ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് പാലമായ പുതിയ പാമ്പൻ പാലത്തിന്റെ 84 ശതമാനം ജോലികളും പൂർത്തിയായതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. 2.07 കിലോമീറ്റർ നീളമുള്ളതാണ് ഈ പാലം. രാമേശ്വരം, ധനുഷ്കോടി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് പുതിയ പാലം ഏറെ ഉപകാരപ്രദമാകുമെന്നും ടൂറിസം മെച്ചപ്പെടുത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ട്രാക്ക് സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്നും വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഗർഡറിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്നും റെയിൽവേ മന്ത്രാലയം ചിത്രങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ട് അറിയിച്ചു.
എന്താണ് വെർട്ടിക്കൾ ലിഫ്റ്റ് ബ്രിഡ്ജ്? പുതിയ പാമ്പൻ പാലത്തിന്റെ സവിശേഷതകൾ എന്തൊക്കെയാണ്? അതേക്കുറിച്ച് വിശദമായി അറിയാം.
Also Read-ന്യൂനമർദം ‘മാൻഡസ്’ ചുഴലിക്കാറ്റായി; തമിഴ്നാട്ടിലും ആന്ധ്രയിലും ജാഗ്രതാ നിർദേശം
എന്താണ് വെർട്ടിക്കൾ ലിഫ്റ്റ് ബ്രിഡ്ജ്?
മധ്യഭാഗം പൂര്‍ണമായി കുത്തനെ ഉയര്‍ത്താന്‍ കഴിയുന്ന സംവിധാനമുള്ളതാണ് വെർട്ടിക്കൾ ലിഫ്റ്റ് ബ്രിഡ്ജുകൾ. നാവിഗേഷന്‍ സ്പാന്‍ ലംബമായി മുകളിലേക്ക് ഉയര്‍ത്തിയാണ് കപ്പലുകളുടെയും സ്റ്റീമറുകളുടെയും സഞ്ചാരം സാധ്യമാക്കുക. അമേരിക്കയിലെ ഹത്തോൺ പാലം, ഓസ്ട്രേലിയയിലെ റൈഡ് ബ്രിഡ്ജ്, ഫ്രാൻസിലെ പോണ്ട് ജാക്വസ് ചബൻ-ഡെൽമാസ് എന്നിവയെല്ലാം വെർട്ടിക്കൾ ലിഫ്റ്റ് ബ്രിഡ്ജുകൾക്ക് ചില ഉദാഹരണങ്ങളാണ്.
പുതിയ പാമ്പൻ പാലത്തിന്റെ സവിശേഷതകൾ
280 കോടി രൂപ ചെലവഴിച്ചാണ് പുതിയ പാലം ഒരുങ്ങുന്നത്. പുതിയ പാമ്പൻ പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ കപ്പലുകളുടെ സഞ്ചാരം സുഗമമാകുമെന്നാണ് പ്രതീക്ഷ. 1914-ൽ തുറന്ന ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലമായ പാമ്പൻ പാലത്തിന് പകരമായിരിക്കും നവീകരിച്ച പുതിയ പാലം തുറക്കുക. തമിഴ്നാടിനെ പാമ്പൻ അല്ലെങ്കിൽ രാമേശ്വരം ദ്വീപുമായി ബന്ധിപ്പിക്കുന്ന പാലം രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപ്പാലങ്ങളിലൊന്നാണ്. ശ്രീലങ്കയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനായി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് 6,700 അടി ഉയരമുള്ള ഈ പാലം.
India’s 1st Vertical lift Railway Sea Bridge#NewPambanBridge
🔹84% work completed & track laying work is in progress
🔹Fabrication of Vertical Lift Span girder is nearing completion.
🔹Assembling platform for vertical lift span on Rameswaram end of the bridge is getting ready. pic.twitter.com/0Ze5C7PwBA— Ministry of Railways (@RailMinIndia) December 1, 2022
റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ) നിർമിക്കുന്ന പുതിയ പാലം പഴയ റെയിൽവേ പാലത്തിന് സമാന്തരമായാണ് നിർമിക്കുന്നത്. കപ്പലുകൾക്ക് കടന്നുപോകാൻ പുതിയ പാലത്തിൽ മധ്യഭാഗം ഉയർത്തുമെന്ന് റെയിൽവേ നേരത്തെ അറിയിച്ചിരുന്നു.
2020 ഫെബ്രുവരിയിലാണ് പാലത്തിന്റെ പണി ആരംഭിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 12.5 മീറ്റർ ഉയരമുള്ള പുതിയ പാലത്തിന് പഴയതിനേക്കാൾ 3 മീറ്റർ ഉയരം കൂടുതൽ ഉണ്ടായിരിക്കും. ആകെ 6,776 അടി നീളമുള്ള പാലത്തിനടിയിലൂടെ രണ്ട് കപ്പലുകൾക്ക് ഒരേസമയം കടന്നുപോകാൻ സാധിക്കും.
72 മീറ്റർ നീളമുള്ള വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ, കപ്പലുകൾക്ക് കടന്നു പോകാൻ സാധിക്കുന്ന വിധം ഉയർത്താം. സ്കെർസർ റോളിംഗ് ലിഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് മാനുവലായി പ്രവർത്തിപ്പിച്ചാണ് കപ്പലുകൾ കടന്നുപോകാനായി ഇത് ഉയർത്തുന്നത്.
Magnificent Blue Sky complementing Great Pamban Bridge!
Exhilarating views of the Rameswaram-Madurai passenger train passing through the old bridge, the piers of under-construction new Pamban Bridge(Tamil Nadu) are also visible. pic.twitter.com/etIR5P5ZBp
— Ministry of Railways (@RailMinIndia) February 16, 2022
രണ്ട് ട്രാക്കുകളുള്ള ഈ അത്യാധുനിക പാലത്തിലൂടെ ട്രെയിനുകൾക്ക് അതിവേഗം ഓടാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. ”പാലത്തിന്റെ ഉദ്ഘാടനത്തിനായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കാരണം ഇത് പഴയ പാലത്തിലുണ്ടായിരുന്ന പല പ്രശ്നങ്ങളും പരിഹരിക്കും. 100 വർഷത്തോളം പഴക്കമുള്ളതാണ് പഴയ പാമ്പൻ പാലം”, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ബിജി മല്യ ബിസിനസ് ലൈനിനോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.