• HOME
 • »
 • NEWS
 • »
 • india
 • »
 • Man Missing | യുവാവിനെ കാണാതായിട്ട് 3 വർഷം; ഒടുവിൽ കണ്ടെത്തിയത് കോവിൻ പോർട്ടലിന്റെ സഹായത്തോടെ

Man Missing | യുവാവിനെ കാണാതായിട്ട് 3 വർഷം; ഒടുവിൽ കണ്ടെത്തിയത് കോവിൻ പോർട്ടലിന്റെ സഹായത്തോടെ

2018 ല്‍ കാണാതായ 23 വയസ്സുകാരനായ സൂററ്റ് സ്വദേശിയെ ആണ് അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് ബംഗളുരുവില്‍ നിന്ന് കണ്ടെത്താനായത്.

cowin_app

cowin_app

 • Last Updated :
 • Share this:
  ഇന്ത്യയിലെ ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിനേഷൻ (Covid Vaccination) നൽകാനായി ആരംഭിച്ച സര്‍ക്കാരിന്റെ പോര്‍ട്ടലാണ് കോവിന്‍ (CoWin). എന്നാല്‍ കാണാതായ ഒരു വ്യക്തിയെ (Man Missing) കണ്ടെത്താനും കോവിന്‍ പോര്‍ട്ടല്‍ തുണച്ചിരിക്കുകയാണ്. ഒരു അപൂര്‍വ്വമായ കൂടിച്ചേരലിനാണ് കോവിന്‍ പോര്‍ട്ടല്‍ ഇപ്പോള്‍ കാരണമായിരിക്കുന്നത്. 2018 ല്‍ കാണാതായ 23 വയസ്സുകാരനായ സൂററ്റ് സ്വദേശിയെ ആണ് അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് ബംഗളുരുവില്‍ (Bengaluru) നിന്ന് കണ്ടെത്താനായത്. ഈ ചെറുപ്പക്കാരൻ എവിടെ നിന്നാണ് വാക്‌സിന്‍ സ്വീകരിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് വീട്ടുകാര്‍ക്ക് ഇയാളെ ഇദ്ദേഹത്തെ കണ്ടെത്താനായത് എന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

  മൂന്ന് വര്‍ഷം മുന്‍പായിരുന്നു വസന്ത് പട്ടേലിന്റേയും അനിതാ പട്ടേലിന്റേയും മകനായ 20 വയസ്സുകാരൻ ലതേഷ് പട്ടേലിനെ കാണാതായത്. നാസിക്കിലുള്ള ഒരു സ്വകാര്യ എഞ്ചിനിയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു ലതേഷ് പട്ടേല്‍. ഇയാള്‍ അവസാനമായി വീട്ടിലെത്തിയത്, തന്റെ ആദ്യ വര്‍ഷ പരീക്ഷകള്‍ കഴിഞ്ഞ സമയത്താണ്. അത് 2018 ജൂണിലായിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, തന്റെ പരീക്ഷാ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍, താന്‍ പരീക്ഷയില്‍ പരാജയപ്പെട്ടതായി ലതേഷ് പട്ടേല്‍ അറിയാനിടയായി. ഈ സംഭവത്തോട് കൂടി വീട്ടുകാര്‍ തനിക്ക് കഠിനമായ ശിക്ഷ നൽകും എന്ന് ഭയന്ന ലതേഷ് പട്ടേല്‍ വീട്ടില്‍ നിന്നും ഓടി പോവുകയായിരുന്നു എന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

  സൂററ്റിലെ പന്ദേശറയിലുള്ള ഒരു കെമിക്കല്‍ ഫാക്ടറിയില്‍ സൂപ്പര്‍വൈസറായി ജോലി നോക്കുകയായാണ് ലതേഷിന്റെ അച്ഛന്‍ വസന്ത്. ഓണ്‍ലൈനില്‍ പരീക്ഷാ ഫലങ്ങള്‍ പരിശോധിച്ച് താന്‍ പരീക്ഷയില്‍ തോറ്റു എന്ന് മനസ്സിലാക്കിയ ലതേഷ് താന്‍ മഹാരാഷ്ട്രയിലെ, വസന്തിന്റെ അനിയനായ ആശിഷ് പട്ടേലിന്റെ അടുത്തേക്ക് പോകുന്നു എന്ന് പറഞ്ഞതായി അച്ഛൻ വസന്ത് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അടുത്ത ദിവസം, വസന്ത് തന്റെ അനിയനായ ആശിഷിനെ വിളിച്ച് ലതേഷ് അവിടെ എത്തിയോ എന്ന് അന്വേഷിച്ചപ്പോഴാണ്, അവന്‍ അവിടെ എത്തിയിട്ടില്ല എന്ന് അറിയുന്നത്. തുടര്‍ന്ന് ലതേഷിന് ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് വസന്ത്, ലതേഷിനെ കാണാതായ വിവരം അറിയിച്ച് സൂററ്റിലെ പുനാഗം പോലീസ് സ്‌റ്റേഷനില്‍ പരാതി സമർപ്പിക്കുകയായിരുന്നു.

  “അവനെ ഞങ്ങള്‍ എല്ലായിടത്തും അന്വേഷിച്ചു. അവന്റെ എഞ്ചിനിയറിങ്ങ് കോളേജിലെ സുഹൃത്തുക്കളോടും, അവന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ കൂടിയും ഒക്കെ അവനെ കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ അവനെ കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല,” വസന്ത് പറയുന്നു.

  അടുത്തിടെയാണ് വസന്തിന്റെ കുടുംബ സുഹൃത്തും ഫോട്ടോഗ്രാഫറുമായ സുശീല്‍ ഭൂഷണ്‍, ലതേഷിനെ കണ്ടെത്താൻ സഹായകമായേക്കാവുന്ന ഒരു പുതിയ സാധ്യത നിർദ്ദേശിച്ചത്. ലതേഷ് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുണ്ട് എങ്കില്‍, കോവിന്‍ പോര്‍ട്ടല്‍ വഴി അവനെ കണ്ടെത്താന്‍ കഴിഞ്ഞേക്കുമെന്ന ആശയം സുശീലിന്റെയായിരുന്നു. തുടര്‍ന്ന്, സുശീലും വസന്തും ലതേഷിന്റെ ആധാറിന്റെ പകര്‍പ്പുമായി ഡിന്‍ഡോലിയിലുള്ള വാക്‌സിന്‍ കേന്ദ്രത്തിലെത്തി.

  വാക്‌സിന്‍ കേന്ദ്രത്തിലെ ജീവനക്കാരുടെ സഹായത്തോട് കൂടി, ലതേഷ് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി ഇവര്‍ക്ക് കണ്ടെത്താന്‍ സാധിച്ചു. ബംഗളുരുവിലെ നന്മംഗലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്നാണ് ലതേഷ് വാക്‌സിന്‍ സ്വീകരിച്ചതെന്നും ഇവർ മനസിലാക്കി.

  “ഞങ്ങള്‍ക്ക് അവിടുത്തെ പ്രാദേശിക സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെ ഫോണ്‍ നമ്പര്‍ ലഭിച്ചു, അതില്‍ വിളിച്ച് അവിടുത്തെ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ഞങ്ങളുടെ മകനെ കാണാതായ സംഭവം അവരെ അറിയിച്ചപ്പോള്‍, അവർ അവന്റെ ഇപ്പോഴത്തെ മൊബൈല്‍ നമ്പര്‍ നല്‍കി." എന്ന് വസന്ത് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അതേസമയം താനോ, ഭാര്യയായ അനിതയോ അവനെ പുതിയ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ അവന്‍ നമ്പര്‍ മാറിയാലോ എന്ന ഭയത്തിലായിരുന്നു തങ്ങളെന്നും വസന്ത് കൂട്ടിച്ചേര്‍ത്തു. അതിനാല്‍, ലതേഷിനെ ഫോണില്‍ ബന്ധപ്പെടാതെ ഇരുവരും ബംഗളുരുവിലേക്ക് തിരിച്ചു. തിങ്കളാഴ്ച രാവിലെ നന്മംഗലം വാക്‌സിന്‍ കേന്ദ്രത്തില്‍ അവര്‍ എത്തി. അപ്പോള്‍ ഒക്ടോബര്‍ 21ന് ലതേഷ് തന്റെ രണ്ടാമത്തെ കോവിഡ് വാക്‌സിനും എടുത്തതായി അവര്‍ക്ക് അറിയാന്‍ സാധിച്ചു.

  "ഞങ്ങളുടെ അപേക്ഷയെ തുടര്‍ന്ന്, വാക്‌സിന്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ലതേഷിനെ ഫോണില്‍ ബന്ധപ്പെട്ടു. ലതേഷിന്റെ ആധാര്‍ കാര്‍ഡിലും പേരിലുമുള്ള ചില സംശയങ്ങള്‍ തീര്‍ക്കുന്നതിനായി വാക്‌സിന്‍ കേന്ദ്രം സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ രണ്ടാമത്തെ ഡോസ് വാക്‌സിനും എടുത്തു കഴിഞ്ഞതിനാലും വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചതിനാലും, ഉദ്യോഗസ്ഥരുടെ ആവശ്യം ലതേഷ് നിരാകരിച്ചു," എന്ന് വസന്ത് പറഞ്ഞു.

  തുടര്‍ന്ന്, വസന്തും അനിതയും വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്നും ഇറങ്ങി. ലതേഷിന്റെ മൊബൈലില്‍ വിളിച്ച് നോക്കാന്‍ അവര്‍ തീരുമാനിച്ചു. “സൂററ്റില്‍ നിന്ന് ബംഗളുരു വരെ ഞങ്ങളെത്തിയത് അവസാനമായിട്ടെങ്കിലും അവനെ ഒന്നു കാണാനാണെന്ന് ഞങ്ങൾ അവനോട് പറഞ്ഞു. ഒപ്പം അവനെ തിരികെ കൊണ്ടു പോകാന്‍ ശ്രമിക്കില്ലെന്നും ഉറപ്പ് നല്‍കി. . . അപ്പോഴേക്കും ഞാന്‍ കരഞ്ഞു പോയി, എനിക്കൊപ്പം അവനും ഫോണില്‍ കരയുകയായിരുന്നു. അതിന് ശേഷം, അവന്‍ ഞങ്ങളെ കാണാമെന്ന് സമ്മതിച്ചു. അവന്റെ ഓഫീസിലെ മേല്‍വിലാസവും നല്‍കി.” അനിത ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

  ലതേഷ് ജോലി ചെയ്യുന്ന സ്വകാര്യ കമ്പനിയില്‍ ഉടന്‍ തന്നെ വസന്തും അനിതയും എത്തിച്ചേര്‍ന്നു. അവിടെ മാര്‍ക്കറ്റിങ്ങ് വിഭാഗത്തിലായിരുന്നു ലതേഷ് ജോലി നോക്കിയിരുന്നത്. അങ്ങനെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, അവര്‍ തങ്ങളുടെ മകനെ കണ്ടു. വികാരനിര്‍ഭരമായ ഒത്തുചേരലിന് ശേഷം ലതേഷ് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അച്ഛനമ്മമാരെ പരിചയപ്പെടുത്തി കൊടുത്തു. തുടർന്ന്അവരെ ഭക്ഷണം കഴിക്കാന്‍ കൊണ്ടു പോയി.

  'ഞങ്ങള്‍ ലതേഷിനോട് നാല് ദിവസത്തെ അവധി എടുക്കാന്‍ അപേക്ഷിച്ചു, ഇപ്പോള്‍ ഞങ്ങള്‍ തിരികെ സൂററ്റിലേക്ക് പോവുകയാണ് ഞങ്ങള്‍ക്കൊപ്പം സൂററ്റില്‍ തുടരണമോ അല്ല, തിരികെ ബംഗളുരുവിലേക്ക് പോരണമോ എന്ന് തീരുമാനിക്കേണ്ടത് അവനാണ്. പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ വിഷമിക്കാന്‍ ഒന്നുമില്ലെന്ന് ഞങ്ങള്‍ അവനോട് പറഞ്ഞു. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു മകന്‍ കൂടി എനിക്കുണ്ട്, ധനഞ്ജയ്.' വസന്ത് പറയുന്നു.

  പുനാഗം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ വിയു ഗദാരിയ, ലതേഷിനെ കണ്ടെത്തിയ വിവരം അറിഞ്ഞിരുന്നു. "ലതേഷ് പട്ടേലിനെ ബംഗളുരുവില്‍ നിന്ന് കണ്ടെത്തിയതായി അറിഞ്ഞു. ലതേഷിനെ കാണാതായപ്പോള്‍ പോലീസുകാര്‍ വലിയ രീതിയില്‍ തിരച്ചില്‍ നടത്തിയിരുന്നു എങ്കിലും കണ്ടെത്താനായില്ല. അയാള്‍ സൂററ്റില്‍ എത്തുമ്പോള്‍ അയാളുടെ സ്‌റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തുന്നതാണ്", അദ്ദേഹം പ്രതികരിച്ചു.
  Published by:Sarath Mohanan
  First published: