• HOME
  • »
  • NEWS
  • »
  • india
  • »
  • ഗജ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ 20 മരണം

ഗജ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ 20 മരണം

  • Last Updated :
  • Share this:
    ചെന്നൈ: തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ച 'ഗജ' ചുഴലിക്കാറ്റില്‍ മരണം 20 ആയി. മൂന്നു വയസ്സുകാരന്‍ ഉള്‍പ്പെടെയുള്ള 20 പേര്‍ക്കാണ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 120 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. നാഗപട്ടണത്തിനും വേദാരണ്യത്തിനും ഇടയിലൂടെ ആഞ്ഞടിച്ച കാറ്റിനെത്തുടര്‍ന്ന് 81, 948 പേരെ ഒഴിപ്പിച്ചിട്ടുമുണ്ട്. തമിഴ്‌നാട് ദുരന്ത നിവാരണ സേനയാണ് ഒഴിപ്പിക്കപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. ആറ് ജില്ലകളിലായി 471 ദുരിതാശ്വാസ ക്യാമ്പുകളുടെ തുറന്നിട്ടുണ്ട്.

    ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളിലെ വൈദ്യുതി വിതരണവും താറുമാറായിരിക്കുകയാണ്. 15,000 ത്തോളം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ 11 പേര്‍ മരിച്ചതായി സ്ഥിരീകരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപവീതം സഹായം പ്രഖ്യാപിച്ചിരുന്നു.

    ഗജ: തമിഴ്‌നാട്ടില്‍ 6 മരണം; 81,000 പേരെ ഒഴിപ്പിച്ചു

    തഞ്ചാവൂര്‍ ജില്ലയിലെ പുതുക്കോട്ടയിലെ ശിവകൊല്ലി ഗ്രാമത്തില്‍ മണ്‍വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. കാറ്റില്‍ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്ക് നാശനഷ്ടവും നിരവധി മരങ്ങള്‍ കടപുഴകുകയും ചെയ്തിട്ടുണ്ട്. കാറ്റിനോടൊപ്പം കനത്ത മഴയും അനുഭവപ്പെടുന്നുണ്ട്. ചുഴലിക്കാറ്റ് വീശിയതിനു പിന്നാലെ തീരദേശനഗരങ്ങളായ തമിഴ്‌നാട്ടിലെ കൂഡല്ലൂര്‍, നാഗപട്ടണം, തോണ്ടി, പാമ്പന്‍ പുതുച്ചേരിയിലെ കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ 3 മുതല്‍ 8 സെന്റീമീറ്റര്‍ വരെ മഴ പെയ്തു.



    വേളാങ്കണ്ണി പള്ളിക്കും നാശം സംഭവിച്ചിട്ടുണ്ട്. മധ്യകേരളത്തിലും വൈകിട്ടോടെ അതിശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു.

    അഞ്ചുദിവസം മുമ്പ് ബംഗാള്‍ ഉള്‍ക്കടലില്‍, ചെന്നൈയില്‍ നിന്ന് 925 കിലോ മീറ്ററോളം അകലെയാണ് 'ഗജ' ചുഴലിക്കാറ്റ് രൂപം കൊണ്ടത്. തമിഴ്നാട്ടിലെ കടലൂരിനും ആന്ധ്രയിലെ ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ വീശുമെന്നായിരുന്നു ആദ്യ പ്രവചനം. എന്നാല്‍ കാറ്റിന്റെ ഗതിമാറി നാഗപട്ടണം, കടലൂര്‍ തീരത്തേക്ക് നീങ്ങുകയായിരുന്നു.

    കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത : 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    ചുഴലിക്കാറ്റ് വേളയില്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായുള്ള ആനിമേറ്റഡ് വീഡിയോ ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്. സര്‍ക്കാര്‍ വിവിധ ഹൈല്‍പ്പ് ലൈന്‍ നമ്പറുകളും ആരംഭിച്ചിട്ടുണ്ട്. 1070 (സംസ്ഥാനതല), 1077 (ജില്ലകള്‍) എന്നിങ്ങനെയാണ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍. നാഗപട്ടണത്ത് ദേശീയ ദുരന്തനിവാരണ സേനയുടെ നാല് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. കൂഡലൂര്‍ ജില്ലയില്‍ സംസ്ഥാന ദുരന്തനിവാരണ സേനയുടെ രണ്ട് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

    First published: