ചും അഭിമാനനേട്ടം ആയിരിക്കും,'' ഷാനന്റെ പിതാവ് വിജയ് പറഞ്ഞു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.